ഏപ്രില്‍ മാസം എല്ലാ ദിവസവും വാക്‌സിന്‍ ലഭിക്കും; അവധി ദിവസങ്ങളിലും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം
ന്യൂഡല്‍ഹി: ഏപ്രില്‍ മാസത്തില്‍ എല്ലാ ദിവസവും വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പൊതു, സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നിലവില്‍ അവധി ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നില്ലായിരുന്നു. രാജ്യത്ത് വാക്‌സനേഷന്‍ പദ്ധതി മൂന്നാം ഘട്ടം ആരംഭിക്കുന്നതിനോട് അനുബന്ധിച്ചാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം എത്തിയിരിക്കുന്നത്. മൂന്നാം ഘട്ട വാക്‌സിനേഷന്‍ ആരംഭിക്കുമ്പോള്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാകുക.
ഈ മാസം എല്ലാം ദിവസങ്ങളിലും കോവിഡ്-19 വാക്‌സിനേഷന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസത്തിലെ ഗസറ്റഡ് അവധി ദിവസങ്ങളും ഇതില്‍ ഉള്‍പ്പെടുന്നതാണ്. മാര്‍ച്ച് 31ന് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായി നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനം സ്വീകരിച്ചത്.
പൊതു,സ്വകാര്യ കോവിഡ് 19 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ജനുവരി 16നായിരുന്നു രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്ത് കോവിഷീല്‍ഡ് കോവാക്‌സിന്‍ എന്നീ രണ്ടു വാക്‌സിനുകള്‍ക്കായിരുന്നു ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിരിക്കുന്നത്.
രാജ്യത്ത് ആദ്യഘട്ട വാകസിനേഷനില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കും ആണ് വാക്‌സിനേഷന്‍ നല്‍കിയത്. ആദ്യ ഘട്ട വാക്‌സിനേഷന്‍ ചെലവ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. മാര്‍ച്ച് ഒന്നിനാണ് രണ്ടാം ഘട്ട വാക്‌സിനേഷന്‍ പദ്ധതി ആരംഭിച്ചത്. 60 വയസ്സിനു മുകളിലുള്ളവര്‍ക്കായിരുന്നു ഈ ഘട്ടത്തില്‍ വാക്‌സിന്‍ ലഭിച്ചത്. തിരക്കും പൊതുസുരക്ഷയും ഒഴിവാക്കാനാണ് ഘട്ടംഘട്ടമായി വാക്‌സിനേഷന്‍ നല്‍കുന്നതെന്ന് കഴിഞ്ഞമാസം സുപ്രീകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം കേരളത്തില്‍ 45 ദിവസം കൊണ്ട് മൂന്നാം ഘട്ട വാക്‌സിന്‍ ഡ്രൈവ് പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. വാക്‌സിന്‍ നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികളിലും വാക്‌സിന്‍ ലഭ്യമാകും. കൂടുതല്‍ വാക്‌സിന്‍ സംസ്ഥാനത്ത് എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
No comments