Breaking News

കോവിഷീല്‍ഡിന് 780 രൂപ, കോവാക്സിന് 1410 രൂപ; സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന പരമാവധിവില നിശ്ചയിച്ചു


ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളില്‍ വാക്സിനുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങി. സ്വകാര്യ ആശുപത്രികള്‍ വാക്സിന് വില കൂട്ടി വില്‍പ്പന നടത്തി ലാഭമുണ്ടാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. കേന്ദ്ര ഉത്തരവ് പ്രകാരം കോവിഷീല്‍ഡ് വാക്സിന് പരമാവധി 780 രൂപയും കോവാക്സിന് പരമാവധി 1410 രൂപയും റഷ്യന്‍ നിര്‍മിത വാക്സിനായ സ്പുട്‌നിക്-വി വാക്സിന് 1145 രൂപയും ഈടാക്കാം. ടാക്‌സ്, 150 രൂപ സര്‍വീസ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. വാക്സിൻ ഡോസിന് അഞ്ചുശതമാനം ജിഎസ്ടിയും ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഷീൽഡ് - 30 രൂപ, കൊവാക്സിൻ - 60 രൂപ, സ്പുട്നിക് V - 47 രൂപ എന്നിങ്ങനെയാണ് ജിഎസ്ടി നിരക്ക്.



സ്വകാര്യ ആശുപത്രികള്‍ വാക്സിനേഷന് 150 രൂപയില്‍ കൂടുതല്‍ സർവീസ് ചാർജ് ഈടാക്കരുതെന്നും സ്വകാര്യ ആശുപത്രികളിലെ വാക്സിന്‍ വിതരണം സംസ്ഥാന സർക്കാരുകള്‍ നിരീക്ഷിക്കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ കോവിഡ് വാക്സിനേഷൻ നയവുമായി ബന്ധപ്പെട്ട് പരിഷ്കരിച്ച നിർദേശങ്ങൾ ഇതിനോടൊപ്പം കേന്ദ്ര സർക്കാർ പുറത്തിറക്കി. ദേശീയ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന്റെ വേഗത, സംഭരണം, വിതരണം, ധനവിനിയോഗം, എന്നിവ സംബന്ധിച്ച് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് പല സംസ്ഥാനങ്ങളും അറിയിച്ചിരുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്ത്, ദേശീയ കോവിഡ് വാക്സിനേഷൻ നയം പരിഷ്കരിക്കുന്നതായാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.




ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവയ്പ്പുകളുടെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകും. വാക്സിൻ നിർമാതാക്കൾ ഉത്പാദിപ്പിക്കുന്ന വാക്സിനുകളുടെ 75 % കേന്ദ്രസർക്കാർ വാങ്ങും. ദേശീയ വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചതുമുതൽ വാങ്ങിയ വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകുന്നത് തുടരും. ഗവൺമെന്റ് വാക്സിനേഷൻ സെന്ററുകൾ മുഖേന ഈ ഡോസുകൾ എല്ലാ പൗരന്മാർക്കും സൗജന്യമായി നൽകും. സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുന്ന വാക്സിൻ ഡോസുകളെ സംബന്ധിച്ച മുൻ‌ഗണന ക്രമം തുടരും.

ആരോഗ്യ പ്രവർത്തകർ, മുന്നണി പോരാളികൾ, 45 വയസ്സിനു മുകളിലുള്ള പൗരന്മാർ, രണ്ടാമത്തെ ഡോസ് എടുക്കേണ്ട പൗരന്മാർ, 18 വയസും അതിൽ കൂടുതലുമുള്ള പൗരന്മാർ എന്നിങ്ങനെ മുൻഗണന ക്രമം തുടരും. 18 വയസ്സിന് മുകളിലുള്ളവർക്ക് സംസ്ഥാനങ്ങൾ മുൻഗണനാ ക്രമം നിശ്ചയിക്കണം. ആകെ ഉത്പാദിപ്പിക്കുന്ന വാക്സിനുകളുടെ 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് നൽകാനാണ് നിർദേശം. സ്വകാര്യ ആശുപത്രികൾക്ക് നിർമാതാക്കളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങാം.

വാക്സിന്റെ വില നിർമാതാക്കൾ നിശ്ചയിക്കും. ആശുപത്രികൾ തുക നൽകേണ്ടത് നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി. സർവീസ് ചാർജായി 150 രൂപ വരെ ഈടാക്കാം. സ്വകാര്യ ആശുപത്രികളെ സംസ്ഥാന സർക്കാർ നിരീക്ഷിക്കണം. സ്വകാര്യ ആശുപത്രികളിലെ വാക്സിൻ വിതരണത്തിലും തുല്യത ഉറപ്പാക്കണം. എല്ലാ പ്രദേശങ്ങളിലും ഉള്ള സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ലഭ്യത ഉറപ്പാക്കുന്നതിനും ഏതെങ്കിലും സ്വകാര്യ ആശുപത്രി വാക്സിൻ അധികമായി വാങ്ങിച്ചു കൂട്ടുന്നത് ഒഴിവാക്കുന്നതിനുമാണിത്. ഉയർന്ന വരുമാനമുള്ള പൗരന്മാർ സ്വകാര്യ ആശുപത്രിയുടെ സേവനം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കും. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ 2021 ജൂൺ 21 മുതൽ പ്രാബല്യത്തിൽ വരും. കാലാകാലങ്ങളിൽ അവലോകനം ചെയ്യും.

No comments