Breaking News

രണ്ടാം പിണറായി സർക്കാർ ഇന്ന് അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ വൈകിട്ട് മൂന്നരക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ




തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് അധികാരമേറ്റെടുക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയമാണ് സത്യപ്രതിജ്ഞാ വേദി. ആദ്യ മന്ത്രിസഭാ യോഗത്തില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധന അടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നും യുഡിഎഫ് വ്യക്തമാക്കി.

വൈകിട്ട് മൂന്നരയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു മുന്നില്‍ ടീം പിണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. സത്യപ്രതിജ്ഞയ്ക്ക് 500 പേരെ ക്ഷണിച്ചെങ്കിലും ആളെണ്ണം അതിലും കുറയും. ഇടതു മുന്നണി എംഎല്‍എമാര്‍, മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ക്ഷണം.

സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ക്ഷേമ പെന്‍ഷന്‍ വര്‍ധന, കിറ്റ് വിതരണം തുടങ്ങിയ ജനകീയ തീരുമാനങ്ങള്‍ ആദ്യ

മന്ത്രിസഭായോഗത്തില്‍ ഉണ്ടായേക്കും. പ്രോടെം സ്പീക്കറെയും തീരുമാനിക്കും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്ക്ക് സഭ സമ്മേളിക്കാന്‍ തീയതി തീരുമാനിക്കും.

24 ന് സത്യപ്രതിജ്ഞയും 25 ന് സ്പീക്കര്‍ തെരഞ്ഞെടുപ്പും 28 ന് നയപ്രഖ്യാപനവും നടത്താനാണ് ആലോചന. മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി ഇന്ന് ഗവര്‍ണറെ അറിയിക്കും

No comments