അവധിക്കാലത്തും മുടങ്ങാതെയെത്തി സ്ക്കൂൾ മുറ്റത്ത് കർമ്മനിരതനാവുന്ന ജീവനക്കാരൻ സമൂഹത്തിന് മാതൃകയാവുന്നു
ആലക്കോട്: സ്കൂള്‍ അടച്ച മാര്‍ച്ച് പത്തു മുതല്‍ ഒരു ദിവസം പോലും ലീവെടുക്കാതെ അവധി ദിവസങ്ങളിലടക്കം സ്കൂളിലെത്തി സമൂഹത്തിന് മാതൃകയാകുകയാണ് വായാട്ടുപറമ്പ സെന്റ് ജോസഫ് യുപി സ്കൂളിലെ പ്യൂണ്‍ വായാട്ടുപറമ്പ സ്വദേശി തുമ്പതുരുത്തേല് ടി.ജെ. തോമസ്. എന്തു വിശേഷദിവസമായാലും ആഘോഷത്തില്‍ പങ്കുചേരാതെ തോമസ് സ്കൂളിലെത്തും.
സ്കൂളില്‍ വരുന്നത് വെറുതെയാണെന്ന് ധരിച്ചുവെങ്കില്‍ തെറ്റി. സ്കൂള്‍ കോപൗണ്ടിലെ മനോഹരമായ പൂന്തോട്ടം മുഴുവന്‍ ആദ്യം നനയ്ക്കും. പിന്നീട് കളകള്‍ പറിച്ചു വൃത്തിയാകും ശേഷം സ്കൂള്‍ മുറ്റത്തുതന്നെ അത്യാവശ്യം വേണ്ട പച്ചക്കറികള്‍ നട്ടുപിടിപ്പിക്കും. അതിന്റെ പരിപാലനവും മറ്റു കാര്യങ്ങളുമായി സ്കൂളില്‍ത്തന്നെയാണ് തോമസിന്റെ ജീവിതത്തിന്റെ ഏറിയ പങ്കും. ഉച്ചയ്ക്കു വീട്ടിലെത്തി ഊണിനുശേഷം വീണ്ടും സ്കൂളിലേക്ക്. വൈകുന്നേരം വരെ വീണ്ടും തന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകും. വൈകുന്നേരം വീണ്ടും ചെടികള്‍ക്കും പച്ചക്കറികള്‍ക്കും വെള്ളം നനച്ച് തന്റെ ജോലിയില്‍ വേറിട്ട മാതൃക സൃഷ്ടിക്കുകയാണ് തോമസ്.
സ്കൂളിന് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിര്‍മിച്ച പൂന്തോട്ടത്തിന്റെ പരിപാലനം പൂര്‍ണമായും തോമസിന്റെ നേതൃത്വത്തിലാണ്. സ്കൂള്‍ മുറ്റത്ത് മനോഹര പൂന്തോട്ടം നിര്‍മിച്ചതില്‍ തോമസിന്റെ പങ്ക് വളരെ വലുതാണെന്ന് അധ്യാപകരും രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു.
തോമസ് കൃഷിചെയ്ത പച്ചക്കറികളാണ് കോവിഡ് കാലത്ത് സ്കൂളില്‍ നടന്ന പല പരിപാടികള്‍ക്കും ഉച്ചഭക്ഷണത്തിനുള്ള കറിക്കുപയോഗിച്ചത്. 1986ല്‍ വായാട്ടുപറമ്ബ് സെന്റ് ജോസഫ് ഹൈസ്കൂളിലാണ് ഇദ്ദേഹം സര്‍വീസ് ആരംഭിച്ചത്. സര്‍വീസില്‍നിന്ന് വിരമിക്കാന്‍ തോമസിന് ഇനി രണ്ടുവര്‍ഷം കൂടിയുണ്ട്. ഇതിനിടയില്‍ സ്കൂളിനെ ഒരു മാതൃകാ ജൈവകൃഷി ഇടമായി ഉയര്‍ത്തണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. സ്കൂളിലെത്തുന്ന രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഏതാവശ്യത്തിനും സമീപിക്കാവുന്ന വ്യക്തിത്വത്തിന് ഉടമയാണ് തോമസ്. കോവിഡ് കാലത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്കിയ കിറ്റ് വിതരണം, അരി വിതരണം തുടങ്ങി എല്ലാ കാര്യങ്ങളിലും സ്കൂളില്‍ മുന്‍പന്തിയില്‍നിന്ന് നയിക്കുന്നതും ഇദ്ദേഹം തന്നെയാണ്.
No comments