നിർമ്മാണത്തിലെ അപാകത; വെള്ളരിക്കുണ്ട് പാത്തിക്കരയിലെ ജലനിധി കുടിവെള്ള പദ്ധതി നോക്കുകുത്തിയാകുന്നു
വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമപഞ്ചായത്തിലെ പാത്തിക്കര കുടിവെള്ള പദ്ധതിക്ക് വേണ്ടി 32 ലക്ഷം രൂപ എസ്റ്റിമേറ്റ് പ്രകാരം ജലനിധി നിർമ്മിച്ച ജലസംഭരണിയും പമ്പ് ഹൗസുമാണ് അഞ്ച് വർഷം കഴിഞ്ഞിട്ടും ഗുണഭോക്താക്കൾക്ക് പ്രയോജനപ്പെടാതെ നോക്കുകുത്തിയാവുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ആഘോഷമായി നടത്തി ആദ്യത്തെ കുറച്ച് നാളുകൾ ജലവിതരണം നടന്നുവെങ്കിലും പിന്നീട് വേനലായപ്പോൾ പമ്പ് ചെയ്യാനാകാതെ മുടങ്ങുകയായിരുന്നു. പാത്തിക്കര, മയ്യക്കുടി എന്നീ പട്ടിക വർഗ കോളനികൾ ഉൾപ്പടെ 94 ഓളം കുടുംബങ്ങളിൽ നിന്നുള്ള ഗുണഭോക്താക്കളാണ് പദ്ധതി വിഹിതം അടച്ച് കുടിവെള്ളത്തിനായി കാത്തിരുന്നത്. എന്നാൽ പദ്ധതിയുടെ തുടക്കത്തിൽ തന്നെ പാളിച്ചകൾ സംഭവിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. 7 മീറ്റർ ആഴത്തിൽ കിണർ കുഴിക്കേണ്ടതിന് പകരം പദ്ധതി പ്രകാരമുള്ള അളവുകൾ പാലിക്കാതെ മോട്ടർ സ്ഥാപിച്ചതാണ് വേനൽക്കാലത്ത് വെള്ളം പമ്പ് ചെയ്യാൻ കഴിയാതെ വരികയും പിന്നീട് ജലവിതരണം പൂർണ്ണമായും തടസ്സപ്പെടാനുമുള്ള കാരണമെന്ന് ഗുണഭോക്താക്കളായ ഹരീന്ദ്രൻ പറയുന്നു.
പ്രശ്ന പരിഹാരത്തിനായി പഞ്ചായത്തുമായി ബന്ധപ്പെട്ടപ്പോൾ അതിൻ്റെ ഉത്തരവാദിത്തം ജലനിധിയുടെ അധികൃതർക്കാണ് എന്ന് പറഞ്ഞ് കയ്യൊഴിയുകയാണുണ്ടായതെന്ന് ഗുണഭോക്താക്കൾ പറയുന്നു.
ജലവിതരണത്തിനായി സ്ഥാപിച്ച പൈപ്പുകളും പമ്പ് ഹൗസും കാലപ്പഴക്കത്താൽ നശിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്.
രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഈ പ്രദേശത്ത് നിശ്ചിത ആഴത്തിൽ കിണർ കുഴിച്ച് എത്രയും പെട്ടെന്ന് ജലവിതരണ സംവിധാനം പുനസ്ഥാപിക്കണമെന്നാണ് ജോയി അടക്കമുള്ള ഗുണഭോക്താക്കളുടെ ആവശ്യം.
No comments