കാറഡുക്കയിലെ റംബൂട്ടാൻ കർഷകന് പ്രതിസന്ധിയിൽ തുണയായി നാടക കലാകരാന്മാരുടെ സംഘടന 'നാടക്'
മുള്ളേരിയ: തൈകൾ നിറയെ പഴുത്തുനിൽക്കുന്ന റംബൂട്ടാൻ ആവശ്യക്കാരില്ലാതെ നശിച്ചുപോകുന്നതു കണ്ട് നിൽക്കേണ്ടി വരുമോ എന്ന വേവലാതിയിലായിരുന്നു കാറഡുക്ക ശാന്തിനഗറിലെ കർഷകനായ മുരളി. മലയോരമേഖലയിൽ വാണിജ്യരീതിയിൽ മുരളി മാത്രമാണ് റംബൂട്ടാൻ കൃഷി ചെയ്യുന്നത്. മുരളിയുടെ കർണാടകയിലുള്ള സഹോദരന്റെ നിർദേശപ്രകാരമാണ് ശാന്തിനഗറിലെ വീടിനോട് ചേർന്നുള്ള ഒരേക്കറിൽ റംബൂട്ടാൻ കൃഷി തുടങ്ങിയത്. വർഷങ്ങളായി മംഗളൂരുവിലെത്തിച്ചാൽ നല്ല വിലയും കിട്ടിയിരുന്നു.
ലോക്ഡൗണായതിനാൽ ഉത്പന്നം മംഗളൂരുവിലെത്തിക്കാനാകാതെ വന്നതോടെ ഫലങ്ങൾ നശിക്കാൻ തുടങ്ങി. മരത്തിനുചുറ്റും റംബൂട്ടാൻ വീണ് നശിക്കുന്നത് കണ്ട സാമൂഹികപ്രവർത്തകനായ ബാളക്കണ്ടത്തെ സുനിൽകുമാറാണ് ഇക്കാര്യം നാടക കലാകാരന്മാരുടെ സംഘടനായ നാടകിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് പണം കണ്ടെത്തുന്നതിൻ്റെ ഭാഗമായി നാടക് കാസർകോട് മേഖലാ കമ്മിറ്റി റംബൂട്ടാൻ വില്പന ഏറ്റെടുത്തിരിക്കുകയാണ്.മേഖല സെക്രട്ടറി ഉദയൻ കാടകത്തിൻ്റെയും സംസ്ഥാന കമ്മിറ്റി അംഗം സുധാകരൻ കാടകത്തിൻ്റെയും നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ കൃഷി ഇടത്തിൽ എത്തുകയും റംബൂട്ടാൻ ശേഖരിക്കുകയും ചെയ്തു.വരും ദിവസങ്ങളിൽ ചെറിയ പാക്കറ്റുകളാക്കി പ്രവർത്തകർ വില്പന നടത്തും. വില്പനയിൽനിന്നും കിട്ടുന്ന ലാഭവിവിഹിതം പൂർണ്ണമായും മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചലേക്ക് നൽകും.
No comments