ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ മെഡിക്കൽ ഓഫീസറെ അടയന്തിരമായി നിയമിക്കണം: ബി ഡി കെ
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ അടിയന്തിരമായി മെഡിക്കൽ ഓഫീസറെ നിയമിക്കണമെന്ന് ബ്ലഡ് ഡോണേർസ് കേരള ജില്ലാ കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടു. ജില്ലയിൽ നിലവിലെ സ്ഥിതി വളരെ രൂക്ഷമാണ്. കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാവുകയാണ്. ടാറ്റ കോവിഡ് ആശുപത്രിയിൽ കോവിഡ് രോഗികൾക്കാവശ്യമായ പ്ലാസ്മ ചികിത്സ ഇപ്പോൾ കൂടുതലാണ്. ജില്ലയിലെ പല ഭാഗത്തും ഡെങ്കിപ്പനി പിടിപെടുന്ന സാഹചര്യത്തിൽ രക്തത്തിൻ്റെ പ്ലേറ്റ് ലെറ്റ് ആവശ്യവും കൂടി വരികയാണ്. മറ്റ് സാധാരണ ഓപ്പറേഷനുകളും ചികിത്സയും വർധിച്ചു വരുന്ന സാഹചര്യത്തിൽ രക്തത്തിൻ്റെ ആവശ്യവും വളരെയധികം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. നിലവിൽ രക്ത ഘടകങ്ങൾ വേർതിരിക്കുന്നതിന് സൗകര്യമുള്ള ഏക രക്ത ബാങ്ക് ജില്ലാ ആശുപത്രിയിൽ മാത്രമാണുള്ളത്.
ആവശ്യത്തിന് രക്തദാതാക്കളെ എത്തിക്കാൻ ബ്ലഡ് ഡോണേർസ് കേരള അടക്കമുള്ള സംഘടനകൾ നിരന്തരമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
എന്നാൽ ജില്ലാ ആശുപത്രി രക്തബാങ്കിൽ മെഡിക്കൽ ഓഫീസർ ഇല്ലാത്തത് സന്നദ്ധ രക്തദാനത്തിന് എത്തുന്നവരെ ഏറെ വലയ്ക്കുകയാണ്. രക്തദാതാവ് മെഡിക്കൽ ചെക്കപ്പിനായി തിരക്കുപിടിച്ച ജില്ലാ ആശുപത്രി ഒ പി യിൽ ചെല്ലേണ്ട സാഹചര്യം അവരെ ദുരിതത്തിലാക്കുകയാണ്. തിരക്കുപിടിച്ച ഒ പി യിൽ പരിശോധനയ്ക്ക് പോകാൻ മടിച്ച് ചില ദാതാക്കൾ രക്തദാനത്തിന് മടിച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട് ജില്ലാ രക്ത ബാങ്കിൽ അടിയന്തിരമായി മെഡിക്കൽ ഓഫീസറെ നിയമിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ നിവേദനത്തിൽ ബ്ലഡ് ഡോണേർസ് കേരളയുടെ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് നൗഷാദ് കണ്ണമ്പള്ളി ആവശ്യപ്പെട്ടു.
No comments