Breaking News

മലപ്പുറത്ത് 62കാരന് ബ്ലാക്ക് ഫംഗസ് രോഗ ബാധയെ തുടർന്ന് കണ്ണ് നീക്കം ചെയ്തു; ചികിത്സാ ചെലവ് ലക്ഷങ്ങൾ



മലപ്പുറം: കോവിഡ് ബാധയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയെടുത്ത് മടങ്ങിയ തിരൂർ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചു. തിരൂർ ഏഴൂർ ഗവ. ഹൈസ്കൂൾ മേഖലയിൽ താമസിക്കുന്ന 62 കാരനാണ് രോഗ ബാധ. രോഗം ശരീരത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ അടിയന്തര ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം ചെയ്തു.

ഏപ്രിൽ 22നാണ് തിരൂർ സ്വദേശിയായ 62കാരന് കോവിഡ് പോസിറ്റീവ് ആകുന്നത്. 25ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മെയ് മൂന്നിന് ഡിസ്ചാർജ്ജും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം കണ്ണിന്റെ കാഴ്ചക്ക് പ്രശ്നമുണ്ടായതിനെ തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് കൂടുതൽ ചികിത്സാ സൗകര്യമുള്ള കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി.




ഫംഗസ് വ്യാപനം ഉണ്ടാകും എന്ന് കണ്ടെത്തി ഇടത് കണ്ണ് നീക്കം ചെയ്യാൻ നിർദേശിച്ചു. ഈ മാസം 7 നാണ് ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഇദ്ദേഹം പ്രമേഹ ബാധിതൻ ആണ്. ഒരാഴ്ചത്തെ ചികിത്സക്ക് 6.25 ലക്ഷം രൂപ ചിലവായതായും ഇനിയും ആഴ്ച കളോളം ചികിത്സ തുടരണമെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് രോഗബാധിതന്റെ മകൻ പറഞ്ഞു.

ബ്ലാക്ക് ഫംഗസ് (മ്യൂകോര്‍ മൈകോസിസ്)

പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ മൂലമാണ് ഈ രോഗം പിടിപെടുന്നത്. പലപ്പോഴും ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക് ഫംഗസ് ശ്വാസകോശത്തെയും തലച്ചോറിനെയും വരെ ബാധിക്കാം. കാഴ്ച നഷ്ടത്തിനും പക്ഷാഘാതത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന രോഗമാണിത്. ഇത്തരം കോവിഡാനന്തര ബുദ്ധിമുട്ടുകള്‍ നിസാരമായി തള്ളാതെ ഉടന്‍ തന്നെ ചികിത്സ തേടുകയെന്നത് പ്രധാനമാണ്. പെട്ടെന്നു തന്നെ ചികിത്സ തേടിയാല്‍ കാര്യങ്ങള്‍ ഗുരുതരമാകാതെ സൂക്ഷിക്കാം.



അതേസമയം, ബ്ലാക്ക് ഫംഗസ് പകരുന്ന രോഗമല്ലെന്നതിനാല്‍ പകര്‍ച്ചവ്യാധി ഭയം വേണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. പ്രതിരോധ ശേഷി കുറഞ്ഞവ‍ര്‍, പ്രമേഹരോഗം അനിയന്ത്രിതമായ നിലയിലുള്ളവ‍ര്‍, കാൻസര്‍ രോഗികൾ, അവയവമാറ്റം നടത്തിയവ‍ര്‍, ഐസിയുവിൽ ദീ‍ര്‍ഘനാൾ കഴിഞ്ഞവര്‍ എന്നിവരിലാണ് ഫംഗസ് ഭീഷണിയുള്ളത്. സ്റ്റിറോയിഡുകളുടെ അമിത ഉപയോഗവും ഫംഗസിനു കാരണമായി കരുതുന്നു.

No comments