മലയോരത്തെ മറന്ന് കെ.എസ്.ആർ.ടി.സി : യാത്രാ ക്ലേശം രൂക്ഷം
വെള്ളരിക്കുണ്ട്: കോവിഡ് ഇളവുകൾക്ക് ശേഷം ബസ്സ് സർവ്വീസുകൾ പുനരാരംഭിച്ചുവെങ്കിലും കടുത്ത യാത്രാ ക്ലേശത്തിലാണ് മലയോര ജനത. സ്വകാര്യ ബസ്സുകളെ കൂടുതൽ ആശ്രയിച്ചിരുന്ന മലയോര ജനതയ്ക്ക് പല സ്വകാര്യ ബസ്സുകളും സർവ്വീസ് നടത്താത്തതുമൂലം ജില്ലാ അശ്വപത്രി, പരിയാരം മെഡിക്കൽ കോളേജ് തുടങ്ങിയ ആശുപത്രികളിലേക്കും പയ്യന്നൂർ , ചെറുപുഴ , കാഞ്ഞങ്ങാട് തുടങ്ങിയ പട്ടണങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്കും എത്തുവാൻ കെ.എസ്.ആർ.ടി.സി. ബസ്സുകൾ മാത്രമാണ് ഈ ദുരിത കാലത്ത് ആശ്രയിയം. ആലക്കോട്, ജോസ്ഗിരി-രാജഗിരി പ്രദേശങ്ങളിൽ നിന്ന് ചെറുപുഴ - മാലോം - വെള്ളരിക്കുണ്ട് - കാലിച്ചാനടുക്കം - ചെമ്മട്ടം വയൽ - ജില്ലാ ആശുപത്രി വഴി ബസ്സുകൾ ആരംഭിക്കണമെന്ന ജനകീയ ആവശ്യത്തിന് ഈ റോഡിന്റെയത്രതന്നെ പ്രായമുണ്ട്. എന്നാൽ , നിലവിലുള്ള സർവ്വീസുകൾ പോലും പുനരാരംഭിക്കാതെ മലയോര യാത്രക്കാരെ വട്ടം കറക്കുന്ന സമീപനമാണ് കെ.എസ്.ആർ.ടി.സി സ്വീകരിക്കുന്നത്. റോഡുകൾ നവീകരിക്കപ്പെട്ട മലയോര ഹൈവേ മാലോം ചെറുപുഴ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന ബസ്സുകളിൽ ഒന്നുപോലും പുനരാരംഭിക്കുവാൻ കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സ് ഓടാത്തതിനാൽ പയ്യന്നൂർ ഡിപ്പോയുടെ ഏക ബസ്സിന്റെ സമയത്തിനനുസരിച്ച് കുടിയേറ്റ കാലത്തെ ജനതയെ പോലെ ജീവിതസമയം ക്രമീകരിക്കേണ്ട ദുരവസ്ഥയിലാണ് ഒരു ജനസമൂഹം. കാഞ്ഞങ്ങാട് ഡിപ്പോയുടെ ഇതുവഴിയുള്ള സർവ്വീസുകൾ എത്രയും പെട്ടന്ന് പുനരാരംഭിച്ച് കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ജനതയ്ക്ക് ആശ്വാസമാകുവാൻ അധികൃതരുടെ ഇടപെടൽ എത്രയും വേഗത്തിൽ ഉണ്ടാകേണ്ടതുണ്ട്. ഈ സർവ്വീസുകൾക്കാവശ്യമായ ബസ്സുകൾ ലഭിക്കാത്തതാണ് സർവ്വീസുകൾ പുനരാരംഭിക്കാൻ തടസ്സമെന്ന അധികൃതരുടെ വാദം കണക്കിലെടുത്ത് കൂടുതൽ കെ.എസ്.ആർ.ടി.സി. ബസ്സുകൾ അനുവദിച്ച് യാത്രാ ക്ലേശം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ബഹുമാനപ്പെട്ട ഗതാഗത മന്ത്രിയും എം.എൽ.എ മാരും ഇടപെട്ട് മലബാറിലെ ഡിപ്പോകൾക്ക് കൂടുതൽ ബസ്സുകൾ അനുവദിച്ച്, പുതിയ സർവ്വീസുകൾ ഉൾപ്പെടെ ആരംഭിച്ച് യാത്രാ ക്ലേശം ഉടൻ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത.
No comments