Breaking News

കണ്ണൂർ കൂത്തുപറമ്പിൽ 2500 ലിറ്ററിലധികം വാഷും വാറ്റുപകരണങ്ങളും പിടികൂടി


കണ്ണൂർ കൂത്തുപറമ്പിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വാറ്റ് കേന്ദ്രം കണ്ടെത്തി. 2500 ലിറ്ററിലധികം വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കൈവേലിക്കലിനടുത്ത് 10 പ്ലാസ്റ്റിക് ബാരലുകളിലായി കുറ്റിക്കാട്ടിൽ ഒളിച്ചു സൂക്ഷിച്ച നിലയിലായിരുന്നു വാഷ്.

ധാന്യങ്ങളും പഴവർഗ്ഗങ്ങളും ഉപയോഗിച്ചാണ് വാഷ് നിർമിച്ചിരിക്കുന്നത്. ചാരായം വാറ്റാനുള്ള പാത്രങ്ങളും മറ്റു സാമഗ്രികളും സമീപ പ്രദേശത്തു നിന്നാണ് കണ്ടെടുത്തത് വ്യാജവാറ്റ് കേന്ദ്രത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാനുള്ള ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്.


എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റ്റീവ് ഓഫീസർ കെ. ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുപതിനായിരത്തിലധികം ലിറ്റർ വാഷ് ആണ് കൂത്തുപറമ്പ് എക്സൈസ് സംഘം പിടികൂടിയത്.

എക്സൈസ് റെയിഞ്ച് പ്രിവൻ്റീവ് ഓഫീസർ നിസാർ.കെ, എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫിസർമാരായ ജിനേഷ് നരിക്കോടൻ, കൂത്തുപറമ്പ് എക്‌സൈസ് റെയിഞ്ച് സിവിൽ എക്സൈസ് ഓഫീസർമാരായ രോഷിത്ത്. പി, ഷാജി അളോക്കൻ, സുനീഷ് കിള്ളിയോട്ട്, പ്രജീഷ് കോട്ടായി, ജലീഷ്. പി , ശജേഷ്. സി. കെ  വനിത സി. ഇ.ഒ ഷീബ. കെ. പി ,  എക്സൈസ് ഡ്രൈവർ ഷംജിത്ത്. എൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

വ്യാജ മദ്യ നിർമാണ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. കെ സതീഷ് കുമാറും എക്സൈസ് ഇൻസ്‌പെക്ടർ കെ. ഷാജിയും അറിയിച്ചു.

No comments