മാലോം എടക്കാനം മലമുകളിൽ കൂറ്റൻ ജലസംഭരി നിർമ്മിച്ച് മത്സ്യം വളർത്തിയ കർഷകന് നൂറ് മേനി വിളവെടുപ്പ്
വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമപഞ്ചായത്തിലെ കർണ്ണാടക വനാതിർത്തിയോട് ചേർന്ന മാലോം എടക്കാനം മലമുകളിൽ കൂറ്റൻ ടാങ്ക് നിർമ്മിച്ചു മീൻ വളർത്തിയ പുരയിടത്തിൽ പ്രസാദ് എന്ന കർഷകന് ലഭിച്ചത് നൂറ് മേനിവിളവ്.
800 ഗ്രാമോളം തൂക്കം വരുന്ന 20 ക്വിന്റലോളം മത്സ്യമാണ് വിളവെടുപ്പിന് പാകമായത്.
അഞ്ചേക്കർ ഭൂമിയിൽ ആരും കൊതിക്കുന്ന കാർഷിക വിളകൾക്കൊപ്പമാണ് പ്രസാദ് മത്സ്യം വളർത്താനായി ഡാമും ഒരുക്കിയത്.
വനാതിർത്തിയിൽ നിന്നും പൈപ്പ് വഴി ഡാമിലേക്ക് വെള്ളമെത്തിച്ചായിരുന്നു പ്രസാദ് മീൻ വളർത്തിയത്.
ഇതിനായി 25ലക്ഷം ലിറ്റർ കൊള്ളുന്ന സമ ചതുരത്തിൽ ഉള്ള രണ്ട് ഡാമുകളിലായാണ് മത്സ്യ കുഞ്ഞുങ്ങളെ ഇറക്കിയത്.
ഇതിന് കൃഷി വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും ആനുകൂല്യങ്ങളും ലഭിച്ചിരുന്നു.
എങ്കിലും 12 ലക്ഷം രൂപയോളം ചിലവഴിച്ചാണ് പ്രസാദ് ഡാം ഉൾപ്പെടെ മത്സ്യ വളർത്തലിനുവേണ്ടി ചിലവഴിച്ചത്.
ലോക് ഡൗൺ അടക്കമുള്ള പ്രതിസന്ധികൾ തരണം ചെയ്ത് മുടങ്ങാതെ മത്സ്യതീറ്റകൾ എത്തിച്ചു മീൻ വളർത്തിയെടുത്ത പ്രസാദിന് ഇനി അവ വിറ്റു തീർക്കാൻ കൂടി കടമ്പയുണ്ട്.
മലമുകളിൽ നിരപ്പായ സ്ഥലത്തു മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് കുഴികുത്തി അതിൽ കല്ല് കെട്ടി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു സുരക്ഷിതമായി നിർമ്മിച്ച ഡാമിലാണ് മത്സ്യങ്ങൾ വളർത്തിയത്. കോവിഡ് ണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്ന വിളവെടുപ്പ്, വാർഡ് അംഗവും ബളാൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും കൂടിയായ അലക്സ് നെടിയകാലയിലും കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യാനും ചേർന്ന് നിർവ്വഹിച്ചു.
No comments