Breaking News

ഭർത്താവിന്റെ പോൺ വീഡിയോ നിർമാണം; ശിൽപ ഷെട്ടിയെ ചോദ്യം ചെയ്തത് 6 മണിക്കൂർ



ഭർത്താവ് രാജ് കുന്ദ്രയുടെ പോൺ വീഡിയോ നിർമാണ കേസിൽ നടി ശിൽപ ഷെട്ടിയേയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ഇന്നലെ വൈകിട്ടോടെ മുംബൈയിലെ ശിൽപയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ആറ് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു നിന്നു. രാജ് കുന്ദ്രയുടെ സാന്നിധ്യത്തിലായിരുന്നു ശിൽപയെ ചോദ്യം ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ.

രാജ് കുന്ദ്രയുടെ പോൺ നിർമാണ വ്യവസായത്തെ കുറിച്ച് ശിൽപ ഷെട്ടിയ്ക്ക് അറിവുണ്ടായിരുന്നോ എന്നാണ് ഉദ്യോഗസ്ഥർ പ്രധാനമായും അന്വേഷിക്കുന്നത്. കൂടാതെ രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാൻ ഇൻഡസ്ട്രീസിന്റെ ഡയറക്ടർ സ്ഥാനത്തു നിന്ന് ശിൽപ 2020 ൽ പിന്മാറിയിരുന്നു. ഇതിന്റെ കാരണവും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.

രാജ് കുന്ദ്രയ്ക്ക് എതിരായി ഉയർന്ന അശ്ലീല വീഡിയോ നിർമാണ കേസിന്റെ കേന്ദ്രം വിയാൻ ഇൻഡസ്ട്രീസാണ്. മുംബൈ അന്ധേരി വെസ്റ്റിലുള്ള വിയാൻ ഇൻഡസ്ട്രീസ് ഓഫീസിൽ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് 20 ടിബി പോൺ ഫിലിമുകൾ കണ്ടെത്തിയത്. ഈ വീഡിയോകൾ സൂക്ഷിക്കാനായി ഉപയോഗിച്ചിരുന്ന ഏഴ് സെർവറുകളും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു

കഴിഞ്ഞ തിങ്കളാഴ്ച്ച രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ, ഓഫീസിൽ നിന്നും 1 ടിബി ഡാറ്റ ഡിലീറ്റ് ചെയ്യപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. ഡാറ്റ നശിപ്പിച്ചത് ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡിലീറ്റ് ചെയ്ത ഡാറ്റകളുടെ വിവരങ്ങൾ ശേഖരിക്കാൻ ഫോറൻസിക് വിദഗ്ധരുടെ സഹായവും ക്രൈം ബ്രാഞ്ച് തേടുന്നുണ്ട്.

അശ്ലീല വീഡിയോ നിർമാണത്തിലൂടെയുള്ള ലാഭം ശിൽപയ്ക്ക് ലഭിച്ചിരുന്നോ എന്ന് കണ്ടെത്താൻ നടിയുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. അതേസമയം, രാജ് കുന്ദ്രയുടെ കസ്റ്റഡി കാലാവധി ജുലൈ 27 വരെ മുംബൈ കോടതി നീട്ടിയിരിക്കുകയാണ്.


No comments