സ്വകാര്യ ആശുപത്രികളും കൊവിഡ് ഒ പി തുടങ്ങണം; സർക്കാർ ആശുപത്രികളിലെ പനി ക്ലിനിക്കുകൾ കൊവിഡ് ക്ലിനിക്കുകളാക്കണം
തിരുവനന്തപുരം | കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആശുപത്രി ചികിത്സയിൽ പുതിയ മാർഗനിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ഒ പി തുടങ്ങണം. ഓക്സിജന്‍ കിടക്കകളും ഐ സി യുവും കുറഞ്ഞത് 50 ശതമാനമായി സ്വകാര്യ ആശുപത്രികൾ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഗൗണ്‍, ഗ്ലൗസ്, എന്‍95 മാസ്‌ക്, ഫേസ് ഷീല്‍ഡ് എന്നിവ ധരിച്ച് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച പ്രോട്ടോക്കോളുകള്‍ പാലിച്ചാകണം കോവിഡ് രോഗികളെ ചികിത്സിക്കേണ്ടത്.
സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികള്‍ ഈ മാസം കൊവിഡ് ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കൊവിഡ് ക്ലിനിക്കുകളാക്കി മാറ്റുന്ന സര്‍ക്കാര്‍ ആശുപത്രികള്‍, റഫറല്‍ പ്രോട്ടോകോള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. ഇവിടെ കൊവിഡ് പരിശോധനയ്ക്കും സൗകര്യമൊരുക്കണം. എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കി മാറ്റണം. താലൂക്ക് ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകളും അഞ്ച് വെന്റിലേറ്ററുകളും സജ്ജമാക്കാനും ആരോഗ്യവകുപ്പ് അടിയന്തര നിര്‍ദേശം നല്‍കി.
കൊവിഡ് രോഗികളുടെ എണ്ണം ഇനിയും കുത്തനെ ഉയര്‍ന്നേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ അടിയന്തര നടപടിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
No comments