Breaking News

പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിനേഷൻ ആരംഭിക്കുന്നു; രജിസ്‌ട്രേഷൻ ഇന്ന് നാലുമണി മുതൽ




പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾക്ക് ഇന്ന് തുടക്കം. മേയ് ഒന്ന് മുതൽ ആരംഭിക്കുന്ന വാക്‌സിനേഷനുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷൻ നടപടികളാണ് ആരംഭിക്കുന്നത്.



രജിസ്‌ട്രേഷൻ നടപടികൾക്ക് തുടക്കമാകുമെങ്കിലും മേയ് ഒന്നിന് വക്‌സിനേഷൻ സാധ്യമാണോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. വാക്‌സിന്റെ ലഭ്യതക്കുറവാണ് ഇതിന് കാരണം. ചത്തീസ്ഗഡ്, രാജസ്ഥാൻ, ജാർഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥനങ്ങൾ വാക്‌സിന്റെ ലഭ്യത കുറവുകൊണ്ട് മേയ് 1 ന് വാക്‌സിനേഷൻ ആരംഭിക്കാനാകില്ലെന്ന നിലപാടിലാണ്. കേരളം ആന്ധ്രാപ്രദേശ്, ബംഗാൾ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ കൂടുതൽ വാക്‌സിൻ കിട്ടിയില്ലെങ്കിൽ ദൗത്യം തടസപ്പെടും. രണ്ട് ലക്ഷത്തി അൻപതിനായിരം ഡോസ് വാക്‌സിൻ മാത്രമേ സംസ്ഥാനത്തിന്റെ പക്കലുള്ളൂ എന്ന് പഞ്ചാബ് വ്യക്തമാക്കുന്നു. ഇതിൽ തൊണ്ണൂറായിരം എണ്ണം 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ഘട്ട വാക്‌സിൻ നൽകാൻ പ്രതിദിനം വേണം എന്നതാണ് അവസ്ഥ. അതുകൊണ്ടുതന്നെ രണ്ട് ദിവസത്തെ മാത്രം വാക്‌സിൻ അവശേഷിക്കുന്നിടത്ത് മറ്റ് നിർദേശങ്ങൾക്ക് പ്രാധാന്യം ഇല്ലെന്ന് പഞ്ചാബ് വ്യക്തമാക്കി.


സമാനമാണ് മറ്റ് സംസ്ഥാനങ്ങളുടെയും നിലപാട്. ഇക്കര്യത്തിൽ സംസ്ഥാനങ്ങൾ ചെലുത്തുന്ന സമ്മർദത്തെ എങ്ങനെ മറികടക്കാം എന്ന ആലോചന കേന്ദ്രസർക്കാരും വിവിധ തലങ്ങളിൽ ആരംഭിച്ചു. സംസ്ഥാനങ്ങൾക്ക് വാക്‌സിൻ ലഭ്യത ഉറപ്പാക്കാൻ ഉള്ള കേന്ദ്രീകൃത സംവിധാനം അടക്കമാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. മേയ് ഒന്ന് മുതൽ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ എന്ന നിർദേശവുമായ് മുന്നോട്ട് പോകും എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവർത്തിച്ചു.


കോ-വിൻ വെബസൈറ്റില്‍ രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ


1. cowin.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

2. 'സ്വയം രജിസ്റ്റർ ചെയ്യുക / പ്രവേശിക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

3. നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പർ അല്ലെങ്കിൽ ആധാർ നമ്പർ നൽകുക.

4. തുടർന്ന്, നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും, നൽകിയിരിക്കുന്ന സ്ഥലത്ത് ഒടിപി നൽകുക

5. നിങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ആവശ്യമുള്ള തീയതിയിലും സമയവും നല്‍കുക

നിങ്ങളുടെ കോവിഡ് -19 വാക്സിനേഷൻ പൂർത്തിയായ ശേഷം, ഒരു റഫറൻസ് ഐഡി ലഭിക്കും, അതിലൂടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.

No comments