Breaking News

അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെ തിരിച്ചെത്തിക്കണമെന്ന് അമ്മ ബിന്ദു


തിരുവനന്തപുരം: ഐഎസിൽ ചേര്‍ന്ന മലയാളി വനിതകളെ തിരിച്ചെത്തിക്കാൻ ആലോചിക്കുന്നില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് വൈകാരികമായി പ്രതികരിച്ച് അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. ഇന്ത്യയിലേയ്ക്ക് നിമിഷയെ തിരിച്ചെത്തിച്ച ശേഷം നിയമനടപടികള്‍ തുടരണമെന്ന നിലപാടായിരുന്നു ബിന്ദു സ്വീകരിച്ചിരുന്നത്. കൂടാതെ മാസങ്ങള്‍ക്ക് മുൻപ് റോ ഉദ്യോഗസ്ഥര്‍ പുറത്തു വിട്ട ശബ്ദരേഖയിൽ നിമിഷ ഇന്ത്യയിലേയ്ക്ക് മടങ്ങണമെന്നു താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തടവിൽ കഴിയുന്നവരെ അതതു രാജ്യങ്ങളിലേയ്ക്ക് നാടുകടത്താൻ അഫ്ഗാൻ ഭരണകൂടം സന്നദ്ധമായതിന് പിന്നാലെ കുടുംബം പ്രതീക്ഷയിലായിരുന്നു. എന്നാൽ ഇവരെ തിരിച്ചെത്തിച്ചേക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.


ഇന്ത്യക്കാരി എന്ന നിലയിൽ തന്റെ മനുഷ്യാവകാശമല്ലേ ഇതെന്ന് മാധ്യമങ്ങളോട് ബിന്ദു ചോദിക്കുന്നു. "ഞാൻ ഇന്ത്യയ്ക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എന്റെ മകള്‍ ഇന്ത്യ വിടുന്നതിനു മുൻപ് പോലും അന്നത്തെ കേരള സര്‍ക്കാരിനെയും പൊലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേ? എന്തുകൊണ്ട് അവര്‍ തടഞ്ഞില്ല. എല്ലാം കഴിഞ്ഞ് കൈയിലെത്തിയിട്ട് എന്റെ മകളെ എന്തിനാണ് ഇങ്ങനെ കൊല്ലാൻ വിടുന്നത്?"- ബിന്ദു ചോദിച്ചു.



സെപ്റ്റംബര്‍ 11ന് അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കുകയാണെന്നും ബിന്ദു ചൂണ്ടിക്കാട്ടി. യുഎസ് സൈന്യം പൂര്‍ണമായി അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങുന്നതോടെ താലിബാൻ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്കായിരിക്കും അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം. എന്നാൽ ഐഎസ് കേസുകളുമായി ബന്ധപ്പെട്ട് അഫ്ഗാൻ ജയിലുകളിൽ കഴിയുന്നവരെ തിരിച്ചയയ്ക്കാൻ അഫ്ഗാൻ ഭരണകൂടം സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിന്ദുവിന്റെ പ്രതികരണം.



അതേസമയം, ജയിലിൽ കഴിയുന്ന മലയാളി സ്ത്രീകള്‍ ഇപ്പോഴും അപകടകാരികളാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെപ്പറ്റി അറിയില്ലെന്ന് ബിന്ദു പറഞ്ഞു. ഇതെല്ലാം ചെയ്യേണ്ടത് സര്‍ക്കാരാണ്. ഐഎസിലേയ്ക്ക് പോകാൻ പ്രേരിപ്പിച്ചവര്‍ ഇപ്പോഴും ഇന്ത്യയിൽ കഴിയുന്നില്ലേയെന്ന് ബിന്ദു ചോദിച്ചു. നിമിഷ ഫാത്തിമയും മകളും അടക്കമുള്ളവര്‍ സെപ്റ്റംബര്‍ 11നു ശേഷം ബോംബ് ഭീഷണിയുടെ നടുവിലായിരിക്കുമെന്നും ബിന്ദു ചൂണ്ടിക്കാട്ടി.


മകള്‍ അഫ്ഗാൻ ജയിലിലുണ്ടെന്ന് അറിഞ്ഞിട്ട് ഒന്നര വര്‍ഷമായെന്നും എന്നാൽ മകളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടിട്ടില്ലെന്നും ബിന്ദു പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് അടക്കം മെയിൽ അയച്ചു. അഫ്ഗാൻ സര്‍ക്കാര്‍ യുവതികളെ തിരിച്ചയയ്ക്കാൻ സന്നദ്ധത അറിയിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ പ്രതികരിക്കാത്തത് ഇന്ത്യക്കാരി എന്ന നിലയിൽ തന്നെ ഞെട്ടിച്ചെന്നും ബിന്ദു വ്യക്തമാക്കി.

No comments