Breaking News

വെസ്റ്റ്എളേരി കിളിയഞ്ചാലിൽ ചൈത്രവാഹിനി പുഴയ്ക്ക് കുറുകെ പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു


വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി പഞ്ചായത്തിലെ കിളിയൻചാലിൽ ചൈത്രവാഹിനി പുഴയ്ക്ക് കുറുകെ റോഡ് പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്തിലെ 4,5 വാർഡുകളിൽ പെടുന്ന കിളിയംചാൽ, പുന്നക്കുന്ന്, അടുക്കളംപാടി, കണ്ണൻകുന്ന് , പലേരിതട്ട് , മയിലുവള്ളി, തൊട്ടി, എരംകുന്ന് പ്രദേശങ്ങളിലെ പട്ടികജാതി പട്ടികവർഗ കുടുംബങ്ങൾ ഉൾപ്പെടെ  500ൽ അധികം വീട്ടുകാർക്ക് ഇവിടെ പാലം വന്നാൽ എറെ അനുഗ്രഹമാകും.


നാട്ടുകാരുടെ നിരന്തരമായ മുറവിളിയെ തുടർന്ന് 2011ൽ ഇവിടെ ക്രോസ് ബാർ കം-ബ്രിഡ്ജ് നിർമിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തീരുമാനമെടുത്തിരുന്നു.

 2015ൽ മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ ഇറിഗേഷൻ വകുപ്പ് അധികൃതർ സഥലം സന്ദർശിച്ച്  പുഴയിലെ ജലനിരപ്പും മെഷർമെന്റും എടുത്തിരുന്നു. എന്നാൽ പദ്ധതിക്ക് കൂടുതൽ പണം വേണ്ടിവരുമെന്ന് പറഞ്ഞ് മേജർ ഇറിഗേഷന് കൈമാറിയെങ്കിലും 6 വർഷമായിട്ടും തുടർ നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. വരക്കാട് പറമ്പ പൊതുമരാമത്ത് റോഡിൽ നിന്നു വെള്ളരിക്കുണ്ട് മാലോം പൊതുമരാമത്ത് റോഡിൽ നിന്നും കിളിയംചാൽ പുഴവരെ പഞ്ചായത്ത് റോഡ് നിലവിലുണ്ടെങ്കിലും മഴക്കാലം ആരംഭിക്കുന്നതോടെ ഇവിടുത്തെ ജനങ്ങൾക്ക് ദുരിതം തുടങ്ങും.


പാലം വന്നാൽ പുഴയ്ക്ക് ഇക്കരെയുള്ള അടുക്കളംപാടി,കണ്ണൻകുന്ന്,പലേരിത്തട്ട്, മങ്കം, എളേരിത്തട്ട് പ്രദേശങ്ങളിലെ ജനങ്ങൾക്ക് താലൂക്ക്  ഓഫിസ്, സബ്റജിസ്ട്രാർ ഓഫിസ്, സബ്ട്രഷറി, ആർടി ഓഫിസ്, സപ്ലൈ ഓഫിസ്, എന്നിവിടങ്ങളിലെത്താനും പുന്നക്കുന്ന് കണ്ണൻകുന്ന് പ്രദേശങ്ങളിലുള്ളവർക്ക് പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, എളേരിത്തട്ട് ഗവ.കോളജ്, വരക്കാട് ഹയർ സെക്കൻഡറി സ്കൂൾ, ഭീമനടി ഗവ.വനിത എൈടിഐ എന്നിവിടങ്ങളിലെത്താനും 7 കിലോമീറ്റർ ദൂരം ലാഭിക്കാം. 


മഴക്കാലത്ത് പുഴ കടക്കാൻ നിർവാഹമില്ലാത്തതിനാൽ പട്ടികജാതി വിഭാഗത്തിൽ പെട്ട കാർഷിക തൊഴിലാളികൾക്ക് കൂലിപ്പണിക്ക് പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്. പാലം നിർമിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എം.കുഞ്ഞമ്പു ചെയർമാനും സാജൻ പുളിക്കേക്കുന്നേൽ കൺവീനറുമായി ആക്‌ക്ഷൻ കമ്മിറ്റിയും നിലവിലുണ്ട്

No comments