Breaking News

സ്ത്രീ സുരക്ഷയ്ക്കായി 'കാതോര്‍ത്ത്': പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ട് മന്ത്രി വീണാ ജോര്‍ജ് സേവനം ശക്തിപ്പെടുത്താന്‍ ആക്ഷന്‍ പ്ലാന്‍


കാസറഗോഡ്: സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ മഹിളാ ശക്തി കേന്ദ്ര വഴി നടപ്പിലാക്കുന്ന  'കാതോര്‍ത്ത്' ഓണ്‍ലൈന്‍ സേവനങ്ങളില്‍ പങ്കെടുത്ത് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകള്‍ക്ക് ഓണ്‍ലൈനായി കൗണ്‍സിലിംഗ്, നിയമ സഹായം, പോലീസിന്റെ സേവനം എന്നിവ കാതോര്‍ത്ത് പോര്‍ട്ടല്‍ വഴിയാണ് നല്‍കുന്നത്. ഈ സേവനത്തിനായി കാതോർത്ത് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ സേവനം നൽകവേ സേവനം ആവശ്യപ്പെട്ട  കാസര്‍ഗോഡ്  സ്വദേശിയായ യുവതിയുമായി മന്ത്രി നേരിട്ട് സംസാരിച്ചു. സേവനങ്ങളുടെ കൃത്യത വിലയിരുത്തി. വനിത ശിശു വികസന വകുപ്പ് ഡയറക്ടർ   ടി. വി. അനുപമ ഐ എ എസ് കൗൺസിലിംഗ് സെക്ഷൻ വിലയിരുത്തുന്നതിനായി മന്ത്രിയോടൊപ്പം  പങ്കെടുത്തിരുന്നു . കൗണ്‍സിലിംഗും നിയമ സഹായവുമാണ് യുവതി ആവശ്യപ്പെട്ടത്. അതുപ്രകാരം യുവതിക്ക് ആവശ്യമായ കൗൺസിലിംഗ് സഹായം ലഭ്യമാക്കുകയും നിയമ സഹായത്തിന് വേണ്ട നടപടികൾ കാസറഗോഡ് ജില്ലാ വനിത ശിശു വികസന ഓഫീസർ കവിത റാണി രഞ്ജിത്തിൻ്റെ നിർദ്ദേശപ്രകാരം സ്വീകരിച്ചിട്ടുണ്ടെന്നും കാസറഗോഡ്  മഹിളാ ശക്തി കേന്ദ്ര വനിതാ  ക്ഷേമ ഓഫീസർ  സുന എസ് ചന്ദ്രൻ അറിയിച്ചു


സ്ത്രീകളും പെണ്‍കുട്ടികളും അവരുടെ പ്രശ്‌നങ്ങള്‍ തുറന്ന് പറയാന്‍ കാതോര്‍ത്ത് ഓണ്‍ലൈന്‍ സേവനം തേടേണ്ടതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒരാള്‍ സേവനം ആവശ്യപ്പെട്ടു കഴിഞ്ഞാല്‍ എത്രയും വേഗം പോലീസ് സഹായം ലഭ്യമാക്കുന്നു. 48 മണിക്കൂറിനകം അവര്‍ക്ക് വേണ്ടി കൗണ്‍സിലിംഗ്, നിയമ സഹായത്തിന് വേണ്ടിയുള്ള അപ്പോയ്‌മെന്റ്, പോലീസിന് വേണ്ടിയുള്ള അപ്പോയ്‌മെന്റ് എന്നിവ എടുത്ത് നല്‍കുന്നു. രഹസ്യം കാത്തു സൂക്ഷിച്ച് സേവനം തേടാന്‍ കഴിയുന്ന ഈ ഓണ്‍ലൈന്‍ സേവനം അവശ്യ സമയത്ത് എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.


വനിത ശിശുവികസന വകുപ്പ് സംവിധാനവും ബോധവത്ക്കരണവും ശക്തിപ്പെടുത്താനായി ആക്ഷന്‍ പ്ലാന്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതാണ്. നിലവിലെ വകുപ്പുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കും. സംവിധാനങ്ങള്‍ സ്ത്രീകള്‍ക്ക് പരിചയപ്പെടുത്തുന്നതിനും അവര്‍ക്ക് ലഭ്യമാക്കുന്നതിനും ഉതകുന്ന അവബോധ പരിപാടികള്‍ സംഘടിപ്പിക്കും. ലിംഗാവബോധം വര്‍ധിപ്പിക്കുന്നതിന് പൊതുജനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. കാതോര്‍ത്ത് സേവനങ്ങള്‍ക്ക് (https://kathorthu.wcd.kerala.gov.in) പുറമെ 181 ഹെല്‍പ് ലൈന്‍ വഴിയും സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 83 ലീഗല്‍ സര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകള്‍ വഴിയും 39 ഫാമിലി കൗണ്‍സിലിംഗ് സെന്ററുകള്‍ വഴിയും സേവനങ്ങള്‍ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

No comments