ചിറ്റാരിക്കാല്‍ കുടുംബാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് ജനറൽ ആശുപത്രി വരുന്നു; നടപടികള്‍ ആരംഭിച്ചു
ചിറ്റാരിക്കാൽ : മലയോരത്തിന്റെ ആരോഗ്യ രംഗത്ത് പുത്തന്‍ പ്രതീക്ഷയേകി ചിറ്റാരിക്കാല്‍ കുടുംബാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ചു ജനറൽ ആശുപത്രി സ്ഥാപിക്കാൻ നടപടികള്‍ ആരംഭിച്ചു. കേരള സർക്കാർ, എംഎൽഎ, കാസർകോട് വികസന പാക്കേജ്, ഗ്രാമപഞ്ചായത്ത് എന്നിവയിൽ നിന്നായി ലഭിക്കുന്ന തുക ഉപയോഗപ്പെടുത്തിയാണു ചിറ്റാരിക്കാലിൽ ആശുപത്രി കോംപ്ലക്സ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. ഇതിനായി 9.5 കോടി രൂപയുടെ കെട്ടിടത്തിന്റെ രൂപരേഖയും തയാറാക്കിയിട്ടുണ്ട്.
ആശുപത്രി കെട്ടിട നിർമാണത്തിനായി 2.65 കോടി രൂപ കാസർകോട് വികസന പാക്കേജിൽ നിന്നു നേരത്തേ തന്നെ വകയിരുത്തിയിട്ടുണ്ട്. ഇതുപയോഗിച്ചു കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഒരേക്കർ ഭൂമിയിൽ പുതിയ കെട്ടിടത്തിന്റെ ആദ്യനിലയുടെ നിർമാണം പൂർത്തിയാക്കും. പ്രവൃത്തിയുടെ ടെൻഡർ നടപടികളും ആരംഭിച്ചിട്ടുണ്ട്. 2 വർഷം കൊണ്ടു പ്രവൃത്തി പൂർത്തീകരിക്കാനാണു ലക്ഷ്യമിടുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കൽ പറഞ്ഞു.
മലയോരത്തെ ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാൽ, ചെറുപുഴ പഞ്ചായത്തുകളിലെ പാവപ്പെട്ട രോഗികൾക്കു പുതിയ ആശുപത്രി ഏറെ ഉപകാരപ്രദമാകും. നിലവിൽ ഈ പഞ്ചായത്തുകളിലെല്ലാം കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കിലോമീറ്ററുകൾ അപ്പുറമുള്ള പയ്യന്നൂരിലേയോ കാഞ്ഞങ്ങാട്ടേയോ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇവിടെ മികച്ച സ്വകാര്യ ആശുപത്രികളുമില്ല. പൂടംകല്ലിലെ താലൂക്ക് ആശുപത്രിയിലേക്കെത്താനും ചിറ്റാരിക്കാലിൽ നിന്ന് 50 കിലോമീറ്ററോളം സഞ്ചരിക്കണം. താലൂക്കിൽ എവിടെയും സിഎച്ച്സികളും നിലവിലില്ല.
120 ലേറെ പട്ടികവർഗ കോളനികളും ഈ മേഖലയിലുണ്ട്. പുതിയ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് സെന്ററും കിടത്തി ചികിത്സയും ലക്ഷ്യമിടുന്നുണ്ട്. ആശുപത്രി യാഥാർഥ്യമാകുന്നതോടെ ഇവിടത്തെ പട്ടികവർഗ കുടുംബങ്ങളിലേത് ഉൾപ്പടെയുള്ള പാവപ്പെട്ട രോഗികൾക്ക് ഇതേറെ ആശ്വാസമാകും. സംസ്ഥാനതലത്തിൽ ആർദ്രം പുരസ്കാരം നേടിയ പഞ്ചായത്താണ് ഈസ്റ്റ് എളേരി. നിലവിൽ ലാബ് സൗകര്യങ്ങളും ഇവിടെ സൗജന്യമാണ്.
മലയോരത്ത് സർക്കാർ മേഖലയിൽ മികച്ച സൗകര്യങ്ങളുള്ള ആശുപത്രി സ്ഥാപിക്കാൻ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ചു വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. ഇത് അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സമർപ്പിക്കും. ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാൽ, ചെറുപുഴ പഞ്ചായത്തുകളിലെ പാവപ്പെട്ട രോഗികൾക്ക് എളുപ്പത്തിൽ ആശ്രയിക്കാൻ കഴിയും വിധത്തിലുള്ള ആശുപത്രിയാണ് ഇവിടെ ലക്ഷ്യമിടുന്നതെന്ന് എം.രാജഗോപാലൻ എംഎൽഎ അറിയിച്ചു്
No comments