Breaking News

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും; പരീക്ഷാ കേന്ദ്രത്തില്‍ രക്ഷിതാക്കള്‍ കൂട്ടംകൂടരുത്



തിരുവനന്തപുരം | നാളത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും. ഇന്നത്തെ കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതാണ് ഇക്കാര്യം. കുട്ടികളെ പരീക്ഷയെഴുതാന്‍ കൊണ്ടുവരുന്ന രക്ഷിതാക്കള്‍ പരീക്ഷാ കേന്ദ്രത്തില്‍ കൂട്ടം കൂടി നില്‍ക്കരുത്. പരീക്ഷ കഴിയുമ്പോള്‍ തിരിച്ചെത്തി കുട്ടികളെ കൂട്ടി മടങ്ങണം. പരീക്ഷാ കേന്ദ്രങ്ങളില്‍ കുട്ടികളും രക്ഷാകര്‍ത്താക്കളും തിരക്കുണ്ടാക്കരുത്. സാമൂഹിക അകലം കര്‍ശനമായി പാലിക്കണം.

പരീക്ഷയുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ക്ക് ആവശ്യമായ ഇടപെടല്‍ നടത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വായു മാര്‍ഗവും കൊവിഡ് പകരാന്‍ സാധ്യത വര്‍ധിച്ചിരിക്കുകയാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നതായും മുഖ്യമന്ത്രി സൂചിപ്പിച്ചു.
തുമ്മുമ്പോഴും ചുമക്കുമ്പോഴും മറ്റും പുറത്തേക്ക് വരുന്ന മൈക്രോ ഡ്രോപ്‌ലെറ്റ്‌സ് വായുവില്‍ തങ്ങി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എത്തിച്ചേരാനിടയുണ്ട്. മാസ്‌കുകള്‍ ധരിച്ചു മാത്രമേ ഇതിനെ പ്രതിരോധിക്കാനാകൂ. അടഞ്ഞ മുറിയിലും എ സി ഹാളിലും ഇരിക്കുന്നത് വലിയ രീതിയില്‍ രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാല്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.


No comments