കാസര്‍കോട് 500 കോടിയുടെ മണി ചെയിന്‍ തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട് സ്വദേശികളായ എം.കെ.ഹൈദരലിയും, എം.കെ.ഷാജിയുമാണ് കോടികള്‍ മറിഞ്ഞ മണി ചെയിന്‍ തട്ടിപ്പില്‍ പൊലീസ് പിടിയിലായത്. ഇരുവരും പ്രിന്‍സസ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് കമ്പനിയുെട ഡയറക്ടര്‍മാരാണ്. മൈ ക്ലബ് ട്രേഡേഴ്‌സ് എന്നപേരിൽ മലേഷ്യൻ കമ്പനി സ്‌കീം എന്ന് വിശ്വസിപ്പിച്ച് കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് പ്രതികള്‍ സ്വീകരിച്ചത്. 2018ൽ കമ്പനി തുടങ്ങിയപ്പോൾ ആദ്യം ചേർന്നവർക്ക് വന്‍തുകകള്‍ നല്‍കിയാണ് മറ്റുള്ളവരെ വിശ്വാസത്തിലെടുത്തത്. കമ്പനിക്ക് അംഗീകാരമുണ്ടെന്ന് വരുത്താനായി കോഴിക്കോട് ആസ്ഥാനമായി പ്രിൻസ് ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് എന്നപേരിൽ റജിസ്ട്രേഷന്‍ സ്വീകരിച്ചു. അതോടൊപ്പം കോഴിക്കോട് വടകരയിലും കാസര്‍കോട് ചെങ്കളയിലും ജ്വല്ലറി തുടങ്ങുന്നതിനായി രണ്ടു െകട്ടിടങ്ങളും വാങ്ങി.
മഞ്ചേശ്വരത്ത് രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതികളിലൊരാളിൽ നിന്നാണ് മണിചെയിൻ തട്ടിപ്പ് കമ്പനിയെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. തട്ടിപ്പിനിരയായ നൂറുകണക്കിനുപേര്‍ പരാതികളുമായി പൊലീസില്‍ എത്തിയിട്ടുണ്ട്. നിലവിൽ ഹൊസങ്കടി സ്വദേശിയുടെ പരാതിയിലാണ് എഫ്‌ഐആർ റജിസ്‌റ്റർ ചെയ്‌ത് അന്വേഷണം നടക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വ്യാപകമായി തട്ടിപ്പ് നടന്നത്. ഇതേ കേസില്‍ മഞ്ചേശ്വരം സ്വദേശി ജാവേദിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കമ്പനിയുടെ മാനേജിങ് ഡയറക്ടറായ മലപ്പുറം സ്വദേശി സി.എം ഫൈസലിനെ പിടികിട്ടാനുണ്ട്. ഇയാള്‍ വിദേശത്താണെന്നാണ് വിവരം
No comments