Breaking News

ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ്; മുഖ്യമന്ത്രി വെള്ളിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചു


തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് വിതരണത്തിനുള്ള 80:20 അനുപാതം  റദ്ദാക്കിയ ഹൈക്കോടതി വിധിയെ തുടർന്നുള്ള നടപടികൾ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകിട്ട് 3.30 ന് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുക. 80:20 അനുപാതം അനുവദിച്ചുകൊണ്ടുള്ള 2015ലെ സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.

ന്യൂനപക്ഷ സമുദായംഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളില്‍ 80 ശതമാനം മുസ്ലീങ്ങള്‍ക്കും 20 ശതമാനം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുമായി നല്‍കിവരുന്ന നിലവിലെ അനുപാതം സംബന്ധിച്ച  ഉത്തരവാണ് റദ്ദാക്കിയത്. നിലവിലെ ജനസംഖ്യ കണക്കനുസരിച്ച് അനുപാതം പുനര്‍ നിശ്ചയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അനുപാതം 80:20 ആയി നിശ്ചയിച്ച സംസ്ഥാന സര്‍ക്കാരിന്റെ 2015ലെ ഉത്തരവാണ് റദ്ദാക്കിയത്. അഭിഭാഷകനായ ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

നിലവിലെ ജനസംഖ്യ പരിശോധിച്ച് ഈ അനുപാതം പുതുക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. നിലവിലെ അനുപാതം തയാറാക്കിയത് വേണ്ടത്ര പഠനമില്ലാതെയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി സമിതിയുടെ ടേംസ് ഓഫ് റഫറന്‍സ് സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതും പരിഗണനയില്‍ എടുത്താണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നടപടി. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടാണു കോടതി ഉത്തരവിട്ടിരിക്കുന്നത്.


ന്യൂനപക്ഷ വിഭാഗങ്ങളെ മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങിയ രീതിയില്‍ വേര്‍തിരിക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണെന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ജനസംഖ്യാ അനുപാതത്തില്‍ ലഭ്യമാക്കണമെന്നും അടക്കമുള്ള ആവശ്യങ്ങളാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ ഉയര്‍ത്തിയത്.

No comments