ഓക്സിജൻ ടാങ്കറുകൾ എത്താൻ വൈകി; തിരുപ്പതിയിലെ ആശുപത്രിയിൽ 11 കോവിഡ് രോഗികൾ മരിച്ചു
തിരുപ്പതി: ഓക്സിജൻ ടാങ്കറുകൾ എത്താൻ വൈകിയതിനെ തുടർന്ന് ചികിത്സയിലിരുന്ന 11 കോവിഡ് രോഗികൾ മരിച്ചതായി റിപ്പോർട്ട്. തിരുപ്പതിയിലെ റുയിഅ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ദാരുണ സംഭവം. ഓക്സിജൻ ടാങ്കറുകൾ എത്താൻ വൈകിയതിനെ തുടർന്ന് രോഗികൾക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെട്ടിരുന്നു. ഇതാണ് പതിനൊന്ന് പേരുടെ മരണത്തിലേക്ക് നയിച്ചത്.
ഐസിയുവില്‍ കഴിഞ്ഞിരുന്ന രോഗികളാണ് മരിച്ചവരിൽ ഏറെയും. മുക്കാൽ മണിക്കൂറോളം ഓക്സിജൻ വിതരണം തടസ്സപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്. ചെന്നൈയില്‍ നിന്നെത്തേണ്ട ഓക്സിജൻ ടാങ്കറുകൾ വൈകിയതാണ് ദുരന്തത്തിനിടയാക്കിയത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കോവിഡ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലായ സജ്ജീകരിച്ചിരിക്കുന്ന ഇവിടെ ആയിരം ബെഡുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഉത്തരവിട്ടിട്ടുണ്ട്. അദ്ദേഹം ഇന്ന് നേരിട്ട് ആശുപത്രി സന്ദർശിക്കുമെന്നും സൂചനയുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി എന്നാണ് ചിറ്റൂർ ജില്ലാ കളക്ടർ എം.ഹരിനാരയണൻ സംഭവത്തിൽ പ്രതികരിച്ചത്.
'ഓക്സിജൻ വിതരണത്തിൽ തടസ്സം നേരിട്ടിരുന്നു. എന്നാൽ വളരെ വേഗം തന്നെ ഓക്സിജൻ സിലിണ്ടറുകൾ ഏർപ്പാടാക്കി ദുരന്തം ഒഴിവാക്കി. ദൗർഭാഗ്യവശാൽ പതിനൊന്ന് പേർക്ക് ജീവൻ നഷ്ടമായി' എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.
No comments