മുംബൈ ബാർജ് അപകടം; മരിച്ച മലയാളികളുടെ എണ്ണം മൂന്നായി
മുംബൈയിൽ ടൗട്ടേ ചുഴലിക്കാറ്റിലുണ്ടായ ബാർജ് അപകടത്തിൽ മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷ് മരിച്ചതായി കുടുംബാംഗങ്ങൾക്ക് വിവരം ലഭിച്ചു. വടുവഞ്ചാൽ മേലേ വെള്ളേരി സുധാകരന്റെ മകനാണ് സുമേഷ്. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽസിലെ ജീവനക്കാരനായിരുന്നു.
മൂന്ന് മലയാളികൾ ഉൾപ്പെടെ 49 പേരുടെ മൃതദേഹമാണ് നാവികസേന കണ്ടെത്തിയത്. ജോമിൻ ജോസഫ്, സസിൻ ഇസ്മയിൽ എന്നീ മലയാളികളാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിൽപെട്ട ബാർജ് പി305 ൽ ഉണ്ടായിരുന്ന 184 ജീവനക്കാരെയും വരപ്രദയിൽ നിന്നുള്ള 2 പേരെയും അടക്കം 186 പേരെ നേവിയും വ്യോമസേനയും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.ഇവരിൽ ഇരുപതിലേറെ മലയാളികളാണ്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നാവികസേനയാണ് ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടത്. ദിലീപ് കുമാർ, വർഗീസ് സാം, ഹരീഷ് വി.കെ, ബാലചന്ദ്രൻ, മാത്യു ടി, പ്രിൻസ് കെ.സി, പ്രണവ്, ജിൻസൺ കെ.ജെ., ആഗ്നേൽ വർക്കി, സന്തോഷ്‌കുമാർ, റോബിൻ, സുധീർ, ശ്രീകാന്ത് , അനിൽ വായച്ചൽ, ജോയൽ, , ജിതിൻ, ശ്രീഹരി, ജോസഫ് ജോർജ്, ദീപക് ടി.കെ, അമൽ ബാബു, ഗിരീഷ് കെ.വി, ടിജു സെബാസ്റ്റ്യൻ, തുടങ്ങിയവരുടെ പേരാണ് പട്ടികയിലുള്ളത്.
ചൊവ്വാഴ്ചയാണ് ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ ഹൈഗിലെ ബാർജുകൾ അപകടത്തിൽപ്പെട്ടത്. ആകെ മരണം 49 ആയി. 188 പേരെ നാവിക സേന ഇതുവരെ രക്ഷപെടുത്തി. അപകടത്തിൽ പെട്ട 25 പേരെക്കൂടി ഇനി കണ്ടെത്താനുണ്ട്.
No comments