Breaking News

ടൗട്ടേയ്ക്ക് പിന്നാലെ 'യാസ്' ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ മഴ കനക്കും


ടൗട്ടേ ചുഴലിക്കാറ്റിന് പിന്നാലെ വീണ്ടുമൊരു ചുഴലിക്കാറ്റ് കൂടി എത്തിയേക്കുമെന്ന് മുന്നറിയിപ്പ്. മെയ് 25ന് ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപം കൊള്ളാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ് 22 ന് ആൻഡമാൻ കടലിൽ ന്യൂനമർദം രൂപപ്പെടും. ഇത് 72 മണിക്കൂറില്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി 26-ന് പശ്ചിമബംഗാൾ-ഒഡീഷ തീരത്തെത്തും.

ചുഴലിക്കാറ്റായാൽ യാസ് എന്നായിരിക്കും അറിയപ്പെടുക. ഒമാനാണ് പേര് നിർദേശിച്ചത്. പുതിയ ചുഴലിക്കാറ്റിന്റെ സ‍ഞ്ചാര പഥത്തിൽ കേരളമില്ലെങ്കിലും സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ ഉണ്ടാകും. തെക്കന്‍ കേരളത്തില്‍ 25 മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. യാസ് രൂപപ്പെട്ടാല്‍ തൊട്ടടുത്ത ദിവസം മുതല്‍ മഴ വടക്കന്‍ കേരളത്തിലേക്കും കര്‍ണാടകയിലേക്കും വ്യാപിക്കുമെന്നാണു കണക്കുകൂട്ടല്‍.


ബംഗ്ലാദേശ്, മ്യാൻമാർ എന്നിവിടങ്ങളിലാകും യാസ് അപകടകാരികയാകുക. ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള എല്ലാ സാഹചര്യവും ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്നതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.


അതേസമയം, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്ടം വിതച്ച ടൗട്ടേ ചുഴലിക്കാറ്റിന് മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ സഹായധനം നൽകും.


ഗുജറാത്ത്, മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലാണ് ടൗട്ടേ ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഗുജറാത്തിൽ ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ കുടുംബത്തിന് അമ്പതിനായിരം രൂപയും നൽകും.

ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ അപകടങ്ങളിൽ 45 പേർ ഗുജറാത്തിൽ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ. തിങ്കളാഴ്ച്ച രാത്രിയാണ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തിയത്. സൗരാഷ്ട്ര തീരം മുതൽ വടക്കൻ ഗുജറാത്ത് വരെയുണ്ടായ കനത്ത മഴയിൽ 16000 ഓളം വീടുകൾ തകർന്നു. 40,000 ൽ അധികം മരങ്ങളും 70,000 ൽ കൂടുതൽ വൈദ്യുതി പോസ്റ്റുകളുമാണ് വിവിധയിടങ്ങളിലായി തകർന്നു വീണത്. 5,951 ഗ്രാമങ്ങളിൽ പൂർണമായി വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.

No comments