Breaking News

സബ്‌സിഡിയോടെ കർഷിക യന്ത്രങ്ങൾ സ്വന്തമാക്കാം; ജില്ലയിലെ അപേക്ഷ ജൂലൈ ഒന്ന് മുതൽ

കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക യന്ത്ര വൽക്കരണ ഉപപദ്ധതി (സ്മാം) നടപ്പു വർഷം ജൂലൈ ഒന്നു മുതൽ ജില്ലയിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. കർഷകർക്ക് agrimachinery.nic.in  എന്ന വെബ്‌സൈറ്റിൽ കൂടി ഇതിനുളള രജിസ്‌ട്രേഷൻ ഉൾപ്പെടെയുളള കാര്യങ്ങൾ ഏതൊരാൾക്കും പൂർത്തിയാക്കാം. ഇതിന് ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഭൂനികുതി അടച്ച രസീത്, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മാത്രം) എന്നീ രേഖകൾ ആവശ്യമാണ്.

ചെറുകിട നാമ മാത്ര കർഷകർ, വനിതകൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട ഗുണഭോക്താക്കൾക്ക് മുൻഗണനയുണ്ട്. ഇവർക്ക് സാധാരണ കാർഷിക ഉപകരണങ്ങൾക്ക് 50 ശതമാനവും ഭക്ഷ്യ സംസ്‌ക്കരണ ഉപകരണങ്ങൾക്ക് 60 ശതമാനവും (നിബന്ധനകളോടെ) സബ്‌സിഡി അനുവദിക്കും.  ഈ വിഭാഗങ്ങളിൽ അല്ലാത്തവർക്ക് യഥാക്രമം 40 ശതമാനം, 50 ശതമാനം നിരക്കിലും സബ്‌സിഡി ലഭിക്കും.   അംഗീകൃത കർഷക കൂട്ടായ്മകൾ, അംഗീകൃത പാടശേഖര സമിതികൾ, കാർഷിക കർമ്മ സേനകൾ തുടങ്ങിയവയ്ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പരമാവധി അടങ്കൽ 10 ലക്ഷം രൂപ വരെയുളള പ്രൊജക്ടുകൾക്ക് 80 ശതമാനം വരെയും നിബന്ധനകളോടെ  സബ്‌സിഡി ലഭിക്കും. പൂർണമായും ഓൺലൈനായാണ് പദ്ധതി നടപ്പാക്കുന്നത്.  

ജില്ലയിൽ കഴിഞ്ഞ വർഷം 1040 വ്യക്തിഗത ഗുണഭോക്താക്കൾക്കും, 5 കർഷക കൂട്ടായ്മകൾക്കും കൂടി   2.2 കോടി രൂപയോളം സബ്‌സിഡിയായി വിതരണം ചെയ്തു.    15 ട്രാക്ടറുകൾ, 3 വൈക്കോൽക്കെട്ട് യന്ത്രം, 18 പവർ ടില്ലറുകൾ, 595 കാട് വെട്ട് യന്ത്രം, 104 മരം മുറിക്കുന്ന യന്ത്രം, 45 പമ്പ്‌സെറ്റ്, 20 ഭക്ഷ്യസംസ്‌ക്കരണ യന്ത്രം, 104  സ്‌പ്രേയറുകൾ എന്നിവയാണ് പ്രധാനമായും വിതരണം ചെയ്തത്.

ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് മെഷീൻ വാങ്ങി കഴിഞ്ഞാൽ  ജില്ലയിലെ കൃഷി  അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും ഭൗതിക പരിശോധന നടത്തിയാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യം എന്ന മുറയ്ക്കാണ് ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നത്.  സാമ്പത്തിക സഹായം കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്ന രീതിയായതിനാൽ ഈ പദ്ധതിയുടെ ഒരു ഘട്ടത്തിലും ഗുണഭോക്താവ് സർക്കാർ ഓഫീസിൽ വരേണ്ടതില്ല.  കൂടുതൽ വിവരങ്ങളൾക്കായി മുകളിൽ പറഞ്ഞ വെബ്‌സൈറ്റ് സന്ദർശിക്കുകയോ  ജില്ലയിലെ  കൃഷി അസിസ്റ്റന്റ്  എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ, താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

ഓഫീസ് ഫോൺ നമ്പർ: 04994 225570, ജില്ലാ ടെക്‌നിക്കൽ അസിസ്റ്റന്റ്: 9048224374, 9349050800. റീജിയണൽ ടെക്‌നിക്കൽ അസിസ്റ്റന്റ്: 9383471799.


No comments