Breaking News

മലയോരത്തെ വന്യമൃഗ ശല്യം: ആഗസ്റ്റ് 6ന് അടിയന്തിര യോഗം വിളിച്ച് ചേർക്കാൻ ജില്ലാ വികസന സമിതി യോഗ തീരുമാനം



കാസർകോട്: ജില്ലയിലെ മലയോര പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലാതലത്തിൽ ജനപ്രതിനിധികളുടേയും ഉദ്യാഗസ്ഥരുടെയും യോഗം അടിയന്തരമായി വിളിച്ചു ചേർക്കുന്നതിന് ജില്ലാതല വികസന സമിതി യോഗം തീരുമാനിച്ചു. ആഗസ്റ്റ് ആറിന് വൈകീട്ട് അഞ്ചിന് ഓൺലൈനിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം നടത്തും. വനാതിർത്തിയിൽ സോളാർ വൈദ്യുതി വേലികൾ  നിർമിക്കുന്നതിന്  ഉൾപ്പടെ നടപടി ഊർജിതമാക്കണം. വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിച്ച കർഷകർക്ക് നഷ്ടത്തിന് ആനുപാതികമായ നഷ്ടപരിഹാരം നൽകുന്നതിന് നിലവിൽ അനുവദനീയമായ തുക പുനർനിർണയിക്കാൻ വനം വകുപ്പും കർഷക ക്ഷേമ കാർഷിക വികസന വകുപ്പും നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. വന്യമൃഗങ്ങളിൽ സ്വയം രക്ഷക്കായി ഗൺലൈസൻസിന് അപേക്ഷിച്ചവർക്ക് നിയമാനുസൃതം ലൈസൻസ് അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു. 


ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ.  മായ എ എസ് റിപ്പോർട്ട് അവതരിപ്പിച്ചു.

എം എൽ എ മാരായ എ കെ എം അഷറഫ് എൻഎ നെല്ലിക്കുന്ന് അഡ്വ സി എച്ച് കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരൻ

 എം രാജഗോപാലൻ.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് കെ പി വത്സലൻ, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ കെ വി സുജാത. 

 

രാജ് മോഹൻ ഉണ്ണിത്താൻ എം പി യുടെ പ്രതിനിധി സാജിദ് മൗവ്വൽ, എഡിഎം  എ കെ രമേന്ദ്രൻ കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ പി രാജ് മോഹൻ സംസാരിച്ചു. ജില്ലാതല ഉദ്യാഗസ്ഥർ ഡിഡി സി അംഗങ്ങൾ ഓൺലൈനിലും പങ്കെടുത്തു.ജില്ലാ വികസന സമിതി യോഗ തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേ പദ്ധതി നിർവ്വഹണത്തിലും

എം എൽ എ മാരുടെ ആസ്തി വികസന ഫണ്ട് വിനിയോഗത്തിലും ഉദ്യോഗസ്ഥർ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.



വാക്സിനേഷൻ പൂർണമായും സുതാര്യമായും പരാതിരഹിതമായും ചെയ്യണമെന്നാണ് സർക്കാർ സമീപനമെന്നും ഇത് പക്ഷപാത രഹിതമാകണമെന്നും ഇ ചന്ദ്രശേഖരൻ എം എൽ എ പറഞ്ഞു. വാർഡ് തല വാക്സിൻ വിതരണത്തിൽ ആക്ഷേപമുണ്ടാകാതിരിക്കാൻ' സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ടിപി റോഡിൽ കാഞ്ഞങ്ങാട് നഗരത്തിൽ  നിർമിച്ച സൗരോർജ വിളക്കുകൾ പ്രകാശിക്കുന്നില്ല. അറ്റകുറ്റപണികൾ അടിയന്തരമായി നടത്തണമെന്ന്  എം എൽ എ ആവശ്യപ്പെട്ടു. സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

No comments