Breaking News

പ്ലാച്ചിമട മുതൽ നർമ്മദ ബച്ചാവോ ആന്തോളൻ വരെയുള്ള സമരമുഖങ്ങളിലെ സഖാവ് ഇനി കേരളത്തിന്റെ കൃഷിമന്ത്രി


മനോഹരമായി സംസാരിക്കാനുള്ള കഴിവാണ് ചേർത്തലയിൽ നിന്ന് കന്നിയംഗമായി രണ്ടാം പിണറായി മന്ത്രിസഭയുടെ ഭാഗമാകുന്ന പി പ്രസാദ് എന്ന സിപിഐ നേതാവിന്‍റെ ശക്തി. എന്നാൽ നേതാവായി വെറുതെ വാചകമടിച്ചല്ല ഈ 51 കാരൻ ജീവിച്ചത്. രാഷ്ട്രീയക്കാരനായിരിക്കുമ്പോഴും നിത്യ ജീവിതത്തിനുള്ള വരുമാനത്തിനായി കൂലിപ്പണി മുതൽ വാർക്കപ്പണി വരെ ചെയ്തിട്ടുണ്ട് എന്നതിൽ അഭിമാനം കൊള്ളുന്ന അദ്ദേഹം ആറന്മുള വിമാനത്താവള വിരുദ്ധ സമരം, ആറാട്ടുപുഴ മേഖലയിലെ കരിമണൽ ഖനന വിരുദ്ധ സമരം തുടങ്ങിയ സമരമുഖങ്ങളിലൂടെയാണ് പരിസ്ഥിതിയുടെ കാവലാളായത്.

ആറന്മുളയിലെ മണ്ണും ജലവും അന്നവും ഇല്ലാതാക്കുന്ന വിമാനത്താവള പദ്ധതിയുടെ പടിയടച്ചതിൽ നിർണായകമായത് ഹരിത ട്രിബ്യൂണലിലെ വിധിയാണ്. പ്രസാദ് ഹൈക്കോടതിയിൽ നൽകിയ കേസിലാണ് സർക്കാർ വക സ്ഥലം വേർതിരിക്കാനും തോട് തുറക്കാനും വിധി വന്നത്. പിന്നീട് ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുഴുവൻ ഭൂമിയിലും കൃഷിയിറക്കി ആറന്മുള സ്വന്തം പച്ചപ്പ് തിരിച്ചുപിടിച്ചു. വിഭവ സമൃദ്ധമായ സദ്യ കൊണ്ട് പുകഴ് പെറ്റ ആറന്മുളയുടെ അന്നം മുടക്കുന്ന പദ്ധതിക്ക് എതിരെ ഇറങ്ങിയ പ്രസാദിനു തന്നെയാണ് പിണറായിയുടെ തുടർ ഭരണത്തിൽ കേരളത്തിന് മുഴവൻ അന്നം ഊട്ടാനുള്ള ദൗത്യം എന്നത് യാദൃശ്ചികമാകാം

വിമാനത്താവള പദ്ധതിക്കെതിരേ ആദ്യം സമരത്തിനെത്തിയത് എ.ഐ.വൈ.എഫായിരുന്നു. അവരുടെ സമരം നയിച്ചാണ് പ്രസാദ് ആദ്യം ആറന്മുളയിലെത്തിയത്. വിപത്തുകൾ ചൂണ്ടിക്കാട്ടി പദ്ധതിക്കെതിരെ സംസാരിച്ചതിന് വികസനത്തിന് എതിരെ നിൽക്കരുതെന്നു പറഞ്ഞവർ തന്നെ പിന്നീട് സമരത്തിന്റെ ഭാഗമായി. പിന്നീട് പള്ളിയോട-പള്ളിവിളക്ക് സമിതിയും ഏകോപനസമിതിയുമൊക്കെ സമരത്തിന് നേതൃത്വം നൽ കുമ്പോൾ പ്രസാദും പങ്കാളിയായി.

സുഗതകുമാരി ജനറൽ കൺ വീനറായിത്തുടങ്ങിയ സമരസമിതിയിൽ സിപിഎം നേതാവ് എ.പദ്മകുമാർ, ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരൻ എന്നിവർക്കൊപ്പം പി.പ്രസാദും കൺവീനറായിരുന്നു.. 108 ദിവസം നീണ്ടുനിന്ന സമരകാലത്ത് സി.പി.ഐ. ജില്ലാ സെക്രട്ടറിയായിരുന്നു പ്രസാദ്. രാവിലെയും വൈകീട്ടും സമരത്തിന്റെ ദിവസേനയുള്ള പരിപാടി ആസൂത്രണം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചു. വിവിധ രാഷ്ട്രീയ ചിന്താ സരണികളെ ഒരു ലക്ഷ്യം നേടുന്നതിനായി ഒരു കുടക്കീഴിലെത്തിക്കുകയെന്ന സുഗതകുമാരിയുടെ നയം വിജയം നേടുകയും ചെയ്തു.


ആലപ്പുഴ ജില്ലയിലെ നൂറനാട് പാലമേൽ മറ്റപ്പള്ളി ഗ്രാമത്തിൽ ജനിച്ച പ്രസാദ് സ്കൂൾ പഠനകാലം മുതൽ എഐഎസ്എഫിന്‍റെ സജീവപ്രവർത്തകനാണ്. വിവിധ വിഷയങ്ങളിലെ ആഴത്തിലെ വായനയും എഴുത്തുമൊക്കെ മാത്രം കൈമുതലായ പ്രസാദിന് സമ്പാദ്യം നൂറനാട്ടെ കൊച്ചു വീട്ടിലെ പുസ്തകങ്ങൾ മാത്രം. നൂറനാട് സിബിഎം ഹൈസ്കൂൾ, പന്തളം എൻഎസ്എസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഗണിതശാസ്ത്രത്തിൽ ബിരുദം.എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന പ്രസിഡന്റുമായി.എ ഐ വൈ എഫ് സംസ്ഥാന അധ്യക്ഷൻ, സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി. ഓൾ ഇന്ത്യ ആദിവാസി മഹാസഭ ദേശീയ എക്സിക്യൂട്ടീവ് അംഗം, കേരള സർവകലാശാല സെനറ്റ് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു.

പ്ലാച്ചിമട മുതൽ നർമ്മദ ബച്ചാവോ ആന്തോളൻ വരെയുള്ള സമരമുഖങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്ന സഖാവിന് പാർട്ടി നൽകിയ അംഗീകാരമാണ് സിപിഐയുടെ പരിസ്ഥിതി സബ് കമ്മിറ്റി കൺവീനർ സ്ഥാനം. വിദ്യാർഥി യുവജന സമരമുഖങ്ങളിൽ പൊലീസ് മർദ്ദനവും ജയിൽവാസവുമൊക്കെ അനുഭവിച്ചു.ബിനോയ് വിശ്വം വനംമന്ത്രിയായിരിക്കെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടി മുഖപത്രമായ ജനയുഗത്തിന്‍റെ യൂണിറ്റ് മാനേജറുമായിരുന്നു. കഴിഞ്ഞ തവണ ഹരിപ്പാട് മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി നിയോഗിച്ചു. പരാജയത്തെ തുടർന്ന് സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാനായി. നിലവിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം .


പിതാവ് ജി.പരമേശ്വരൻ നായർ എഐടിയുസി നേതാവും സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗവുമായിരുന്നു. ഭാര്യ: ലൈന. മക്കൾ: ഭഗത്, അരുണ അൽമിത്ര.

No comments