Breaking News

തുല്യതാ കോഴ്‌സിൻ്റെ പഠന സമയം വെട്ടിക്കുറച്ചതിനെതിരെ അധ്യാപകർ പ്രക്ഷോഭത്തിലേക്ക്


 

 



കേരള സാക്ഷരതാ മിഷൻ തുല്യതാ തുടർവിദ്യാഭ്യാസ കോഴ്സിൻ്റെ സമയം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് അധ്യാപകർ സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങുന്നു.ഹയർ സെക്കണ്ടറി,പത്താംതരം തുല്യതാ കോഴ്സിൻ്റെ സമയമാണ് വെട്ടിക്കുറച്ചത്.


ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒരു വിഷയത്തിന് വർഷത്തിൽ 30 മണിക്കൂർ ആണ് അനുവദിച്ചിട്ടുള്ളത്.ഈ പരിമിതമായ സമയം മതിയാകാതെ പലരും 40 മണിക്കൂറിലധികം എടുത്താണ് പഠിതാക്കളെ പരീക്ഷയ്ക്കായി സജ്ജമാക്കുന്നത്. ഒരു മണിക്കൂറിന് 300 രൂപ നിരക്കിൽ 30 മണിക്കൂറിന് 9000 രൂപയാണ് ഒരു വർഷം ഒരധ്യാപകന് വേതനമായി ആകെ ലഭിക്കുന്നത്. ഇതാണ് ഇപ്പോൾ 21 മണിക്കൂറായി വെട്ടിച്ചുരുക്കിയിരിക്കുന്നത്.ഇതോടെ അധ്യാപകരുടെ വേതനം വർഷത്തിൽ 6300 രൂപ മാത്രമാകും. പത്താംതരം അധ്യാപകരുടെ വാർഷിക വേതനം പരമാവധി 5250 രൂപയായിരുന്നത് പകുതിയോളമായി ഇപ്പോൾ കുറച്ചിരിക്കുന്നു. 2500 രൂപ മാത്രം വേതനം ലഭിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.


2020-21 വർഷത്തെ പഠനപ്രവർത്തനങ്ങൾ ഓൺ ലൈൻ വഴിയും നേരിട്ടുമായി അവസാനഘട്ടത്തിൽ എത്തി നിൽക്കേയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ സാക്ഷരതാ മിഷൻ പഠന സമയം വെട്ടിക്കുറച്ചിരിക്കുന്നത്.

ഈ കൊറോണക്കാലത്ത് മറ്റെല്ലാ വിഭാഗങ്ങളെയും പല തരത്തിലുള്ള ആനുകൂല്യങ്ങളും ശമ്പള വർദ്ധനവുമെല്ലാം നടത്തി സർക്കാർ സംരക്ഷിച്ചെങ്കിലും തുടർവിദ്യാഭ്യാസ പ്രവർത്തകരായ അധ്യാപകർക്ക് ഒരു പരിഗണനയും നൽകിയിരുന്നില്ല. അങ്ങനെയിരിക്കെയാണ് സാക്ഷരതാ മിഷൻ പഠന സമയം വെട്ടിക്കുറച്ചു കൊണ്ട് ഇവർക്ക് ഇരുട്ടടി നൽകിയിരിക്കുന്നത്. സമയം പൂർവ്വസ്ഥിതിയിലാക്കി ഇപ്പോൾ ലഭിക്കുന്ന തുച്ഛമായ വേതനമെങ്കിലും നിലനിർത്തണമെന്ന ആവശ്യമാണ് അധ്യാപകർ മുന്നോട്ടുവയ്ക്കുന്നത്.


പ്രക്ഷോഭത്തിൻ്റെ ഭാഗമായി ക്ലാസ്സ് ബഹിഷ്ക്കരിക്കണ സമരം ആരംഭിച്ചിരിക്കയാണ് അധ്യാപകർ.ഇതോടെ പലയിടത്തും പഠനം മുടങ്ങി. പരീക്ഷ മെയ് ആദ്യവാരത്തിൽ തുടങ്ങാനിരിക്കെ കൃത്യമായി ക്ലാസ്സുകൾ ലഭിക്കാതെ പഠിതാക്കളും ബുദ്ധിമുട്ടിലായി. മന്ത്രിമാർക്കും അധികാരികൾക്കും നിവേദനങ്ങൾ നൽകുന്നുമുണ്ട്. ജില്ലകൾ തോറും വാട്സ്ആപ് ഗ്രൂപ്പുകൾ രൂപീകരിച്ച് തുടർ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ് ഇവർ.

No comments