മൊബിക്വിക്ക് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നു; ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക്
രാജ്യത്ത് ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ സ്വീകാര്യത വര്‍ധിച്ചുവരികയാണ്. ഇതിനിടെ ഇവയുടെ സുരക്ഷിതത്വത്തെപ്പറ്റി ചോദ്യങ്ങള്‍ പലപ്പോഴും ഉയരാറുണ്ടെങ്കിലും അത്രത്തോളം പ്രശ്‌നങ്ങളുണ്ടാകാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വിവിധ കമ്പനികള്‍ ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ക്കായി ആപ്ലിക്കേഷനുകളും രംഗത്തിറക്കിയിട്ടുണ്ട്.
ഇപ്പോഴിത മൊബൈല്‍ അധിഷ്ടിത പെയ്‌മെന്റ് സിസ്റ്റവും ഡിജിറ്റല്‍ വാലറ്റുമായ മൊബിക്വിക്കിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കമ്പനി ഇക്കാര്യങ്ങള്‍ നിഷേധിച്ചു.
സ്വതന്ത്ര സെക്യൂരിറ്റി റിസര്‍ച്ചര്‍മാരാണ് ഡേറ്റാ ചോര്‍ച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഉപയോക്താക്കളെ സംബന്ധിച്ച 8.2 ടിബി ഡേറ്റ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്കുണ്ടെന്നാണ് വിവരം. ഉപയോക്താക്കളുടെ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി അടക്കമുള്ള വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.
അതേസമയം, ഡേറ്റാ ചോര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മൊബിക്വിക്ക് തള്ളിക്കളഞ്ഞു. ഉപയോക്താക്കളുടെ വിവരങ്ങള്‍ കമ്പനിയില്‍ സുരക്ഷിതമാണെന്നും വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും കമ്പനി അറിയിച്ചു. പ്ലാറ്റ്‌ഫോമിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സുരക്ഷ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും കമ്പനിയുടെ വക്താവ് അറിയിച്ചു.
സൈബര്‍ സെക്യൂരിറ്റി റിസര്‍ച്ചര്‍ രാജശേഖര്‍ രാജഹാരിയയാണ് ഡേറ്റാ ചോര്‍ച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടത്. ഉപയോക്താക്കളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും, പേര്, ഇ-മെയില്‍ അഡ്രസ് എന്നിവയെല്ലാം ചോര്‍ന്നിട്ടുണ്ട്. ഉപയോക്താക്കളുടെ കെവൈസി വിവരങ്ങളും, പാന്‍, ആധാര്‍ കാര്‍ഡ് വിവരങ്ങളും ഡാര്‍ക്ക് വെബ്ബില്‍ ഹാക്കര്‍ ഗ്രൂപ്പ് വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്.
അതേസമയം, ഡേറ്റാ ചോര്‍ച്ചയെക്കുറിച്ച് ഫ്രഞ്ച് സെക്യൂരിറ്റി റിസര്‍ച്ചറായ റോബര്‍ട്ട് ബാപ്റ്റിസ്റ്റ്, എലിയറ്റ് ആല്‍ഡേഴ്‌സണ്‍ എന്നിവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. മൊബിക്വിക്കിലെ വിവരങ്ങള്‍ ചോര്‍ന്നതായും ഇവ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക് എത്തിയതായും ഇവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
No comments