മൃതദേഹങ്ങളിൽ നിന്നും വസ്ത്രം മോഷ്ടിച്ച് വിൽപ്പന; യുപിയിൽ ഏഴ് പേർ അറസ്റ്റിൽ
ലക്നൗ: മൃതദേഹങ്ങളിൽ നിന്നും വസ്ത്രം മോഷ്ടിച്ച് വിൽപ്പന നടത്തി വന്നിരുന്ന സംഘം പിടിയിൽ. ഉത്തർപ്രദേശിലെ ബാഗ്പട്ടിലാണ് ഏഴംഗ സംഘം അറസ്റ്റിലായിരിക്കുന്നത്. ശ്മശാനങ്ങൾ അടക്കം സംസ്കാര സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ മോഷണം എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. മൃതദേഹം പൊതിയാൻ ഉപയോഗിക്കുന്ന തുണികൾ, മൃതദേഹത്തിലെ വസ്ത്രങ്ങള്‍ എന്നിവയാണ് ഇവർ മോഷ്ടിച്ചിരുന്നത്.
'ഏഴ് പേരാണ് അറസ്റ്റിലായിരിക്കുന്നത്. മൃതദേഹങ്ങളിൽ നിന്നും ഷീറ്റുകൾ, സാരി, മറ്റ് വസ്ത്രങ്ങൾ എന്നിവ ഇവർ മോഷ്ടിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. അറസ്റ്റിലായ സംഘത്തിൽ നിന്നും 520 ബെഡ്ഷീറ്റുകൾ, 127 കുർത്തകൾ, 52 സാരികൾ ഉൾപ്പെടെ വസ്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്'. സർക്കിൾ ഓഫീസർ അലോക് സിംഗ് മാധ്യമങ്ങളോട് വ്യക്തമാക്കി.
മോഷ്ടിച്ച വസ്ത്രങ്ങൾ നല്ലതു പോലെ കഴുകി വൃത്തിയാക്കി തേച്ച് പുതിയത് പോലെയാക്കിയ ശേഷം ഗ്വാളിയാറിലെ ഒരു കമ്പനിയുടെ ലേബലിൽ ആയിരുന്നു വിൽപ്പന നടത്തി വന്നിരുന്നതെന്നും പൊലീസ് പറയുന്നു. പ്രദേശത്തെ ചില വസ്ത്ര വ്യാപാരികൾക്കും ഇവരുമായി ഇടപാടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒരു ദിവസത്തെ മോഷണത്തിന് മുന്നൂറ് രൂപയാണ് വ്യാപാരികൾ നൽകി വന്നിരുന്നതെന്നും സർക്കിൾ ഓഫീസർ കൂട്ടിച്ചേർത്തു.
'അറസ്റ്റിലായ ഏഴ് പേരിൽ മൂന്ന് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കഴിഞ്ഞ പത്തുവർഷമായി ഇവർ മോഷണം നടത്തി വരികയാണ്. കോവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ അറസ്റ്റിലായ സാഹചര്യത്തിൽ എപ്പിഡെമിക് ആക്ട് പ്രകാരവും ഇവർക്കെതിരെ കേസ് ചുമത്തും' അലോക് സിംഗ് അറിയിച്ചു.
കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയിരിക്കുന്ന രാജ്യത്ത് മരണപ്പെടുന്നവരുടെ എണ്ണം ഉയരുകയാണ്. പലയിടത്തും സംസ്കാരത്തിനായെത്തിച്ചിരിക്കുന്ന മൃതദേഹങ്ങളുടെ നീണ്ട നിര സംബന്ധിച്ചും റിപ്പോർട്ടുകളെത്തിയിരുന്നു. ഇതിനിടയിലാണ് മൃതദേഹങ്ങളിൽ നിന്നും മോഷണം നടത്തുന്ന സംഘം പിടിയിലാകുന്നത്.
No comments