Breaking News

കോവിഡ് പരിശോധനാ ക്യാമ്പിനായി മദ്രസാ ഹാൾ വിട്ടു നൽകി.. ബാങ്ക് വിളിക്ക് ശേഷം കോവിഡ് ജാഗ്രതാ സന്ദേശം.. ഇടത്തോട് ജമാഅത്ത് പള്ളി മലയോരത്തിന് മാതൃകയാകുന്നു..


പരപ്പ: (www.malayoramflash.com)കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ നാട് വിറങ്ങലിച്ചു നിൽക്കെ പ്രതിരോധ വഴിയിൽ നാടിനൊപ്പം, ജനങ്ങളോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയോടെ   നിലകൊള്ളുകയാണ് ഇടത്തോട് ജമാഅത്ത് കമ്മറ്റി. ജമാഅത്ത് പള്ളിക്ക് കീഴിലെ മദ്രസ്സഹാൾ രണ്ട് തവണ കോവിഡ് പരിശോധനക്കായി വിട്ടു നൽകുകയും ഭക്ഷണം ഉൾപ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നൽകി നാടിൻ്റെ പ്രതിരോധ വഴിയിൽ മാതൃകയായി മാറുകയാണ് എടത്തോട് മസ്ജിദ് അൻവ്വാർ പള്ളി.  ആരോഗ്യ വകുപ്പിനോടും പഞ്ചായത്തിനോടും ജാഗ്രതാ സമിതിയോടും ഒപ്പം ചേർന്ന് സമൂഹ നന്മയും പ്രതിബദ്ധതയും ഊട്ടിയുറപ്പിക്കുകയാണ്  ഇടത്തോട് ജമായത്ത് ഭാരവാഹികൾ. പള്ളിക്ക് മുന്നിൽ കോവിഡ് ജാഗ്രതാ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ബാനർ സ്ഥാപിച്ചിട്ടുണ്ട്.


ഇതിനൊക്കെ പുറമെ അപൂർവ്വമായ മറ്റൊരു നിമിഷത്തിനും നാട് സാക്ഷ്യം വഹിച്ചു.

ബാങ്ക് വിളിക്ക് ശേഷം ഇടത്തോട് ജമായത്ത് പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയത് കോവിഡ് ജാഗ്രതാ സന്ദേശമായിരുന്നു.

മഹാമാരിക്കാലത്ത് ജനങ്ങളെ ആശ്വസിപ്പിച്ചും ബോധവത്കരിച്ചുമുള്ള സന്ദേശം തുടർന്ന് എല്ലാ ദിവസവും രണ്ട് നേരങ്ങളിലായി ഈ പള്ളിയുടെ ഉച്ചഭാഷിണിയിലൂടെ മുഴങ്ങും.. ഇതിന് തുടക്കമിട്ടതാവട്ടെ ഇടത്തോടിൻ്റെ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യമായ ദാമോദരൻ കൊടക്കലാണ്. ജമാഅത്ത് ഭാരവാഹികളുടെ നിർദ്ദേശാനുസരണം ബാങ്ക് വിളിക്ക് ശേഷം അതേ മൈക്കിലൂടെയാണ് ദാമോദരൻ കൊടക്കൽ കോവിഡ് പ്രതിരോധ സന്ദേശം നാടിനെ അറിയിച്ചത്.

 ലോക്ഡൗൺ കാലത്ത് വീട്ടിലിരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും, മാസ്ക്ക്, സാനിറ്റൈസർ ഉപയോഗിക്കേണ്ടതും കൈകഴുകേണ്ടതുമായ കാര്യങ്ങളാണ് ഇനി വരും ദിവസങ്ങളിലും ബാങ്ക് വിളിക്ക് ശേഷം പള്ളി മൈക്കിലൂടെ നാടറിയുക.

നാടിന് മാതൃകാപരമായ പ്രവർത്തിയാണ് ഇടത്തോട് പള്ളി ഭാരവാഹികളുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് വാർഡ് മെമ്പർ ജോസഫ് വർക്കി പറഞ്ഞു.

കമ്മറ്റി പ്രസിഡണ്ട് ബി. കുഞ്ഞാമ്മദ്, സെക്രട്ടറി ബി.മുഹമ്മദ് കുഞ്ഞി, ട്രഷറർ മൊയ്തു ഹാജി എന്നിവരടങ്ങിയ കമ്മറ്റിയാണ് ജമായത്ത് പ്രവർത്തനം മാതൃകാപരമായി മുന്നോട്ട് കൊണ്ടുപോവുന്നത്.

തുടർന്ന് അങ്ങോട്ട് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന് എന്ത് ആവശ്യമുണ്ടെങ്കിലും പള്ളിയുടെ ഭാഗത്തു നിന്നുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കാൻ തയ്യാറാണെന്ന് പ്രസിഡണ്ട് ബി. കുഞ്ഞാമ്മദ് അറിയിച്ചു.


 ബളാൽ പഞ്ചായത്ത് ജാഗ്രതാ സമിതി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, വളണ്ടിയർമാർ, മാഷ് ടീം, ആശാവർക്കർമാർ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, വിവിധ രാഷ്ട്രീയകക്ഷി പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഇടത്തോട് പള്ളിയിൽ രണ്ട് തവണ നടന്ന ആർ.ടി.പി.സി.ആർ പരിശോധന പൂർത്തീകരിച്ചത്.

അതിനൊപ്പം ഈ 

മഹാമാരിക്കുമുന്നിൽ മനുഷ്യരക്ഷക്കായി ആരാധനാലയങ്ങൾ ഉണർന്നു പ്രവർത്തിക്കുന്ന കാഴ്ചകളാണ് നാടിൻ്റെ പല ഭാഗത്തായി നിറയുന്നത്. 

മഹാമാരിക്കാലത്ത് മതത്തിൻ്റെ അതിർവരമ്പുകൾ കെട്ടാതെ മനുഷ്യപക്ഷത്ത് നിലകൊണ്ട് മലയോര മനസുകളിൽ മഹനീയമായ ഇടം നേടിയിരിക്കുകയാണ് ഇടത്തോട് ജമാഅത്ത് പള്ളിയും അതിൻ്റെ അമരക്കാരും.

No comments