വെള്ളരിക്കുണ്ട്-ഭീമനടി റോഡ് പണി; കാത്തിരിപ്പ് നീളുന്നു തകർന്നു വീഴാറായ പാലങ്ങൾക്ക് പൊളിച്ച് പുതിയത് നിർമ്മിക്കണമെന്ന ആവശ്യവും ശക്തം
വെള്ളരിക്കുണ്ട്: ഒടയഞ്ചാൽ ചെറുപുഴ മേജർ റോഡിൽ വെള്ളരിക്കുണ്ട് മുതൽ ഭീമനടി വരെയുള്ള പ്രദേശത്തെ റോഡ് നിർമ്മാണം അനിശ്ചിതത്വത്തിൽ ആയിട്ട് മാസങ്ങൾ പിന്നിടുന്നു. റോഡിലെ പഴയ ടാറിംഗ് മൊത്തം മാന്തിയ നിലയിൽ കാൽനട യാത്ര പോലും ദുസഹമായ അവസ്ഥയിൽ യാത്രക്കാരും നാട്ടുകാരും വലിയ പ്രതിഷേധത്തിലാണ്. പല സ്ഥലങ്ങളിലും റോഡിൽ കുഴി രൂപപ്പെട്ട ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് കഴിഞ്ഞു, ഇത് വലിയ ദുരിതമാണ് യാത്രക്കാർക്ക് സമ്മാനിക്കുന്നത്. വെള്ളരിക്കുണ്ടിനും ഭീമനടിക്കമിടയിൽ മൂന്നോളം ചെറു പാലങ്ങൾ ഉണ്ട്. വെള്ളരിക്കുണ്ട് തെക്കേ ബസാർ, കൂരാംകുണ്ട് ടൗണിന് തൊട്ട് മുമ്പും ഉള്ള മൂന്നോളം പഴയ പാലങ്ങൾ കാലപ്പഴക്കത്താൽ തകർച്ചയുടെ വക്കിലാണ്. അറുപത് വർഷത്തിലധികം പഴക്കമുള്ള ഈ പാലങ്ങളുടെ അടിഭാഗം മുഴുവൻ കമ്പി പുറത്ത് വന്ന് തുരുമ്പിച്ച നിലയിലാണ്. ഈ തകർന്നു വീഴാറായ പാലങ്ങൾ അറ്റകുറ്റപണി നടത്തിയിട്ടോ വീതി കൂട്ടിയിട്ടോ കാര്യമില്ല അവ പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ യാത്രക്കാർക്ക് ഭീഷണിയായി റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന ആവശ്യവും ഉയരുന്നു. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ശാസ്ത്രീയമായ രീതിയിൽ റോഡ് പ്രവർത്തി ആരംഭിച്ചില്ലെങ്കിൽ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് വെള്ളരിക്കുണ്ട് വികസന സമിതിയും, വെള്ളരിക്കുണ്ട് വ്യാപാരി വ്യാവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികളും അറിയിച്ചു.
No comments