Breaking News

ജില്ലയിൽ സര്‍വ്വേ ചെയ്യാത്ത ഭൂമിയുടെ സര്‍വ്വേ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും: റവന്യു മന്ത്രി കെ.രാജന്‍


കാസര്‍ഗോഡ് ജില്ലയില്‍ സര്‍വ്വെ നടത്താതെ കിടക്കുന്ന ഭൂമിയുടെ സര്‍വ്വേ നടപടികള്‍ പെട്ടെന്ന് തന്നെ പൂര്‍ത്തീകരിച്ചു എല്ലാ ഭൂമിക്കും രേഖ ഉറപ്പാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. റവന്യു വകുപ്പ് നടപ്പിലാക്കുന്ന വിഷന്‍ & മിഷന്‍ പദ്ധതിയുടെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ എംഎല്‍എ മാരുമായുള്ള യോഗത്തില്‍ എംഎല്‍എ മാര്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടി പറയുന്ന വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും അധികം സര്‍വ്വേ ചെയ്യാത്ത ഭൂമിയുള്ളത്. അത്തരം ഭൂമിക്ക് രേഖ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഈ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നയം എല്ലാ ഭൂമിക്കും രേഖ എന്നതാണ്. മണ്ഡലങ്ങളിലെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ എംഎല്‍എ മാര്‍ മന്ത്രിയുടെ മുമ്പാകെ അവതരിപ്പിക്കുകയുണ്ടായി. എംഎല്‍എ മാര്‍ അവതരിപ്പിച്ച കാര്യങ്ങള്‍ അനുഭാവപൂര്‍ണ്ണം പരിഗണിക്കുമെന്നും റവന്യു മന്ത്രി കെ.രാജന്‍ ഉറപ്പു നല്‍കി. ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കുന്നതിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും നല്‍കുമെന്ന് എംഎല്‍എ മാരും ഉറപ്പു നല്‍കുകയുണ്ടായി. എംഎല്‍എ മാരുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എം എൽ ഏമാരായ ഇ.ചന്ദ്രശേഖരൻ എം.രാജഗോപാലൻ അഡ്വ സിഎച്ച് കുഞ്ഞമ്പു എൻ എ നെല്ലിക്കുന്ന് എ കെ എം അഷറഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, ലാന്റ് റവന്യു കമ്മീഷണര്‍ കെ.ബിജു, കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് സബ് കളക്ടർ ഡി ആർ മേഘശ്രീ ഡപ്യൂട്ടി കളക്ടര് കെ രവികുമാർ ആര്‍ഡിഒ അതുൽ സ്വാമിനാഥ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

No comments