വിളകൾക്ക് വിലയില്ല; വളങ്ങൾക്ക് തീവില
ലോക്ക്ഡൗണ്‍ ഏല്‍പ്പിച്ച പ്രഹരത്തില്‍നിന്നും കരകയറിവരുന്ന കര്‍ഷകര്‍ക്ക് തിരിച്ചടിയായി രാസവള വില കുത്തനേ ഉയരുന്നു. രാസവളത്തിനും എല്ലുപൊടിക്കും വേപ്പിന് പിണ്ണാക്കിനുമെല്ലാം അൻപത് ശതമാനത്തോളമാണ് വിലവര്‍ധനവുണ്ടായത്.
ഫാക്ടംഫോസിനും പൊട്ടാഷിനും വില വര്‍ധിച്ചു. യൂറിയയ്ക്ക് വലിയ ക്ഷാമവും ഫാക്ടം ഫോസ് കിട്ടാത്ത സ്ഥിതിയുമാണുള്ളത്. മാസങ്ങളായി ഫാക്ടംഫോസ് കിട്ടാനില്ലായിരുന്നു. അമോണിയം ഫോസ്ഫറേറ്റടങ്ങുന്ന ഫാക്ടംഫോസ് കൃഷിക്ക് അത്യാവശ്യഘടകമാണ്.
കാപ്പി, ഇഞ്ചി, വാഴ, നെല്‍ക്കൃഷി, കുരുമുളക്, ഏലം, റബര്‍ തുടങ്ങി എല്ലാ വിളകള്‍ക്കും വളം ചെയ്യേണ്ട സീസണാണ് ഇപ്പോള്‍.
ഈ സമയം വളം ചെയ്യുന്നതാണ് കാപ്പിയുടെ ഉത്പാദനത്തെ നിര്‍ണയിക്കുക.
വില കൂടിയതിനാല്‍ കര്‍ഷകര്‍ക്ക് മതിയായ വളമിടാന്‍ കഴിയുന്നില്ല. വളത്തിന്റെ ലഭ്യതക്കുറവും ഉത്പാദനത്തെ കാര്യമായി ബാധിക്കും. വളത്തിന്റെ വിലവര്‍ധനവ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് വാഴ, നെല്‍ കര്‍ഷകരെയാണ്. ശരിയായ വളം നല്‍കിയില്ലെങ്കില്‍ വിളകളെ സാരമായി ബാധിക്കും. പൊട്ടാഷിന്റെ വില ചാക്കിന് 400 രൂപയാണ് കൂടിയത്. 50 കിലോയുടെ ഒരു ചാക്കിന് 800 രൂപയില്‍നിന്ന് 1200 രൂപയായി ഇപ്പോള്‍.
പൊട്ടാഷ് ഉള്‍പ്പെടുന്ന കൂട്ടുവളങ്ങള്‍ക്കും വില ക്രമാതീതമായി വര്‍ധിച്ചു. ഫാക്ടംഫോസിന്റെ വില 50 കിലോയുടെ ചാക്കിന് 850 രൂപയില്‍നിന്ന് 1250 രൂപയായി ഉയര്‍ന്നു. വളങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കിവന്നിരുന്ന സബ്സിഡി നിര്‍ത്തലാക്കിയതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
റബറടക്കമുള്ള നാണ്യവിളകള്‍ക്കും കപ്പപോലുള്ള ഇടവിളകള്‍ക്കും വളം ചെയ്യേണ്ട സമയമാണിപ്പോള്‍. വലിയ തുകയ്ക്ക് വളം വാങ്ങിയാല്‍ കനത്ത നഷ്ടം നേരിടുമെന്നതാണ് കര്‍ഷകരെ വലയ്ക്കുന്നത്. വളം ഉത്പാദിപ്പിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ ഭൂരിഭാഗവും പൂട്ടിക്കിടക്കുകയാണ്.
നേരത്തെ പൊതുമേഖലാ സ്ഥാപനമായ ഫാക്ടില്നിന്നായിരുന്നു വളം കൂടുതല്‍ ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍ നിലവില്‍ ഫാക്ടും ഉത്പാദനം വലിയതോതില്‍ വെട്ടിക്കുറച്ചു.
സ്വകാര്യ കമ്ബനികള്‍ മേഖലയില്‍ പിടിമുറുക്കിയതോടെ അനിയന്ത്രിതമായ വില കര്‍ഷകരിലും വളം കച്ചവടക്കാരിലും അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയാണ്. യുപി, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് കൂടുതലായും രാസവളങ്ങള്‍ എത്തുന്നത്. വളംവ്യാപാരികളും നിലവില്‍ വലിയ പ്രതിസന്ധിയിലാണ്. വില്പനയില് 50 ശതമാനത്തോളം കുറവ് വന്നെന്നാണ് അവര്‍ പറയുന്നത്.
No comments