കണ്ണൂരില്‍ ഒരു വയസുള്ള കുഞ്ഞിന് ക്രൂരമര്‍ദനം; രണ്ടാനച്ഛനും അമ്മയും കസ്റ്റഡിയില്‍
കണ്ണൂർ: ഒരു വയസുള്ള കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച കേസിൽ മാതാവും രണ്ടാനച്ഛനും പൊലീസ് കസ്റ്റഡിയിൽ. കൊട്ടിയൂർ പാലുകാച്ചിയിലെ പുത്തൻ വീട്ടിൽ രതീഷ് (39), ചെങ്ങോം വിട്ടയത്ത് രമ്യ (24) എന്നിവരെയാണ് കേളകം പോലീസ് കസ്റ്റഡിയിലെടുത്തത്. കണിച്ചാർ ചെങ്ങോത്താണ് രണ്ടാനച്ഛൻ പിഞ്ചു കുഞ്ഞിനെ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ രതീഷിനും രമ്യക്കും എതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് പൊലീസ് കേസെടുത്തത്.
കുഞ്ഞിനെ മർദിക്കുന്നത് കണ്ടിട്ടും തടയാതിരുന്നതിനാണ് അമ്മയ്ക്കെതിരെെും കേസെടുത്തത്. ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം. രമ്യയുടെ ഒരു വയസ്സുള്ള മകൾ അഞ്ജനയാണ് രതീഷിന്റെ ക്രൂര മർദനത്തിന് ഇരയായത്. മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ രമ്യയുടെ മാതാപിതാക്കളാണ് പേരാവൂർ ആശുപത്രിയിൽ കൊണ്ടുവന്നത്.
പ്രാഥമിക പരിശോധനയിൽ മർദനമേറ്റ പരിക്കുകളാണെന്ന് മനസിലായ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിശദ പരിശോധനക്ക് കുഞ്ഞിനെ പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. മൂന്നാഴ്ച മുൻപാണ് രതീഷും രമ്യയും ചെങ്ങോത്ത് വാടക വീടെടുത്ത് താമസം തുടങ്ങിയത്
No comments