Breaking News

കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ അവസരം

പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയും  കാലാവസ്ഥ വിള ഇന്‍ഷുറന്‍സ് പദ്ധതിയും ചേര്‍ന്നു നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എല്ലാ ജില്ലകളിലും തിരഞ്ഞെടുത്ത വിജ്ഞാപിത പ്രദേശങ്ങളിലാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. പരിരക്ഷാ കാലാവധി ഓരോ വിളയ്ക്കും പ്രത്യേകം നിജപ്പെടുത്തിയിട്ടുണ്ട്.  പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എല്ലാ ജില്ലകളിലെയും വാഴയും മരച്ചീനിയും ആലപ്പുഴ, കോട്ടയം പത്തനംതിട്ട ജില്ലകളിലെ നെല്‍കൃഷിയുമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. കാലാവസ്ഥ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നെല്ല്, വാഴ,കുരുമുളക്, മഞ്ഞള്‍, ഇഞ്ചി, കൈതച്ചക്ക ജാതി, കൊക്കോ, കരിമ്പ്,ഏലം, കവുങ്ങ്, തക്കാളി, ചോളം, റാഗി തുടങ്ങിയ ചെറുധാന്യങ്ങള്‍, പച്ചക്കറികള്‍ പയര്‍, പടവലം,പാവല്‍, വെളളരി, വെണ്ട, പച്ചമുളക്, എന്നീ വിളകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.


പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പ്രദേശം അടിസ്ഥാനമാക്കി വിളവിനുള്ള നഷ്ടത്തിനും, നടീല്‍ തടസ്സപ്പെടുന്നതിനും, ഇടക്കാല നഷ്ടങ്ങള്‍ക്കും, വെള്ളക്കെട്ട്(നെല്ല് ഒഴികെ), മഴ, ഉരുള്‍പൊട്ടല്‍, ഇടി മിന്നല്‍ മൂലമുള്ള തീപിടുത്തം, മേഘവിസ്‌ഫോടനം, എന്നിവ മൂലമുള്ള വ്യക്തിഗത വിള നാശങ്ങള്‍ക്കും മാനദണ്ഡങ്ങളനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാണ്. കാലാവസ്ഥ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഓരോ വിജ്ഞാപിത പ്രദേശത്തിനും ബന്ധപ്പെട്ട കാലാവസ്ഥ നിലയത്തില്‍ ഇന്‍ഷുറന്‍സ് കാലയളവില്‍ രേഖപ്പെടുത്തുന്ന കാലാവസ്ഥ വിവരങ്ങള്‍ അനുസരിച്ച് മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുക.  വാഴ,ജാതി,കവുങ്ങ്, കുരുമുളക്, ഏലം, കൊക്കോ എന്നീ വിളകള്‍ക്ക്  വെള്ളപ്പൊക്കം, കാറ്റ്  എന്നിവ മൂലവും കാസര്‍കോട്, ആലപ്പുഴ ജില്ലകളിലൊഴികെ ഉരുള്‍പൊട്ടല്‍ മൂലവുമുണ്ടാകുന്ന വ്യക്തിഗത വിള നാശങ്ങള്‍ക്കും പദ്ധതിയുടെ മാനദണ്ഡങ്ങളനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാണ്. 


ഓരോ വിളയുടെയും ഇന്‍ഷുറന്‍സ് തുകയും പ്രീമിയം നിരക്കും വ്യത്യസ്തമാണ്. ജൂലായ് 31 ആണ് പദ്ധതിയില്‍ ചേരാനുള്ള അവസാന തീയതി.  കര്‍ഷകര്‍ക്ക് www. pmfby.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായും, ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങള്‍ വഴിയും, തിരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങള്‍ വഴിയും,  ഇന്‍ഷുറന്‍സ് ബ്രോക്കര്‍ പ്രതിനിധികള്‍ വഴിയും പദ്ധതുടെ ഭാഗമാകാം. വിളകള്‍ക്ക് വായ്പ എടുത്ത കര്‍ഷകരെ നിര്‍ദ്ദിഷ്ട ബാങ്കുകള്‍ പദ്ധതിയില്‍ ചേര്‍ക്കേണ്ടതാണ്. ആധാറിന്റെ പകര്‍പ്പ്, നികുതി രസീതിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്ക്‌ന്റെ പകര്‍പ്പ് എന്നിവ  അപേക്ഷയോടൊപ്പം നല്‍കണം. വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായോ അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ റീജിയണല്‍ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ 04712334493, 1800 425 7064(ടോള്‍ഫ്രീ). 

No comments