Breaking News

ബസവരാജ് ബൊമ്മെ കർണ്ണാടക മുഖ്യമന്ത്രി; ലിംഗായത്തുകളെയും യെഡിയൂരപ്പയെയും പിണക്കാതെ ബിജെപി

 


കർണാടക ബിജെപിയിലെ വൻമരമായ യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നു മാറ്റി പുതിയ മുഖത്തെ കൊണ്ടുവരിക ബിജെപിയെ സംബന്ധിച്ചെടുത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു. മുൻ അനുഭവങ്ങൾ തന്നെ അതിനു കാരണം. അതിനാൽ തന്നെ യെഡിയൂരപ്പയുടെ വിടവാങ്ങലും പുതിയ മുഖ്യമന്ത്രിയെ അവരോധിച്ചതുമെല്ലാം ബിജെപി കരുതലോടെയായിരുന്നു. ബസവരാജിന്റെ രാഷ്ട്രീയ പാരമ്പര്യത്തിനൊപ്പം അവിടെ മറ്റു ചില ഘടകങ്ങൾ കൂടി പരിഗണിക്കപ്പെട്ടു. ജാട്ടുകൾക്ക് സ്വാധീനമുള്ള ഹരിയാനയിൽ ആദ്യമായി ജാട്ട് ഇതര മുഖ്യമന്ത്രിയെ നിയോഗിച്ചതുപോലെയോ ജാർഖണ്ഡിൽ രഘു ബർ ദാസിനെ തെരഞ്ഞെടുത്തതുപോലെയോ ഒരു പരീക്ഷണത്തിന് ദക്ഷിണേന്ത്യയിൽ ആദ്യമായി താമര വിരിഞ്ഞ കർണാടകത്തിൽ ബിജെപി തയ്യാറായില്ല

യെഡ്ഢിയുടെ വിശ്വസ്തൻ, ലിംഗായത്ത്

യെഡിയൂരപ്പയെ മാറ്റിയതിലൂടെ ബിജെപി ദേശീയ നേതാക്കൾ തെറ്റായ തീരുമാനമെടുത്തുവെന്നും അതിനു വലിയ വില നൽകേണ്ടിവരുമെന്നുമായിരുന്നു ലിംഗായത്തുകളുടെ മുന്നറിയിപ്പ്. യെഡിയൂരപ്പയെ മുഖ്യമന്ത്രിയായി തിരികെ കൊണ്ടുവരണമെന്നു ബലെഹൊസൂർ മഠത്തിലെ ദിംഗലേശ്വർ സ്വാമി പരസ്യമായി പറയുകയും ചെയ്തു. ബിജെപി ദേശീയ നേതൃത്വം അതിന് തയ്യാറായില്ലെങ്കിലും പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തപ്പോൾ ജാതി സമവാക്യം പരിഗണിച്ചു. യെഡിയൂരപ്പയെ പോലെ ലിംഗായത്ത് സമുദായത്തിൽ നിന്നു തന്നെ പുതിയ മുഖ്യമന്ത്രിയെ തെരെഞ്ഞെടുത്തു. ലിംഗായത്തുകാരനായ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി. യെഡിയുരപ്പയുമായുള്ള അടുപ്പം അധിക യോഗ്യതയുമായി.

ബിജെപി വോട്ട് ബാങ്ക്

ബിജെപിക്ക് ആദ്യമായി കർണാടകത്തിൽ മുഖ്യമന്ത്രി ഉണ്ടാകുന്നത് 2007 ലാണ്. അതിന് എത്രയോ മുന്നേ 90 കളിൽ തന്നെ ലിംഗയാത്ത് സമുദായം ബിജെപിക്ക് ഒപ്പം നിലയുറപ്പിച്ചിരുന്നു. ഒരു കാലത്ത് കോൺഗ്രസിന്റെ ഉറച്ച വോട്ട് ബാങ്ക് ആയിരുന്നു ലിംഗയാത്തുകൾ. കോൺഗ്രസിലേക്ക് ലിംഗായത്തുകളെ അടുപ്പിച്ചു നിർത്തിയിരുന്ന നേതാവായിരുന്നു വിരേന്ദ്ര പാട്ടീൽ. 1989 ൽ അദേഹത്തിന്റെ നേതൃത്വത്തിൽ 224ൽ 179 സീറ്റ്‌ നേടിയാണ് കോൺഗ്രസ്‌ അധികാരത്തിൽ വന്നത്. എന്നാൽ അയോധ്യ രഥ യാത്രയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉണ്ടായ വർഗീയ സംഘർഷങ്ങളെ തുടർന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധി വീരേന്ദ്രപാട്ടീൽ സർക്കാരിനെ പുറത്താക്കി. സ്ട്രോക്കിനെ തുടർന്ന് പാട്ടീൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ബെംഗളൂരു എയർപോർട്ടിൽ വെച്ചായിരുന്നു രാജീവ്‌ ഗാന്ധിയുടെ പ്രഖ്യാപനം. അന്നുമുതൽ കോൺഗ്രസിൽ നിന്ന് അകന്ന ലിംഗായത്തുകൾ പിന്നീട് ബിജേപിയുടെ ഉറച്ച വോട്ട് ബാങ്കായി മാറി.

മുൻ അനുഭവം പാഠമാക്കി ബിജെപി

2013 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപായിരുന്നു ബിജെപിയുമായി തെറ്റിപിരിഞ്ഞു യെഡിയൂരപ്പ കർണാടക ജനത പക്ഷ എന്ന പാർട്ടി രൂപീകരിച്ചത്. ഇതു ബിജെപിക്ക് ഉണ്ടാക്കിയ ദോഷം ചെറുതായിരുന്നില്ല. ആറു സീറ്റിലെ വിജയിച്ചുള്ളുവെങ്കിലും മിക്ക മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർഥികളെ തോല്പിക്കാൻ കെജെപിക്കായി. ലിംഗായത്ത് വോട്ടുകൾ ഭിന്നിപ്പിക്കപ്പെട്ടത്തോടെ 2008ൽ 110 സീറ്റ്‌ ഉണ്ടായിരുന്ന ബിജെപി 40ലേക്ക് കൂപ്പുകുത്തി. വോട്ട് ശതമാനം 33.86 ഉണ്ടായിരുന്നത് 19.95 ആയി ഇടിഞ്ഞു. പിന്നീട് 2014 ലോക്സഭ തെരരെഞ്ഞെടുപ്പിന് മുൻപേ പിണക്കം മറന്ന് യെഡിയൂരപ്പയെ തിരിച്ചെത്തിച്ചു പഴയ വോട്ട് ബാങ്ക് തിരിച്ചു പിടിക്കുകയായിരുന്നു ബിജെപി.

മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും സംഘടന രംഗത്ത് സജീവമായി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന യെഡ്ഢി അതുകൊണ്ട് തന്നെ കർണാടക രാഷ്ട്രീയത്തിൽ നിന്ന് അപ്രത്യക്ഷനാകുമെന്ന് പറയുക വയ്യ. യെഡിയൂരപ്പയുടെ സ്വാധീനം തെളിയിക്കുന്നത് ഒരുകാര്യത്തിൽ കൂടി ആയിരിക്കും. മകൾക്ക് സുപ്രധാന പദവി ലഭിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.

No comments