Breaking News

കോവിഡിനെ തോൽപ്പിച്ചു കഥയുടെ കുലപതി; കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ടി പത്മനാഭൻ ആശുപത്രി വിട്ടു


കണ്ണൂര്‍: കോവിഡ്‌ രോഗബാധിതനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കഥാകൃത്ത് ടി പത്മനാഭന്‍, രോഗമുക്തി നേടി ആശുപത്രി വിട്ടു. പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനുമൊപ്പം കോവിഡ്‌ ന്യുമോണിയയും ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 23 നാണ്‌ ടി പത്മനാഭനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. 11 ദിവസത്തെ ചികിത്സയ്ക്ക്‌ ശേഷമാണ്‌ കോവിഡിനെ തോല്‍പിച്ച്‌ കഥയുടെ കുലപതി വീട്ടിലേക്ക്‌ മടങ്ങിയിരിക്കുന്നത്‌. സന്തതസഹചാരി രാമചന്ദ്രനും ഒപ്പം കോവിഡ്‌ ബാധിതനായി ചികിത്സയിലുണ്ടായിരുന്നു. അദ്ദേഹവും രോഗമുക്തനായി.


എം. വിജിന്‍ എം.എല്‍.എ, മെഡിക്കല്‍ കോളേജ്‌ പ്രിന്‍സിപ്പാള്‍ ഡോ എസ്‌ അജിത്ത്‌, ആശുപത്രി സൂപ്രണ്ട്‌ ഡോ കെ സൂദീപ്‌, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ ഡി കെ മനോജ്‌, ആര്‍.എം. ഒ സരിന്‍ എസ്‌. എം, നേഴ്സിംഗ്‌ സൂപ്രണ്ട്‌ റോസമ്മ സണ്ണി തുടങ്ങിയവര്‍ ചേര്‍ന്നാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും യാത്രയാക്കിയത്‌. കോവിഡിനെ പോരാടി തോല്‍പ്പിക്കാന്‍ കരുത്തുപകര്‍ന്നതിന്‌ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ ടി. പത്മനാഭന്‍ നന്ദി അറിയിച്ചു. കോവിഡ്‌ മുക്തനായെങ്കിലും രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. 14 ദിവസം കഴിഞ്ഞ്‌ വീണ്ടും പരിയാരത്തെത്തി പരിശോധന നടത്തണമെന്നും മെഡിക്കല്‍ ബോര്‍ഡ്‌ നിര്‍ദ്ദേശിച്ചു.

മെഡിക്കല്‍ കോളേജ്‌ പ്രിന്‍സിപ്പാള്‍ ഡോ എസ്‌ അജിത്ത്‌ ചെയര്‍മാനും മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ കെ സുദീപ്‌ കണ്‍വീനറുമായ പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തിലാണ്‌ ടി പത്മനാഭന്റെ ചികിത്സ നടന്നത്‌. ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടും ശ്വാസകോശ രോഗ വിദഗ്ദനുമായ ഡോ ഡി കെ മനോജ്‌, ഡോ രഞ്ജിത്‌ കുമാര്‍ (ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി), ഡോ. എസ്‌. എം അഷ്‌റഫ്‌ (കാര്‍ഡിയോളജി വിഭാഗം മേധാവി), ഡോ.സരിന്‍ എസ്‌ എം (ആര്‍.എം.ഒ), ഡോ പ്രമോദ്‌ വി. കെ (കോവിഡ്‌ നോഡല്‍ ഓഫീസര്‍) എന്നിവര്‍ മെഡിക്കല്‍ ബോര്‍ഡില്‍ അംഗങ്ങളായിരുന്നു.

No comments