Breaking News

മലയോരമേഖലയ്ക്ക് ആശ്വാസമായി കോവിഡ് ചികിത്സാകേന്ദ്രം കരുവൻചാൽ സെന്റ് ജോസഫ്സ് ആശുപത്രിയിൽ തുടങ്ങി

ആലക്കോട്: തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ കോവിഡ് ട്രീറ്റ്മെന്റ്‌ സെന്റർ കരുവൻചാൽ സെന്റ് ജോസഫ്സ് ആശുപത്രിയിൽ തുടങ്ങി.മലയോരമേഖലയിലെ സാധാരണക്കാർ ചികിത്സിക്കാതെയും മരുന്നുകൾ കഴിക്കാതെയും രോഗം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് രൂപതയിലെ ആദ്യ കോവിഡ് സെന്റർ ഇവിടെ തുടങ്ങിയത്.


തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടി.എസ്.എസ്.എസ്.)യുടെ നേതൃത്വത്തിലാണ് സെൻറർ പ്രവർത്തിക്കുക. തലശ്ശേരി അതിരൂപതയുടെ കീഴിൽ ജില്ലയിലെ മലയോരമേഖലയിലെ സാധാരണക്കാർക്ക് സൗജന്യ നിരക്കിൽ ഇവിടെ ചികിത്സ ലഭിക്കും. രണ്ട് വെൻറിലേറ്ററുകൾ, നാല് സെമി വെൻറിലേറ്ററുകൾ, കേന്ദ്രീകൃത ഓക്സിജൻ സൗകര്യത്തോടുകൂടിയ 50-കിടക്കകൾ, ലാബ്, ഇ.സി.ജി., മോണിറ്റർ, മറ്റു മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങി 60 ലക്ഷത്തിൽപരം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്.


തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ആർച്ച്‌ ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് അധ്യക്ഷതവഹിച്ചു. സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, നിയുക്ത എം.എൽ.എ. അഡ്വ. സജീവ് ജോസഫ്, കാരിത്താസ് ഇന്ത്യ എക്സി. ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി, ഫാ. ജോളി പുത്തൻപുര, മഹാരാഷ്ട്രയിലെ ബെൽഎയർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ടോമി കരിയിലക്കുളം, ജെയിംസ് മാത്യു എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി ഓടമ്പള്ളി, ജോജി കന്നിക്കാട്ട്, കെ.എസ്.ചന്ദ്രശേഖരൻ,ആലക്കോട് ഇൻസ്പെക്ടർ വിനോദ്, റവ. ഡോ. ഫിലിപ്പ് കവിയിൽ, ഫാ. ജോസഫ് ഈനാച്ചേരിൽ, പി.ടി.ജോസ്, ഫാ. തോമസ് വടക്കേമുറി എന്നിവർ സംസാരിച്ചു. കേന്ദ്രീകൃത ഓക്സിജൻ യൂണിറ്റ് അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.

No comments