Breaking News

അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെയും മകളെയും നാട്ടിലെത്തിയ്ക്കണം; ഹേബിയസ് കോർപസ് ഹർജിയുമായി അമ്മ




കൊച്ചി: അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെയും മകനെയും നാട്ടിലെത്തിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. നിമിഷയുടെ അമ്മ ബിന്ദുവാണ് കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തത്.

നേരത്തെ ഐഎസ് കേസുകളുമായി ബന്ധപ്പെട്ട് ജയിലുകളില്‍ കഴിയുന്നവരെ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കാന്‍ അഫ്ഗാന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു. നിമിഷയടക്കം നാലുപേരെ ഏറ്റുവാങ്ങുന്നതിനുള്ള സന്നദ്ധത അഫ്ഗാന്‍ ഇന്ത്യയോട് തേടുകയും ചെയ്തു. എന്നാല്‍ അഫ്ഗാന്‍ ജയിലുകളില്‍ കഴിയുന്ന വനിതകളെ തിരിച്ചെത്തിയ്ക്കുന്നതില്‍ ആലോചനയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. അന്താരാഷ്ട്ര മതമൗലികവാദിക ശക്തികളുമായി യോജിച്ച് പ്രവര്‍ത്തിച്ച ഇവരെ തിരികെ കൊണ്ടുവരുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ നിലപാട്.




മാസങ്ങള്‍ക്ക് മുമ്പ് റോ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട ശബ്ദരേഖയില്‍ നാട്ടിലേക്ക് മടങ്ങാനുള്ള സന്നദ്ധത നിമിഷ ഫാത്തിമ പ്രകടിപ്പിയ്ക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാന്‍ ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ലെന്ന് നിമിഷയുടെ അമ്മ ബിന്ദു വ്യക്തമാക്കി. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കി. തുടര്‍ന്നാണ് മകളെ നാട്ടിലെത്തിയ്ക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിയ്ക്കുന്നത്.

നാട്ടിലെത്തിക്കഴിഞ്ഞാല്‍ നിയമാനുസൃതമായ വിചാരണയും ശിക്ഷയും നേരിടുന്നതില്‍ എതിര്‍പ്പില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അന്താരാഷ്ട്ര ഉടമ്പടികളും മനുഷ്യാവകാശവും മാനിച്ച് വിദേശത്തെ ജയിലില്‍ കഴിയുന്ന വനിതയെയും അവരുടെ അഞ്ചുവയസുപോലും പ്രായമില്ലാത്ത കുഞ്ഞിനെയും നാട്ടിലെത്തിയ്ക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.


സോണിയ, മെറിന്‍, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാന്‍ ജയിലിലുള്ളത്. ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം 2016-17 കാലഘട്ടത്തില്‍ ഇന്ത്യ വിട്ട് ഐഎസില്‍ ചേരാന്‍ പോയവരാണ് ഇവര്‍. ആദ്യം ഇറാനിലെത്തിയ ഇവര്‍ അവിടെ നിന്നും അഫ്ഗാനിസ്ഥാനിലെ ഖ്വാറേഷ്യന്‍ പ്രവിശ്യയിലെത്തുകയായിരുന്നു. പിന്നീട് അമേരിക്കന്‍ വ്യോമസേന നടത്തിയ മിസൈലാക്രമണത്തില്‍ ഈ നാല് പേരുടേയും ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടു. തുടര്‍ച്ചയായ ആക്രമണത്തില്‍ ഐഎസ് ഛിന്നഭിന്നമായതോടെ സ്ത്രീകളും കുട്ടികളുമടക്കം ഐഎസ് കേന്ദ്രങ്ങളിലുണ്ടായിരുന്ന 403 പേര്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങി. ഇന്ത്യയടക്കം 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ സംഘത്തിലുണ്ടായിരുന്നു.

തിരുവനന്തപുരം മണക്കാട് സ്വദേശിയായ ബിന്ദുവിൻ്റെ മകളായ നിമിഷ മെഡിക്കൽ ഡെൻ്റൽ വിദ്യാർത്ഥിനിയായിരുന്നു. ബക്സൺ എന്ന പേരുള്ള ഇസയെന്നയാളെ 2015ൽ വിവാഹം കഴിച്ച് ഇസ്ലാം മതത്തിൽ ചേർന്ന് നിമിഷാ ഫാത്തിമയെന്ന പേര് സ്വീകരിയ്ക്കുകയായിരുന്നു. വിവാഹത്തിന് രണ്ടു വർഷം മുമ്പ് പ്രണയകാലത്ത് 2013 സെപ്തംബറിൽ തിരുവനന്തപുരത്തെ സലഫി മസ്ജിദിൽ വെച്ചാണ് നിമിഷ പുതിയ പേര് സ്വീകരിച്ചത്.

മകളെ കാണാനില്ലന്ന പരാതിയുമായി ബിന്ദു കോടതിയെ സമീപിച്ചെങ്കിലും ഭർത്താവിനോടൊപ്പം ജീവിയ്ക്കാനാണ് താൽപ്പര്യം എന്നറിയച്ചതോടെ ഭർത്താവിനൊപ്പം പോകാൻ ഹൈക്കോടതി അനുവദിയ്ക്കുകയായിരുന്നു. പാലക്കാട് കണ്ണാടി എന്ന സ്ഥലത്തെ വാടക വീട്ടിൽ ഇരുവരും താമസമാക്കുകയും ചെയ്തു.

ഏതാനും മാസങ്ങൾക്കു ശേഷം നിമിഷയും ഭർത്താവും വ്യാപാര ആവശ്യങ്ങൾക്കായി ശ്രീലങ്കയിലേക്ക് പോയി ഇവിടെ വച്ച് ഐഎസ്ഭീ കര സംഘടനയുമായി ബന്ധപ്പെടുകയും അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോവുകയും ചെയ്തു. വർഷങ്ങളായി മകളുമായി ഫോണിൽ പോലും സംസാരിയ്ക്കാൻ സാധിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.

No comments