അര്‍ജന്റിനയുടെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടി രണ്ടു പേര്‍ക്ക് പരിക്ക്
തിരൂര്‍: താനാളൂരിൽ അര്‍ജന്റിനയുടെ വിജയാഹ്ലാദത്തിനിടെ പടക്കംപൊട്ടി രണ്ടു പേര്‍ക്ക് പരിക്ക്.
ഇന്ന് രാവിലെ താനാളൂര്‍ ചുങ്കത്ത് വെച്ച് പടക്കം പൊട്ടി കണ്ണറയില്‍ ഇജാസ് (33) പുച്ചേങ്ങല്‍ സിറാജ് (31) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണ്. അത്യാഹിത വിഭാഗത്തിലാണ് ഇരുവരെയും പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെയോടെയാണ് കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്‍റീന ജയിച്ചതോടെ വിജയാഘോഷവുമായി ആരാധകര്‍ തെരുവില്‍ ഇറങ്ങിയത്. പടക്കം പൊട്ടിച്ചുകൊണ്ടായിരുന്നു ആഹ്ലാദപ്രകടനം നടത്തിയത്.
ഇതിനിടെയാണ് വീര്യമേറിയ പടക്കം ഉഗ്രശബ്ദത്തോടെ പൊട്ടിയത്.തൊട്ടു അടുത്ത് നില്‍ക്കുകയായിരുന്ന ഇജാസിനും സിറാജിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരുടെയും ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്.
ഉടന്‍ തന്നെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
No comments