സജി ചികിത്സാസഹായ നിധിയിലേക്ക് കൈത്താങ്ങ്: ബിരിയാണി ഫെസ്റ്റുമായി DYFI ഇടത്തോട്, പള്ളത്തുമല യൂണിറ്റുകൾ 90 രൂപയ്ക്ക് സ്പെഷ്യൽ ഇല ബിരിയാണി താഴെ കാണുന്ന നമ്പരിൽ ഓർഡർ ചെയ്യാം: 9496831348, 8281094978, 9061308440
പരപ്പ: ജോലിക്കിടയിൽ തെങ്ങിൽ നിന്നും വീണു ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇടത്തോട് പയാളം സ്വദേശിയായ സജി എന്ന ചെത്തുതൊഴിലാളിയുടെ ചികിത്സാ സംബന്ധമായി കുടുംബത്തിന് താങ്ങാവുന്നതിലും കൂടുതൽ പണം ചിലവാകുകയും, ഉടൻ തന്നെ ശസ്ത്രക്രിയ അടക്കമുള്ള തുടർചികിത്സ നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്ത സാഹചര്യത്തിൽ, ഇനിയും ചികിത്സക്ക് ആവശ്യമായ തുക കണ്ടെത്താൻ കുടുംബത്തിന് മറ്റുവഴികൾ ഇല്ലാത്തതിനാൽ ഉദാരമതികളുടെ സഹായം തേടുകയാണ്.
ചികിത്സാസഹായത്തിനുള്ള തുക സമാഹരിക്കുന്നതിനു വേണ്ടി നാട് ഒന്നാകെ കൈകോർക്കുന്നതോടൊപ്പം ഡി.വൈ.എഫ്.ഐ ഇടത്തോട്, പള്ളത്തുമല യൂണിറ്റുകൾ സംയുക്തമായി ജൂലൈ 11 ഞായറാഴ്ച ബിരിയാണി ഫെസ്റ്റ് നടത്തുകയാണ്.
സാധാരണ ബിരിയാണി ഫെസ്റ്റുകളിൽ കണ്ടെയ്നർ ബോക്സുകളിലും പ്ലാസ്റ്റിക് കവറിലും പൊതിഞ്ഞാണ് ബിരിയാണി വിതരണം ചെയ്ത് വരാറുള്ളതെങ്കിൽ തികച്ചും പ്രകൃതി സൗഹൃദപരമായി വാഴയിലയിൽ പൊതിഞ്ഞ് ബിരിയാണി വിതരണം ചെയ്യാനാണ് ഡിവൈഎഫ്ഐ ഇടത്തോട്, പള്ളത്തുമല യൂണിറ്റ് പ്രവർത്തകർ തീരുമാനിച്ചിട്ടുള്ളത്. ഇത് എന്തുകൊണ്ടും അഭിനന്ദനാർഹമാണ്. ഇലയിൽ പൊതിഞ്ഞ സ്പെഷ്യൽ ബിരിയാണിക്ക് സംഘാടകർ വലിയ തുക ഈടാക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഒരു ബിരിയാണിക്ക് 90 രൂപ നിരക്കിലാണ് വീടുകളിൽ എത്തിച്ച് നൽകുന്നത്. ഇടത്തോടിന്റെ 10 കിലോമീറ്റർ ചുറ്റളവിലെ പ്രദേശങ്ങളിൽ നിന്നും ഓർഡറുകൾ സ്വീകരിച്ച് ജൂലൈ 11 ഞായറാഴ്ച ഉച്ചയ്ക്ക് മുമ്പായി ഇല ബിരിയാണി എത്തിച്ച് നൽകും.
കോവിഡ് പ്രതിരോധ വഴികളിൽ ഇതിനോടകം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചവരാണ് ഡി.വൈ.എഫ്.ഐ ഇടത്തോട് യൂണിറ്റ് പ്രവർത്തകർ. ഓൺലൈൻ പഠന സൗകര്യമില്ലാത്ത പ്രദേശത്തെ 15 കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകിയും, പൊതു ഇടങ്ങളും ക്വാറന്റീൻ പൂർത്തിയാക്കിയ വീടുകളും അണുവിമുക്തമാക്കിയും ഒട്ടേറെ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ ഇവർ നടത്തിക്കഴിഞ്ഞു.
നാട്ടുകാരനായ സജി എന്ന യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായുള്ള ബിരിയാണി ഫെസ്റ്റ് വിജയിപ്പിക്കാൻ നല്ലവരായ നാട്ടുകാരുടെ സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുകയാണ് സംഘാടകർ.
ജൂലൈ 8ന് മുമ്പായി താഴെ കാണുന്ന ഏതെങ്കിലും നമ്പരിൽ വിളിച്ച് നിങ്ങളുടെ ബിരിയാണി ഓർഡർ ചെയ്യാം. അതിലൂടെ ഒരു ജീവകാരുണ്യ പ്രവർത്തനത്തിൽ നമുക്കും പങ്കാളിയാവാം.
ഫോൺ: 9496831348, 9539606003, 9947752445, 9539787202, 9539599319, 9061308440
No comments