Breaking News

ഇരട്ടവോട്ടിന് ശ്രമിച്ചാല്‍ ഒരു വര്‍ഷം വരെ തടവ്; നടപടി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

 


തിരുവനന്തപുരം: ഇരട്ടവോട്ട് തടയാന്‍ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരട്ടവോട്ട് തടയുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനായുള്ള മാര്‍ഗ്ഗരേഖയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ഒന്നിലേറെ വോട്ടിന് ശ്രമിച്ചാല്‍ ക്രിമിനല്‍നടപടി സ്വീകരിക്കാനും കേസ് എടുക്കാനുമാണ് നിര്‍ദേശം. ഒരു വര്‍ഷം വരെ തടവു ലഭിക്കാവുന്ന വകുപ്പ് ചേര്‍ത്ത് കേസെടുക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിര്‍ദേശം.

ഇരട്ടവോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കി പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് നല്‍കും. പട്ടകയിലുള്ളവര്‍ വോട്ടു ചെയ്യാനെത്തിയാല്‍ വിരലടയാളം പതിപ്പിക്കുകയും സാക്ഷ്യപത്രം വാങ്ങുകയും വേണം. വോട്ടു ചെയ്തവരുടെ കൈവിരലിലെ മഷി ഉണങ്ങിയതിന് ശേഷം മാത്രം ബൂത്തിന് പുറത്തേക്ക് പോകുവാന്‍ അനുവദിക്കുക. ഇത് സംബന്ധിച്ച നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ക്കും വരണാധികാരികള്‍ക്കും കൈമാറിയിട്ടുണ്ട്.


ഇരട്ടവോട്ടുള്ളവരുടെ വിരലടയാളവും ഫോട്ടോയും എടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇരട്ടവോട്ടുകളുടെ പട്ടിക തയ്യറാക്കി പ്രിസൈഡിങ് ഓഫീസര്‍ക്ക് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു. നാല് ലക്ഷത്തി മുപ്പത്തിനാലായിരം ഇരട്ടവോട്ടുകളുണ്ടെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് ഓപ്പറേഷന്‍ ട്വിന്‍സ് എന്ന വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ 38,586 ഇരട്ടവോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇരട്ടവോട്ടിനെതിരെ നടപടിയെടുക്കാന്‍ കോടതി നിര്‍ദേശം എത്തിയത്.

No comments