മലയോരംഫ്ലാഷിന് വേണ്ടി സന്തോഷ് നാട്യാഞ്ജലി എഴുതുന്ന 'ചരിത്ര വീഥികളിലൂടെ..' യാത്രാവിവരണ പരമ്പരയിൽ ഇന്ന് "ശപിക്കപ്പെട്ട നഗരം തേടിയുള്ള യാത്ര"
കർണാടകയിലെ മൈസൂരിൽ നിന്ന് 44 കിലോമീറ്റർ അകലെയുള്ളതും ടി.നരസിപുര എന്ന സ്ഥലത്തിനടുത്ത്, കാവേരി നദീതടത്തിൽ ഏക്കറുകളോളം പരന്നു കിടക്കുന്നതുമായ, അതിപ്രാചീന ചരിത്രസ്മാരകമാണ് തലക്കാട്. നൂറ്റാണ്ടുകൾക്കു മുമ്പ് മണ്ണിനടിയിൽ ആണ്ടുപോയ ഈ പ്രാചീന നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടുകൊണ്ട് ആ മണൽപരപ്പിലൂടെ നടന്നാൽ, ഒരു കാലഘട്ടത്തിലെ മഹാ സംസ്കാരത്തിന്റെ മടിത്തട്ടിലേക്ക് നാം കടന്നുചെന്ന് എത്തും. ഇപ്പോൾ പുരാവസ്തു വകുപ്പിന് കീഴിലുള്ള ക്ഷേത്ര സ്മാരകങ്ങൾ ഇരിക്കുന്ന പ്രദേശം പഴയകാലത്ത് ഗംഗ ചോളരാജവംശം ങ്ങളുടെയും പിന്നീട് ഹൊയ്സാല- വിജയനഗര സാമ്രാജ്യത്തിന്റെ യും അധീനതയിൽ ആയിരുന്നു. അവിടെ നിന്നും തലക്കാട് ദേശം മൈസൂരുവിലെ വൊഡയാർ രാജാക്കന്മാരുടെ കയ്യിലുമെത്തി.
ഇപ്പോഴും മണ്ണിനടിയിൽ ആണ്ടുകിടക്കുന്ന മുപ്പതോളം ക്ഷേത്രങ്ങളിൽ ഏതാനും ഭാഗം മാത്രമാണ് അടുത്തകാലത്തായി കണ്ടെടുക്കപ്പെട്ടിട്ടുള്ളത്.
മൈസൂരിലെ വോഡയാർ രാജവംശത്തിന് മേൽപ്പതിച്ച ഒരു ശാപത്തിന്റെ കഥയുമായാണ് ഇവിടുത്തെ മണൽതരികൾ സഞ്ചാരികളെ ഇങ്ങോട്ടേയ്ക്ക് വരവേൽക്കുന്നത്. പതിനേഴാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിനു വേണ്ടി ശ്രീരംഗപട്ടണം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ശ്രീരംഗരായർ എന്ന് തിരുമല രാജാവിന് ഒരു മാറാവ്യാധി പിടിപെടുകയും രോഗശമനത്തിനായി അദ്ദേഹം, തലക്കാട് വൈദ്യനാഥ ക്ഷേത്രത്തിൽ ഭജനമിരിക്കാൻ പോവുകയും ചെയ്തു. അദ്ദേഹം പോയ അവസരത്തിൽ പത്നിയായ അലമേലമ്മയെയാണ് അധികാരം ഏൽപ്പിച്ചത്. എന്നാൽ ഭർത്താവിന് അസുഖം മൂർച്ഛിച്ചു എന്നറിഞ്ഞ് അലമേലമ്മ രാജ്യകാര്യങ്ങൾ മൈസൂരിലെ വോഡയാർ രാജാവിനെ ഏൽപ്പിച്ചശേഷം തലക്കാട് പോകുകയാണുണ്ടായത്. അധികാരമോഹിയായ വൊഡയാർ രാജാവ്, ഇതൊരവസരമായികണ്ട്, ശ്രീരംഗപട്ടണം പിടിച്ചെടുക്കാൻ ശ്രമിക്കുകയും രാജ്ഞിയുടെ തേയുള്ളതും തൊട്ടടുത്ത ദേവീക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്നതുമായ ചില പാരമ്പര്യ ആഭരണങ്ങൾ കവരാൻ ശ്രമിക്കുകയും ചെയ്യുന്നു. വാർത്തയറിഞ്ഞ്, നിസ്സഹായയായ അലമേലമ്മ, വോഡയാർ രാജവംശത്തിനു മേൽ ഏതാനും ശാപവാക്കുകൾ ചൊരിഞ്ഞു കൊണ്ട്, കാവേരി നദിയിൽചാടി ജീവത്യാഗം ചെയ്യുന്നു, എന്നതാണ് കഥ. "തലക്കാട് നഗരം മണ്ണിനടിയിൽ ആവട്ടെ,മൈസൂർ രാജാക്കന്മാർക്ക് അനന്തരാവകാശികൾ ഇല്ലാതാവട്ടെ, മലിംഗി നദിയിൽ ചുഴികൾ നിറഞ്ഞു നിൽക്കട്ടെ എന്നുമായിരുന്നു അവരുടെ ശാപ വചനം എന്നും, അത് വിശ്വസനീയമായ തരത്തിൽ ശരിയായി എന്നും പഴമക്കാർ പറയുന്നു. ഐതിഹ്യവും ചരിത്രവും കെട്ടുപിണഞ്ഞുകിടക്കുന്ന തലക്കാട് ദേശം ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകൾ നിമിത്തം കാലക്രമേണ മണ്ണിൽ ആണ്ട് പോയതാണ് എന്ന് ചരിത്രകാരന്മാർ പറയുന്നു .ശക്തമായ മണൽക്കാറ്റ് മൂലമോ, കാവേരി നദിയിലെ ജലനിരപ്പ് ഉയർന്നതോ ആവാം ഇതിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്.
യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് പൊതുവെ എല്ലാവരും. എന്നാൽ സമയക്കുറവിന്റെയും, സാമ്പത്തിക പ്രശ്നങ്ങളുടെയും കാര്യം പറഞ്ഞു യാത്രചെയ്യാൻ കിട്ടുന്ന അവസരങ്ങൾ ഒഴിവാക്കുന്നവർ ആണ് കൂടുതൽ പേരും. തന്റെ നിശ്ചിത വരുമാനത്തിൽ നിന്ന് ഒരു ഭാഗം യാത്രകൾക്കായി മാറ്റിവയ്ക്കുകയും വർഷം തോറും നമ്മുടെ നാടിനെ കണ്ടറിയാൻ ഏതെങ്കിലും ഒരു ചരിത്രസ്മാരക ത്തിലേക്ക് തനിയെ യാത്ര പുറപ്പെടുകയും ചെയ്യുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്. അദ്ദേഹത്തോടൊപ്പം ആണ് എന്റെ ഇത്തവണത്തെ യാത്ര. യാത്രാ ദിവസം പുലർച്ചെയോടെ ചെറുപുഴ ബസ്റ്റാൻഡിൽ എത്തിയ എന്നെ കാത്ത് സത്രാജിത്ത് തന്റെ കാറുമായി അവിടെ നിൽപ്പുണ്ടായിരുന്നു. തന്റെ ഓരോ യാത്രയെ കുറിച്ചും വ്യക്തമായ പ്ലാനുകൾ ഉള്ള അദ്ദേഹം ഒപ്പം ഉണ്ടായിരുന്നതിനാൽ എനിക്ക് കാഴ്ചകൾ കൂടുതൽ ആസ്വദിക്കുവാനും അവയെപ്പറ്റി കൂടുതൽ ചിന്തിക്കുവാനും ഇഷ്ടംപോലെ സമയം ലഭിച്ചു. പുലർച്ചെ അഞ്ചു മണിക്ക് ചെറുപുഴയിൽ നിന്നും യാത്ര തിരിച്ച ഞങ്ങൾ ഒമ്പതുമണിയോടെ തലക്കാട് എത്തിച്ചേർന്നു. തലക്കാടിന്റെ ചരിത്രം ധാരാളം മിത്തുകളും ആയി ബന്ധപ്പെട്ടതാണ്. പഴയ കാലത്ത് ഇവിടം 'ദലവന' എന്നറിയപ്പെട്ടിരുന്നു. ലങ്കയിലേക്കുള്ള യാത്രാമധ്യേ ശ്രീരാമനും സംഘവും ഇവിടെ താമസിച്ചു എന്നൊരു ഐതിഹ്യമുണ്ട്. എന്നാൽ 247 CE മുതൽ 266 CE വരെയുള്ള കാലഘട്ടത്തിൽ തലക്കാട് ആസ്ഥാനമാക്കി നാടുഭരിച്ചിരുന്ന ഗംഗാ രാജവംശത്തിലെ ഹരിവർമ്മനുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിന്റെ യഥാർത്ഥ ചരിത്രം ആരംഭിക്കുന്നത്. തുടർന്നുള്ള ചരിത്രം മൈസൂരു ഭരണാധികാരികൾക്കുമേൽ അലമേലമ്മ നൽകിയ ശാപം വരെ എത്തി നിൽക്കുന്നു. ശാപ കഥ എന്തായാലും ഒരുകാലത്ത് മുപ്പതോളം ക്ഷേത്രങ്ങളും നിരവധി മന്ദിരങ്ങളും നിറഞ്ഞുനിന്നിരുന്ന ഈ ജനവാസകേന്ദ്രം അടുത്തകാലം വരെ മണ്ണിനടിയിൽ ആയിരുന്നുവെന്ന് ചരിത്രപഠനങ്ങൾ തെളിയിച്ചു കഴിഞ്ഞു. പഴയകാലത്ത് ജനാധിവാസം ഉണ്ടായിരുന്ന ഇവിടെനിന്ന് ജനങ്ങൾ കൂട്ടത്തോടെ നാടുവിടുകയായിരുന്നു, എന്നതിനുള്ള ചില തെളിവുകൾ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഇവിടെ ഗവേഷണങ്ങൾ ആരംഭിച്ചതും കീർത്തി നാരായണ, വൈദ്യനാഥേശ്വര ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതും എന്ന് കരുതുന്നു. പിന്നീട് നടന്ന ഉദ്ഘനന ങ്ങളിലൂടെ ആനന്ദേശ്വരം, ഗൗരീശങ്കര, പാതാളേശ്വര ശിവക്ഷേത്രങ്ങളും കണ്ടെടുക്കപ്പെട്ടു. ഇവിടുത്തെ ആനന്ദേശ്വരം ക്ഷേത്രത്തിന് സമീപത്തുനിന്നും അക്കാലഘട്ടത്തിലെ നിർമ്മാണ പ്രവൃത്തികളുടെ ചരിത്രം രേഖപ്പെടുത്തിയതും, കന്നടയിലും തമിഴിലും ഉള്ളതുമായ ധാരാളം ശിലാലിഖിതങ്ങൾ ചരിത്രഗവേഷകർ ലഭിച്ചിട്ടുണ്ട്. നഗരത്തിലെ പല ഭാഗങ്ങളും ഇപ്പോഴും മണ്ണിൽ പുതഞ്ഞു കിടപ്പുണ്ടെന്ന് പറയപ്പെടുന്നു. കേട്ടുകേൾവികളും ചരിത്രവും കെട്ടുപിണഞ്ഞുകിടക്കുന്നതും അതിപ്രാചീനമായ ഒരു ഭൂതകാല ചരിത്രം ഉള്ളതുമായ തലക്കാടിന്റെ കഥ കണ്ടറിയുവാനും ഇവിടുത്തെ ചരിത്രസ്മാരകങ്ങളുടെ നിർമ്മാണ ഭംഗിയും, പ്രകൃതിസൗന്ദര്യവും ആസ്വദിക്കുവാനും ആഗ്രഹിക്കുന്നവർ ഒരിക്കലെങ്കിലും ഇവിടെ വരിക. മണൽപരപ്പിൽ കൂടി കുറെ ദൂരം നടന്നാൽ നമുക്ക് കാവേരി നദിക്കരയിൽ എത്താം. പൊതുവേ ശാന്തയായ കാവേരി നദിയിൽ മുങ്ങി കുളിക്കുവാനും കുട്ടവഞ്ചിയിൽ യാത്ര നടത്തുവാനുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. നിരവധി ഉപദംശംങ്ങളോട് കൂടിയതും പച്ചരി ചോറ് കൊണ്ടുള്ളതുമായ ഉച്ചഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ തലക്കാട് കാഴ്ചകൾ കാണാനിറങ്ങി.
മണൽപരപ്പിലൂടെ കിലോമീറ്ററുകളോളം സഞ്ചരിക്കുമ്പോൾ അവിടവിടെയായി നിരവധി ക്ഷേത്രങ്ങളുടെയും നിർമ്മിതികളെയും അവശിഷ്ടങ്ങൾ നമുക്ക് കാണാൻ കഴിയും. ചില ഭാഗങ്ങളിൽ ഗവേഷണങ്ങൾ നടക്കുന്നതിനാൽ അങ്ങോട്ട് പ്രവേശനം അനുവദിച്ചിട്ടില്ല. ശിവ സങ്കൽപവുമായി ബന്ധപ്പെട്ട അഞ്ച് പ്രധാനക്ഷേത്രങ്ങൾ ഇപ്പോഴും നമുക്ക് ഇവിടെ കാണാം. രാമാനുജാചാര്യർ പ്രതിഷ്ഠിച്ചതെന്ന് കരുതുന്ന ചില വിഷ്ണു ക്ഷേത്രങ്ങളും ഇവിടെയുണ്ട്. നിഗൂഢതകൾ നിറഞ്ഞ തലക്കാടിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള കഥകൾ ഒരു തിരശ്ശീലയിൽ എന്നവണ്ണം മനസ്സിൽ തെളിഞ്ഞുനിന്നു. ഇവിടുത്തെ കാഴ്ചകൾ കണ്ട ശേഷം ഞങ്ങൾ പോകുന്നത് ഏകദേശം അമ്പത് കിലോമീറ്റർ അകലെയുള്ള അരസിനക്കര ജോടിബസവ ക്ഷേത്രത്തിലേക്കാണ്. ഗ്രാമവീഥികൾ പിന്നിട്ട്, ദുർഘടമായ ഒരു പാതയിലൂടെ സഞ്ചരിച്ച ഞങ്ങൾ, പാടത്തെ ചെളിയിൽ ആഴത്തിൽ പുതഞ്ഞു കിടക്കുന്നതും അടുത്തകാലത്ത് ഗവേഷണത്തിലൂടെ പുറത്തെടുക്ക പ്പെട്ടതുമായ ഒരു കൂറ്റൻ നന്ദി ശില്പത്തിന്റെ അവശിഷ്ടങ്ങൾ കാണുവാൻ പോയി. നാലു നൂറ്റാണ്ടുകൾ പഴക്കമുള്ളതെന്ന് കരുതപ്പെടുന്നതും, ഇപ്പോഴും ഗവേഷണം നടക്കുന്നതുമായ ആ പ്രദേശത്ത്, വെള്ളം കെട്ടി നിൽക്കുന്നതിനാൽ അവിടുത്തെ കാഴ്ചകൾ ശരിയായി ആസ്വദിക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അവിടെയുള്ള പാടത്ത് കൃഷി ജോലിയിലേർപ്പെട്ടിരുന്നവരിൽ ചിലർ ആ പ്രദേശത്തിന്റെ ഭൂതകാലവും, പിന്നീട് അവ കണ്ടെത്താനുണ്ടായ സാഹചര്യവും ഞങ്ങൾക്ക് വിശദീകരിച്ചു തന്നു.
ഇവിടെ നിന്നും ഏകദേശം അമ്പത്തഞ്ച് കിലോമീറ്റർ അകലെയുള്ള സോമനാഥപുര ആണ്, ഞങ്ങളുടെ അടുത്ത ലക്ഷ്യം. മഞ്ഞ്കൊണ്ടുള്ള ചെറിയ പന്തുകൾ കയ്യിലേന്തി നിൽക്കുന്നത് പോലെ, ഇലകൾ കൊഴിഞ്ഞ പാകം എത്തിയ കായ്കളുമായി നിരന്നുനിൽക്കുന്ന പരുത്തി ചെടികളുടെ ഭംഗിയുള്ള കാഴ്ച ഞങ്ങളെ ആകർഷിച്ചു. 1258ൽ നിർമ്മിക്കപ്പെട്ടത്, എന്ന് കരുതുന്ന സോമനാഥപുര കേശവക്ഷേത്രം ഹൊയ്സാല രാജവംശത്തിന്റെ കാലത്തെ ഒരു നിർമ്മിതിയാണ്. ഇതിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയത് നരസിംഹ മൂന്നാമത്തെ കാലഘട്ടത്തിൽ സോമനാഥ ഗണനായക, എന്ന ഉദ്യോഗസ്ഥൻ ആയിരുന്നുവെന്ന് രേഖകൾ പറയുന്നു.
എഴുത്ത്: സന്തോഷ് നാട്യാഞ്ജലി (9645233189)
കൂടുതൽ യാത്ര വിവരണങ്ങൾ വായിക്കാൻ
"ശിലയിൽ തീർത്ത മഹാകാവ്യം"- അജന്ത- എല്ലോറ
വായിക്കാനായി ലിങ്ക് തുറക്കുക👇
http://www.malayoramflash.com/2021/07/ajantha-ellora-caves-t.html
"മിനാരങ്ങളുടെ നാട്ടിലേക്ക്.." ഹൈദ്രാബാദ് യാത്ര
വായിക്കാനായി ലിങ്ക് തുറക്കുക👇
https://www.malayoramflash.com/2021/07/santhosh-natyanjali-hydrabad.html
'മനുഷ്യായുസ്സിൽ ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ടുന്ന മഹാത്ഭുതം-ഹംപി'
വായിക്കാനായി ലിങ്ക് തുറക്കുക👇
https://www.malayoramflash.com/2021/07/hampi-tourisam.html
''സാലഭഞ്ജികമാരുടെ നാട്ടിലേക്ക്.. ''
വായിക്കാനായി ലിങ്ക് തുറക്കുക👇
http://www.malayoramflash.com/2021/07/blog-post_18.html
'ആന്ധ്രപ്രദേശിലെ അനന്തപുര ജില്ലയിലെ ലേപാക്ഷിയിലേക്ക്...'
വായിക്കാനായി ലിങ്ക് തുറക്കുക👇
http://www.malayoramflash.com/2021/07/travel-santhosh.html































No comments