കുന്നുംകൈയിൽ പൊതു ശൗചാലയം യാഥാർത്ഥ്യമാക്കുക: ഡി.വൈ.എഫ്.ഐ എളേരി ബ്ലോക്ക് കമ്മിറ്റി പഞ്ചായത്തോഫീസിലേക്ക് മാർച്ച് നടത്തി
ഭീമനടി: അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന വെസ്റ്റ് എളേരി പഞ്ചായത്തിലെ കുന്നുംകൈ ടൗണില്‍ ഒരു പൊതു ശൗചാലയം സ്ഥാപിക്കണം എന്നത് ഏറെ കാലത്തെ ആവശ്യകതയാണ്. നിരവധി യാത്രക്കാര്‍, ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍,വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഏറെ പ്രയാസം നേരിടുന്ന ഈ വിഷയത്തില്‍ ഒരു പരിഹാരം കണ്ടെത്താനായി കഴിഞ്ഞ എൽ ഡി എഫ് പഞ്ചായത്ത് ഭരണസമിതി ആദ്യ ഘട്ടംമുതല്‍ ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ സ്വകാര്യ വ്യക്തികളെ സമീപിച്ചെങ്കിലും ലഭ്യമായില്ല. പിന്നീടാണ് പൊതുമരാമത്ത് വകുപ്പിന്‍റെ അധീനതയിലുള്ള സ്ഥലം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. അതിനായ് റവന്യൂ വകുപ്പില്‍ ബന്ധപ്പെട്ട് കുന്നുംകൈ ടൗണിലെ റവന്യൂഭൂമി അളന്ന് തിട്ടപ്പെടുത്തി. 2020 ഒക്ടോബര്‍ മാസത്തില്‍ ജില്ലാ കളക്ടറുടെ സഹായത്താല്‍ പൊതുമരാമത്ത് വകുപ്പിന്‍റെ സ്ഥലം അനുവദിക്കപ്പെട്ടു.തുടര്‍ന്ന് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായ് `ടേക്ക് എ ബ്രേക്ക്' എന്ന പേരില്‍ 4 പൊതു ടോയ്ലറ്റുകള്‍, വിശ്രമ കേന്ദ്രം,കോഫി ഷോപ്പ് എന്നിവ ഉള്‍പ്പെടുന്ന
13 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു.12.10ലക്ഷം രൂപ സംസ്ഥാന ശുചിത്വമിഷന്‍ ഫണ്ടും 90000/രൂപ പഞ്ചായത്ത് ഫണ്ടുമാണ് ഇതിനായ് അനുവദിച്ചത്.
എന്നാല്‍ കഴിഞ്ഞ നവംബര്‍ മാസം ടെണ്ടര്‍ നടത്തിയ ഈ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല. കഴിഞ്ഞ എൽ ഡി എഫ് ഭരണസമിതി കൊണ്ടുവന്ന ഈ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ യു.ഡി.എഫ് ഭരണസമിതി നടത്തുന്നത്. ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഈ പദ്ധതിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ എളേരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ ജോ.സെക്രട്ടറി അഡ്വ.ഷാലു മാത്യു മാര്‍ച്ച് ഉത്ഘാടനം ചെയ്യ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡണ്ട് എന്‍.വി.ശിവദാസന്‍ അധ്യക്ഷനായ്. ബ്ലോക്ക് സെക്രട്ടറി പി.വി.അനു, സി.പി.ഐ.എം ഏരിയാ കമ്മിറ്റിയംഗം ടി.കെ.സുകുമാരന്‍, പ്രസാദ് എം.എന്‍, വാര്‍ഡ് മെമ്പര്‍ ഇ.ടി.ജോസ് എന്നിവര്‍ സംസാരിച്ചു.
No comments