അമ്പലത്തറ പോസ്റ്റോഫീസില്‍ സാമ്പത്തിക തിരിമറി വനിതാ പോസ്റ്റ് മാസ്റ്റര്‍ക്കെതിരെ കേസ്. .
കാഞ്ഞങ്ങാട്: അമ്പലത്തറയില്‍ പ്രവര്‍ത്തിക്കുന്ന പുല്ലൂര്‍ പോസ്റ്റോഫീസില്‍ ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയ വനിതാ പോസ്റ്റ് മാസ്റ്റര്‍ക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.
പള്ളിക്കര പൂച്ചക്കാട്ടെ കെ.എസ് ഇന്ദുകുമാരിക്കെതിരെയാണ് കാഞ്ഞങ്ങാട് സബ്ബ് ഡിവിഷൻ പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ കെ.ഇ.ഇസ്മായിലിന്റെ പരാതിൽ അമ്പലത്തറ പോലിസ് കേസെടുത്തത്. അമ്പലത്തറ പോസ്റ്റ് ഓഫീസില്‍ സുകന്യസ്മൃതിയോജന പദ്ധതിയിലൂടെ പണം നിക്ഷേപിച്ച നാല് വനിതകള്‍ പോസ്റ്റല്‍ വകുപ്പിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. 2016 ആഗസ്ത് 20 മുതല്‍ ഈ വര്‍ഷം ഫെബ്രുവരി 25 വരെയുള്ള ദിവസങ്ങളിലാണ് ഇന്ദുകുമാരി വന്‍തോതില്‍ ക്രമക്കേട് നടത്തിയത്. നാല് വനിതകളില്‍ നിന്നായി 146500 രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസ്. നിക്ഷേപകര്‍ നല്‍കുന്ന പണം ബുക്കില്‍ രേഖപ്പെടുത്തുമെങ്കിലും ഇത് പോസ്റ്റോഫീസില്‍ അടച്ചിരുന്നില്ല. പാറപ്പള്ളി കുമ്പളയിലെ ഒരു അംഗണ്‍വാടി ടീച്ചറും റേഷന്‍കടക്കാരനും പണം പിന്‍വലിക്കാന്‍ പോയപ്പോഴാണ് തങ്ങളുടെ അക്കൗണ്ടില്‍ പണമില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മറ്റ് രണ്ടുപേര്‍കൂടി പരാതിയുമായി രംഗത്തുവന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് മാസത്തില്‍ ഇന്ദുവിനെ അന്വേഷണവിധേയമായി സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. നാലുപേരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തത്. ഇതേപോലെ നിരവധി ആളുകളുടെ നിക്ഷേപങ്ങള്‍ ഇന്ദുകുമാരി പോസ്റ്റ് ഓഫീസില്‍ അടക്കാതെ തട്ടിയെടുത്തിട്ടുണ്ടെങ്കിലും പലരും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.
No comments