Breaking News

യാത്രാ വിലക്ക് മാറാതെ യു എ ഇയിലേക്ക് ടിക്കറ്റെടുത്താല്‍ കാത്തിരിക്കുന്നത് ചതിക്കുഴികള്‍




ഷാര്‍ജ | ദുബൈയിലേക്കുള്ള യാത്രാ വിലക്ക് മാറിക്കിട്ടാന്‍ കണ്ണും നട്ട് കാത്തിരിക്കുകയാണ് മലയാളികളടക്കമുള്ള പ്രവാസികള്‍. എന്ത് വില കൊടുത്തും യു.എ.ഇയില്‍ മടങ്ങിയെത്തണമെന്ന് മാത്രമാണ് അവരുടെ ആഗ്രഹം. എന്നാല്‍ ആവേശം കൂടി കുരുക്കില്‍ ചാടി പണം നഷ്ടമാകാനും സാധ്യതയുണ്ട്.

യാത്രാ വിലക്ക് മാറാതെ ടിക്കറ്റ് ബുക്ക് ചെയ്ത് കുടുങ്ങിയവരും കുടുങ്ങുന്നവരും ഏറെയാണ്. സമയത്തിന് യാത്ര ചെയ്യാന്‍ കഴിയാതെ വരുന്നതോടെ പണം നഷ്ടമാവുന്ന സ്ഥിതിയുണ്ട്. യു.എ.ഇയിലേക്ക് ഇന്ത്യക്കാര്‍ക്ക് അനിശ്ചിത കാല യാത്രാ വിലക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇനി എപ്പോള്‍ ഈ വിലക്ക് നീങ്ങുമെന്ന ആശങ്കയിലാണ് പ്രവാസികള്‍.


ജൂലൈ ആദ്യ വാരം വിമാന സര്‍വ്വീസ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വിമാന കമ്പനികള്‍ക്ക് ഉറച്ച തീരുമാനം കൈകൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ജൂലൈ 1 മുതല്‍ ടിക്കറ്റ് ലഭ്യമാണെന്ന് ട്രാവല്‍ ഏജന്റുകള്‍ പറയുന്നു. വിമാന കമ്പനികളുടെ വെബ്‌സൈറ്റില്‍ കയറിയോ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്.

എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം സമയത്തിന് വിമാന സര്‍വീസ് തുടങ്ങിയില്ലെങ്കില്‍ ആ പണം തിരികെ ലഭിക്കില്ലെന്നാണ് ട്രാവല്‍ ഏജന്റുകളുടെ നിലപാട്. ഭൂരിപക്ഷം വിമാന കമ്പനികളും പണം തിരികെ നല്‍കാറില്ല എന്നതാണ് സത്യം. ഇക്കാര്യം അവരുടെ വെബ്‌സൈറ്റില്‍ കൃത്യമായി വിശദീകരിക്കാറുണ്ട്.

എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെയാണ് പ്രവാസികള്‍ ടിക്കറ്റ് ബുക്കിംഗ് നടത്താറുള്ളത്. പണം തിരികെ ലഭിക്കുന്നില്ലെങ്കിലും തിയ്യതി മാറ്റി യാത്ര ചെയ്യാന്‍ അനുവദിക്കും. പക്ഷെ പലര്‍ക്കും സൗകര്യപ്രദമായിരിക്കില്ല ഈ ദിവസങ്ങള്‍. കാരണം കഴിയുന്നത്ര വേഗത്തില്‍ ദുബൈയിലെത്താന്‍ ശ്രമിക്കുന്നവര്‍ ഈ ദിവസത്തിന് കാത്തുനില്‍ക്കാതെ വേറൊരു വിമാനത്തില്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ടി വരുന്നു.

എന്നാല്‍ വിമാന യാത്രാ വിലക്ക് നീങ്ങാതെയുള്ള ടിക്കറ്റ് ബുക്കിംഗ് ഭൂരിപക്ഷം ട്രാവല്‍ ഏജന്‍സികളും പ്രോത്സാഹിപ്പിക്കാറില്ല. ടിക്കറ്റ് ബുക്ക് ചെയ്താലുള്ള അപകടം പറഞ്ഞ് മനസിലാക്കൊടുക്കാറുമുണ്ട്. എന്നാല്‍ നാട്ടില്‍ നിന്നുള്ള ചില ഏജന്‍സികള്‍ ഉപഭോക്താക്കളില്‍ നിന്ന് ഇക്കാര്യം മറച്ച് വെച്ച് ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കുന്നുണ്ടെന്നാണ് വിവരം. ഇതിന് പുറമെ സ്വന്തം നിലയില്‍ എയര്‍ലൈനുകളുടെ വെബ്‌സൈറ്റ് വഴിയും മറ്റ് യാത്രാ വെബ്‌സൈറ്റുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്ത് പ്രവാസികള്‍ അറിഞ്ഞോ അറിയാതെയോ പണം പാഴാക്കുകയാണ് ചെയ്യുന്നത്.

അതേസമയം ടിക്കറ്റ് ബുക്കിംഗ് തുടങ്ങി എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും ചിലരെ വലയില്‍ വീഴ്ത്താറുണ്ടെന്നത് സത്യമാണ്. നിലവില്‍ കേരളത്തില്‍ നിന്ന് ദുബൈയിലെത്താന്‍ 1500 ദിര്‍ഹമിന് മുകളിലാണ് ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. എന്നാല്‍ ശ്രദ്ധക്കുറവും അമിതാവേശവും കാണിച്ച് ടിക്കറ്റെടുക്കുന്ന പ്രവാസികള്‍ ഈ പണം വെറുതെ നഷ്ടപ്പെടുത്തിക്കളയുകയാണ് ചെയ്യുന്നത്.





No comments