Breaking News

മലയോരംഫ്ലാഷിന് വേണ്ടി സന്തോഷ് നാട്യാഞ്ജലി എഴുതുന്ന 'ചരിത്ര വീഥികളിലൂടെ..' യാത്രാവിവരണ പരമ്പരയിൽ ഇന്ന് "ശിലയിൽ തീർത്ത മഹാകാവ്യം"- അജന്ത- എല്ലോറ


ഭാരതീയ സംസ്കാരത്തിന്റെ തലയെടുപ്പിൽ അതിപ്രധാന സ്ഥാനം വഹിക്കുന്ന, ഗോദാവരി കൃഷ്ണാ നദികളുടെ നാടായ മഹാസാമ്രാജ്യത്തിൽ-'മഹാരാഷ്ട്ര'യിൽ, ഔറംഗബാദ് എന്ന സ്ഥലത്താണ് ലോകപ്രശസ്തവും യുനെസ്കോയുടെ ലോകപൈതൃക പ്പട്ടികയിൽ സ്ഥാനംപിടിച്ചിട്ടുള്ളതും, ശിലകളിൽ തീർത്ത മഹാകാവ്യം എന്ന് നിസ്സംശയം പറയാവുന്നതുമായ അജന്ത- എല്ലോറ ഗുഹാക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്.




പതിനായിരക്കണക്കിന് വർഷങ്ങൾ കൊണ്ട് അഗ്നിപർവ്വതലാവ തണുത്തുറഞ്ഞ് ഉണ്ടായ കട്ടിയായ കൂറ്റൻ കരിങ്കൽമലയിലാണ് ലോകത്തിൽ മറ്റൊരിടത്തും കാണാനാവാത്ത തരത്തിലുള്ള ഈ ഗുഹാക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഭാരതീയ വാസ്തുകലാ വൈദഗ്ധ്യവും, ശിൽപ്പിയുടെ കരവൈഭവത്തെയും എടുത്ത് കാണിക്കുന്ന തരത്തിലുള്ളതും ആധുനിക ലോകത്തിന് സങ്കൽപ്പിക്കാൻ പോലും ആവാത്ത തരത്തിലുമുള്ള നിർമ്മിതികളാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്.


ആധുനിക സാങ്കേതിക വിദ്യകളും നിർമ്മാണോപകരണങ്ങളും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഉളിയും ചുറ്റികയും ഉപയോഗിച്ചാണ് ഈ ചരിത്ര സ്മാരകം നിർമ്മിക്കപ്പെട്ടത്.

ഒരു തരത്തിൽ പറഞ്ഞാൽ, ഒരു നൂറ് ബുർജ്ഖലീഫ മന്ദിരങ്ങളും, അതിലേറെ താജ്മഹലുകളും, സപ്ത മഹാത്ഭുതങ്ങളായി ലോകം അംഗീകരിച്ചിട്ടുള്ള എല്ലാ വസ്തുക്കളും ഒത്തുചേർന്നാലും, അജന്തയിലെയും എല്ലോറയിലെയും നിർമ്മിതികളുടെ ഏഴയിലത്ത് വരില്ല എന്ന് ഇവിടം സന്ദർശിക്കുന്ന ഏതൊരാൾക്കും മനസ്സിലാവും. നാം ഇന്ന് കാണുന്ന തരത്തിലുള്ള ബഹുനില മന്ദിരങ്ങളും, ഷോപ്പിംഗ് മാളുകളും, വിനോദവിശ്രമകേന്ദ്രങ്ങളും, പഠനകേന്ദ്രങ്ങളും വിശാലമായ ഓഡിറ്റോറിയങ്ങളും എല്ലാം- ഒരുമലയിൽ കൊത്തിയുണ്ടാക്കിയിരിക്കുന്നു.


ഒറ്റക്കല്ലിൽ തീർത്ത മഹാത്ഭുതം എന്ന് കൂടി വിശേഷിപ്പിക്കാവുന്ന എല്ലോറ കൈലാസനാഥ ക്ഷേത്രം കണ്ടാൽ, അത് നിർമ്മിച്ചത് മനുഷ്യരോ ദേവ ശിൽപ്പികളോ എന്ന് നമുക്ക് തോന്നിപ്പോവും.കവികൾ പാടിപ്പുകഴ്ത്തിയ അജന്ത ശിൽപ്പങ്ങളും, ഭൂമിക്കടിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിക്കാവുന്ന എല്ലോറ ഗുഹാക്ഷേത്രങ്ങളും കാണുവാനുള്ള എന്റെ ആഗ്രഹം സഫലമാവാൻ പോവുകയാണ്.

20.9.18 ന് രാവിലെ ഒൻപത് മണിക്ക് നാട്ടിൽനിന്ന് തിരിച്ച സംഘത്തിൽ മധു, കുഞ്ഞമ്പുവേട്ടൻ എനിവരെക്കൂടാതെ, ജയൻമാഷ്, ജയകുമാർബാനം, കലാകാരന്മാരായ കുമാരൻമാഷ്, രാമകൃഷ്ണൻ ബളാൽ എന്നിവരുമുണ്ടായിരുന്നു.



ഒരു ടൂറിസ്റ്റ് കേന്ദ്രത്തിന്റെ എല്ലാവിധ കൊള്ളരുതായ്മകളും നിറഞ്ഞതും, കച്ചവട താൽപ്പര്യത്തോടെ ഒരു സ്വകാര്യ വ്യക്തി അടുത്ത കാലത്ത് നിർമ്മിച്ചതുമായ മുരഡേശ്വരത്തെ കോൺക്രീറ്റ് മന്ദിരവും, ഗോകർണവും കണ്ടശേഷം, കെ.ബി റോഡ് എൻ എച്ച് 63 വഴി മുന്നോട്ട് നീങ്ങിയ ഞങ്ങളുടെ വാഹനം പുലർച്ചെ ഒരു മണിയോടെ ഹൂബ്ലി സെൻട്രൽ ബസ്സ് സ്റ്റേഷനിലെത്തി.അൽപ്പസമയം അവിടെ ചിലവഴിച്ച ശേഷം യാത്ര തുടർന്ന ഞങ്ങൾ വെളുപ്പിന് പണ്ഡ്രാപുരം എന്ന സ്ഥലത്തെത്തുകയും പ്രഭാത ഭക്ഷണശേഷം ചിലർ ക്ഷേത്ര ദർശനത്തിന് പോവുകയും ചെയ്തു. വളരെ പഴക്കം തോന്നിക്കുമെങ്കിലും എന്തൊക്കെയോ കൃത്രിമത്വവും, വൃത്തിയില്ലായ്മയുമാണ് ചുറ്റുപാടുമുള്ളത്. പതിവ് പോലെ ഭക്തിയുടെ പേരിലും റിക്ഷാക്കാരുടെ തട്ടിപ്പിനാലും കൂടെയുള്ള ചിലർ ചൂഷണം ചെയ്യപ്പെട്ടു.


ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഇവിടെ നിന്ന് തിരിച്ച ഞങ്ങൾ വൈകിട്ട് ആറുമണിക്ക് അഹമ്മദ്നഗർ എത്തി. വലിയ പരിഷ്കാരങ്ങളൊന്നുമില്ലാത്ത തിരക്കേറിയ നഗരം. രാത്രി പതിനൊന്ന് മണിയോടെ ഔറംഗബാദിലെ ഹോട്ടൽ റീഗൽ പ്ലാസയിൽ എത്തി റൂം നമ്പർ 205 ൽ ചേക്കേറി.

നാട്ടിൽ നിന്ന് പുറപ്പെട്ടതിന്റെ മൂന്നാം ദിവസം ആദ്യലക്ഷ്യമായ അജന്തഗുഹകൾ കാണാനുള്ള യാത്രയാണ്. ഔറംഗബാദിൽ നിന്ന് അജന്തയിലേക്ക് ഏകദേശം 122 കി മീ ദൂരമുണ്ട്. കിലോമീറ്ററുകളോളം നീണ്ടു നിവർന്ന് കിടക്കുന്ന വിശാലമായ ചോളപ്പാടങ്ങളും, പരുത്തി, സൂര്യകാന്തി, കടല മുതലായവയുടെ കൃഷിയിടങ്ങളും പിന്നിട്ട് ഞങ്ങൾ മലഞ്ചെരിവുകളും ഗർത്തങ്ങളും നിറഞ്ഞ ഒരു പാതയിലൂടെ മുന്നോട്ട് നീങ്ങുകയാണ്.ശീമക്കൊന്നയും, തേക്കുമരങ്ങളും അതിർതീർത്ത ചില സ്ഥലങ്ങൾ കണ്ടപ്പോൾ നമ്മുടെ നാട്ടിലെ ഏതോ കുടിയേറ്റ ഗ്രാമത്തിൽ എത്തിയതുപോലെ എനിക്ക് തോന്നി. എതിരെ ട്രാക്ടർ കയറ്റിവന്ന ഒരു ലോറി വഴിമുടക്കിയതിനാൽ, അൽപ്പസമയം അവിടെയിറങ്ങി കാഴ്ചകൾ കണ്ടു.


മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിൽ വാഗൂർ നദിയുടെ ഉത്ഭവസ്ഥാനത്തിനടുത്താണ് BC രണ്ടാം നൂറ്റാണ്ടിനും AD ഏഴാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തിൽ കരിങ്കല്ലിൽ കൊത്തിയെടുത്ത അജന്താ ഗുഹാക്ഷേത്രങ്ങളുള്ളത്. ഡക്കാൻ പ്രദേശം ഭരിച്ചിരുന്ന, ശതവാഹന,വാകാടകരാജവംശങ്ങളുടെ കാലത്ത് നിർമ്മിക്കപ്പെട്ട അജന്തയിൽ നിലവിൽ ഇരുപത്തിയൊൻപത് ഗുഹാക്ഷേത്രങ്ങളുണ്ട്.

ലോകപ്രശസ്ത അമേരിക്കൻ ചിന്തകനും എഴുത്തുകാരനുമായ 'വിൽഡ്യൂറൻറ്, തന്റെ 'സ്റ്റോറി ഓഫ് സിവിലൈസേഷൻ  എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നുണ്ട്: "ഗിയോട്ടയ്ക്കും ലിയനാർദോ യ്ക്കും പോലും അനുകരിക്കാൻ സാധിക്കാത്ത പൂർണ്ണതയാണ്, അജന്താ ഗുഹകളിലെ ചുവർ ചിത്രങ്ങൾക്കുള്ളത് ''.


1817 ൽ ഹൈദരാബാദ് നൈസാമിന്റെ കാലത്ത്, ഇവിടെ ചില സൈനിക പര്യടനങ്ങൾ നടത്തിയ ബ്രിട്ടീഷ്കാരാണ് ഈ പ്രദേശം യാദൃശ്ചികമായി കണ്ടെത്തിയത്. 1829 ൽ ഫെർഗുസൻ എന്ന പുരാവസ്തു ഗവേഷകനും 1866 ൽ മേജർ ആർ.ഗിൽ എന്നയാളും ഇവിടുത്തെ പെയിന്റിംഗ്കളെപ്പറ്റി പഠനം നടത്തുകയുണ്ടായി


ഏകദേശം ആയിരം വർഷങ്ങൾ കൊണ്ട് പണി തീർന്നതെന്ന് കരുതപ്പെടുന്ന ഈ ഗുഹകൾ ഒന്നും, നാമിന്ന് കാണുന്നത് പോലെ നിലത്തു നിന്ന് മുകളിലേക്ക് പണിതുയർത്തിയ വയല്ല; മറിച്ച് വലിയ കരിങ്കൽ മലകൾ തുരന്ന് ( റോക്ക് കട്ട് ടെക്നോളജി) മുകളിൽ നിന്നും താഴോട്ട് നിർമ്മിച്ചവയാണ്. 

ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നും എത്തുന്ന ബുദ്ധഭിക്ഷുക്കൾക്ക് താമസത്തിനും, പ്രാർത്ഥനയ്ക്കുമായി നിർമ്മിച്ച ധാരാളം മണ്ഡപങ്ങൾ ഇതിനുള്ളിലുണ്ട്. ഇന്നും ബുദ്ധമത വിശ്വാസികൾ അവരുടെ ഒരു തീർത്ഥാടന കേന്ദ്രമായി ഇതിനെ കരുതുന്നു. തായ്‌ലന്റിൽ നിന്ന് ഒരു സംഘം ബുദ്ധഭിക്ഷുക്കളുമായി ഇവിടെ വന്ന " നൊഫാസിത്ത് " എന്ന ആചാര്യനെ പരിചയപ്പെടാനും ആ സൗഹൃദം ഇന്നും നിലനിർത്താനാവുന്നതും ഒരു മഹാഭാഗ്യമായി ഞാൻ കരുതുന്നു.


അജന്താ ഗുഹകളിൽ ശിൽപ്പങ്ങളേക്കാൾ പ്രാധാന്യം ചുമർചിത്രങ്ങൾക്കാണ്. ബുദ്ധമത കഥാസന്ദർഭങ്ങൾക്ക് പുറമെ പാചകം, നായാട്ട്, ഘോഷയാത്ര, നൃത്തം, സംഗീതം തുടങ്ങി അക്കാലഘട്ടത്തിലെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളാണ് ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്പ്രകൃതിദത്തമായ നിറങ്ങളുപയോഗിച്ച് വരച്ചിട്ടുള്ള ഇവയിൽ പലതും ഇന്ന് നാശോന്മുഖമാണ്.


ഇവിടെ ഞാൻ കണ്ട 29 ഗുഹകളിലെയും ഒന്നിനൊന്ന്  വ്യത്യസ്തമായ കാഴ്ചകളെപ്പറ്റി ഏറ്റവും ചുരുക്കി വിവരിച്ചാൽ പോലും അനേകം പേജുകൾ വേണ്ടിവരുമെന്നതിനാൽ ഞാനതിന് മുതിരുന്നില്ല. ഭാരതീയനായി ജനിച്ച ഏതൊരാളും ഒരു തവണയെങ്കിലും ഈ കാഴ്ചകൾ കാണാനായി ഇവിടേക്ക് വരണമെന്ന് അപേക്ഷയാണ് എനിക്കുള്ളത്.ശ്രീബുദ്ധന്റെ ദീർഘകായ രൂപങ്ങളും, ശയന ബുദ്ധരൂപവും എന്നെ വളരെയധികം ആകർഷിച്ചു. ബുദ്ധനെ സന്ദർശിക്കാനെത്തുന്ന ഗഗനചാരികളെയും ഇവിടങ്ങളിൽ ചിത്രീകരിച്ചിട്ടുണ്ട്.



ആധുനിക മനുഷ്യർ ആകാശസഞ്ചാരം നടത്താൻ പ്രാപ്തനാവുന്നതിന് എത്രയോ കാലം മുൻപ്തന്നെ, തങ്ങളുടെ വ്യോമയാനത്തിൽ ദേശസഞ്ചാരം നടത്തുന്ന ദേവീദേവന്മാരെക്കുറിച്ചും, ആകാശയാനങ്ങളുടെ നിർമ്മാണത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ധാരാളം വിവരങ്ങൾ നമ്മുടെ പുരാതന ഗ്രന്ഥങ്ങളിലും, തമിൾ കൃതിയായ മണിമേഖലയിലുമെല്ലാം നമുക്ക് കാണാവുന്നതാണ്.യാത്രാംഗങ്ങളായ ജയൻമാഷിനും രജനി ടീച്ചർക്കും ഒപ്പം അജന്താ ഗുഹാക്ഷേത്രങ്ങൾക്ക് സമീപമുള്ള മനോഹരമായ വെള്ളച്ചാട്ടവും സന്ദർശിച്ച ശേഷം ഞാനവിടെ നിന്ന് മടങ്ങി.


കൂട്ടത്തിൽ ചിലർ ഷോപ്പിംഗിനായി കയറിയിട്ടുണ്ട്. അജന്തയിലെ ശിൽപ്പ ചിത്രങ്ങളുടെ ഫോട്ടോകളും, രൂപങ്ങളുമൊക്കെ ഇവിടെ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു. സഞ്ചാരികളുടെ ദൗർബല്യത്തെ ചൂഷണം ചെയ്യുന്നതും പ്രത്യേകിച്ച് കലാമൂല്യമൊന്നും ഇല്ലാത്തതുമായ വ്യാജസൃഷ്ടികളാണവയിൽ പലതും.

കന്മദം എന്ന പേരിൽ അവിടെ വിൽപ്പനയ്ക്ക് വച്ചിരുന്ന, വ്യത്യസ്ത വർണ്ണങ്ങളുള്ള റോക്സാൾട്ട് എന്ന സാധനം വലിയ വില കൊടുത്ത് വാങ്ങി, ആത്മസംതൃപ്തിയോടെ നടന്നു നീങ്ങുന്ന ഒരു സുഹൃത്തിനെയും കണ്ടു. അദ്ദേഹത്തിനത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായോയെന്ന് പിന്നീട് അന്വേഷിക്കാമെന്ന് ഞാൻ കരുതി.


തിരികെ റൂമിലെത്തിയ ഞാനും, അനീഷും അദ്ധ്യാപക സുഹൃത്തുക്കളായ ആൻഡ്രൂസ് പ്രസാദ് എന്നിവരും ചേർന്ന് നഗരം കാണാനിറങ്ങി. ഭക്ഷണശേഷം കുറച്ചു നേരത്തെ ചർച്ചയും കഴിഞ്ഞ് എല്ലാവരും നിദ്രയിലാണ്ടു.


ഇന്ന് യാത്രയുടെ നാലാം ദിവസം ഞങ്ങൾ പോവുന്നത് എല്ലോറ ഗുഹാക്ഷേത്രങ്ങൾ കാണാനാണ്. ഔറംഗബാദിൽ നിന്നും മുപ്പത് കിലോമീറ്റർ ദൂരം ഇങ്ങോട്ടേയ്ക്കുണ്ട് അഞ്ചു മുതൽ പത്തുവരെള്ള നൂറ്റാണ്ടുകളിൽ രാഷ്ട്രകൂട രാജാക്കന്മാരുടെ കാലത്താണ് ഇവ നിർമ്മിക്കപ്പെട്ടത്. 

ചരണാദ്രിമലകളുടെ ചെങ്കുത്തായ ഭാഗം തുരന്നിറങ്ങി നിർമ്മിച്ചിട്ടുള്ളതും, ബുദ്ധ-ജൈന- ഹിന്ദു കാലഘട്ടത്തിലേതുമായ മുപ്പത്തിനാല് ഗുഹാക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്.ഇതിൽ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ളവ ബുദ്ധമത ക്ഷേത്രങ്ങളും, പതിമൂന്ന് മുതൽ ഇരുപത്തിയൊൻപത് വരെയുള്ളത് ഹൈന്ദവ വിശ്വാസവുമായി ബന്ധമുള്ളതും,  ബാക്കിയുള്ളവ ജൈനക്ഷേത്രങ്ങളുമാണ്.


പ്രധാന കവാടത്തിൽ നിന്ന് പ്രവേശന ടിക്കറ്റ് എടുത്തശേഷം നമ്മൾ ആദ്യം ചെന്നെത്തുന്നത്: കേവ് 16 അഥവാ എല്ലോറ കൈലാസനാഥ ക്ഷേത്രത്തിലേക്കാണ്.ശാസ്ത്രത്തിനും, കണ്ടുപിടുത്തങ്ങൾക്കുമപ്പുറത്ത് ഇന്നുവരെ മനുഷ്യരാശിക്ക് മനസ്സിലാക്കാൻ കഴിയാത്ത നിരവധി മഹാത്ഭുതങ്ങളിൽ ഒന്നാണിത്.31.61 മീറ്റർ നീളവും, 46.95 മീറ്റർ വീതിയുമുള്ള ഈ ക്ഷേത്രം നിർമ്മിച്ചി
ട്ടുള്ളത്, പിരമിഡ് ആകൃതിയിൽ മൂന്ന് നിലകളിലായിട്ടാണ്.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതും, പൂർണ്ണമായും ഒറ്റക്കല്ലിൽ തീർത്തതുമായ ഏകനിർമ്മിതി ഇതാണ്. സാധാരണ ഗതിയിൽ ചെറിയ വീടായാലും, ബഹുനില മന്ദിരങ്ങളായാലും അടിത്തറയിട്ട ശേഷം അതിന് മുകളിലേക്കാണല്ലോ ബാക്കി നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത്. എന്നാൽ കൈലാസനാഥ ക്ഷേത്രത്തിന്റെ നിർമ്മാണമാരംഭിച്ചത്, ഏറ്റവും മുകളിൽ നിന്ന് താഴേക്കായിരുന്നു. ഇവിടെ നിന്ന് ഏകദേശം 105 അടി താഴേക്ക് പാറ തുരന്നിറങ്ങിയ ശേഷം മൂന്ന് വശങ്ങളിലേക്കു മായി നിരവധി ഗുഹാമന്ദിരങ്ങളും നിർമ്മിക്കുകയാണുണ്ടായത്.ഇവയൊന്നും മനുഷ്യനിർമ്മിതമല്ലെന്നും, അന്യഗ്രഹ ജീവികളോ, മറ്റ് അതീന്ദ്രിയ ശക്തികളോ ആവാം ഇതിന്റെ നിർമ്മാണത്തിന്
പിന്നിലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കൈലാസനാഥ ക്ഷേത്രത്തിന്റെ നിർമ്മിതിക്കായി നാൽപ്പതിനായിരം ടൺ കല്ലുകൾ തുരന്ന് മാറ്റിയതായി പറയപ്പെടുന്നു. ആധുനിക യന്ത്രസാമഗ്രികൾ ഇല്ലാതിരുന്ന കാലത്ത്, പ്രാകൃതമായ ആയുധങ്ങളുപയോഗിച്ച് ഒരു മണിക്കൂറിൽ അഞ്ച് ടണ്ണിലധികം കല്ലുകൾ ഇവിടെ നിന്ന് മാറ്റപ്പെട്ടു. അതു മാത്രമല്ല, ഇതിനകത്ത് വരുന്ന കൊത്ത് പണികളോട് കൂടിയ നൂറ് കണക്കിന് പില്ലറുകളും മണ്ഡപങ്ങളും, ബാൽക്കെണിയുമുൾപ്പെടെയുള്ള എല്ലാ ഭാഗങ്ങളും. ഒറ്റക്കല്ലിൽ അതായത് കല്ലുകൾ പരസ്പരം കൂട്ടിയോജിപ്പിക്കാതെ നിർമ്മിച്ചവയാണ്.ഇതിലെ ഓരോ തൂണുകളെയും ഓരോ താജ്മഹലിനോട് നമുക്കുപമിക്കാവുന്നവയാണ്.


1682ൽ ഔറംഗസേബ് എന്ന ക്രൂരനായ ഭരണാധികാരി ഇത് പൂർണ്ണമായും തകർത്തു കളയാൻ ഉത്തരവിടുകയും, ആയിരത്തോളം ആൾക്കാർ മൂന്ന് വർഷം തുടർച്ചയായി പരിശ്രമിച്ചിട്ടും ശിൽപ്പങ്ങളിൽ ചിലതിന് കേടുവരുത്താനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ലെന്നും ചരിത്രം പറയുന്നു.


നിരവധി പടയോട്ടങ്ങൾ നടത്തിയും ചതിയിലൂടെയും, അയൽ രാജ്യങ്ങളെ വെട്ടിപ്പിടിച്ച ദുഷ്ടനായ ഔറംഗസേബിന് ഒടുവിൽ തന്റെ ഉദ്യമം ഉപേക്ഷിക്കേണ്ടി വന്നു. ബഹിരാകാശത്ത് നിന്ന് നോക്കിയാൽ
ഭൂമിയിൽ കാണാവുന്ന ചുരുക്കം ചില മനുഷ്യനിർമ്മിതികളിൽ ഒന്നാണ് എല്ലോറയിലെ കൈലാസനാഥ ക്ഷേത്രമെന്നും, ഇതിന്റെ ഏറ്റവും മുകളിലായുള്ള നാല് സിംഹങ്ങൾ, ആന എന്നിവയുടെ രൂപങ്ങൾ, മറ്റ് ഗ്രഹങ്ങളിലേക്ക് സന്ദേശങ്ങളയക്കാനും സ്വീകരിക്കാനു
മുള്ള ചില യന്ത്രസംവിധാനങ്ങളുടെ ഭാഗമായിരുന്നുവെന്നും ചില ഗവേഷകർ കരുതുന്നു. പൗരാണിക ഭാരതീയ ശാസ്ത്ര വിജ്ഞാനത്തിന് മുന്നിൽ ലോകം ശിരസ്സുകുനിക്കേണ്ടിവരുന്നതിന് ഉത്തമോദാഹരണമാണ് എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം.


വിശന്നുവലഞ്ഞവന്റെ മുന്നിൽ വിശിഷ്ട വിഭവങ്ങൾ നിരത്തിയതുപോലെയായിരുന്നു ഞങ്ങളുടെ അവസ്ഥ. ആദ്യം എത്തിച്ചേർന്ന cave 16 ലെ കാഴ്ചകൾ തന്നെ ഞങ്ങളുടെ വയറുനിറച്ചു. അത് കഴിഞ്ഞപ്പോഴാണറിയുന്നത്, ഇതു പോലെ നിരവധിയെണ്ണം ഇനിയും ഞങ്ങളെ കാത്തിരിക്കുന്നുണ്ട് എന്നത്.വെള്ളിത്തിരയിലെ ദൃശ്യവിസ്മയമായിരുന്ന ബാഹുബലി പോലെയുള്ള നൂറ് കണക്കിന് ബ്രഹ്മാണ്ഡ സിനിമകൾ, ഞങ്ങൾക്ക് മുന്നിൽ ഒരേ സമയം പ്രദർശിപ്പിച്ചത് പോലെ എനിക്ക് തോന്നി.ഇനിയുള്ള ഓരോ ഗുഹകളും വൈവിധ്യം നിറഞ്ഞതാണ്.
സംഘത്തിൽ നിന്ന് പിരിഞ്ഞ് ഞാൻ തനിയെ വലതുഭാഗത്തെ ഗുഹകൾ കാണാനായി നടന്നു നീങ്ങി. ഇവിടുത്തെ കാഴ്ചകൾ എത്ര ചുരുക്കിപ്പറഞ്ഞാലും തീരില്ല.

അതുകൊണ്ട് തന്നെ പൊതുവായി കണ്ട ചില കാഴ്ചകൾ മാത്രം പറയാം. ഇവിടേയ്ക്ക് പോകുന്നവർ ഓരോ ഗുഹകളുടെയും പ്രത്യേകതകൾ പഠിച്ചു മനസ്സിലാക്കിയ ശേഷം വരികയാണെങ്കിൽ കാഴ്ചകൾ കൂടുതൽ ആസ്വാദ്യകരമാവും. മിക്കവാറും എല്ലാ ബൗദ്ധഗുഹകളിലും ശ്രീബുദ്ധന്റെ വ്യത്യസ്ത രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഓരോ ഗുഹയും ഒന്നിനൊന്ന് തികച്ചും വ്യത്യസ്തമാണ്. ചിലതിൽ കൊത്തുപണികളോടുകൂടിയ ഭീമാകാരങ്ങളായ നിരവധി തൂണുകളുണ്ട്.കേവ് 10 വിശ്വകർമ്മ കേവ് എന്നറിയപ്പെടുന്നു. രണ്ടുനിലയുള്ള ഈ മന്ദിരത്തിലെ പ്രധാന ഹാളിന് 26 മീറ്റർ നീളവും, 13 മീറ്റർ വീതിയും, 10 മീറ്റർ ഉയരവും, 28 തൂണുകളുമുണ്ട്. കേവ് 11 വലുതും മനോഹരവുമാണ്.
നിരവധി മുറികളോട് കൂടിയ ഒരു മൂന്നുനില മന്ദിരമാണിത്. കേവ് 15 ദശാവതാരകേവ് എന്നറിയപ്പെടുന്നു. ഇവിടെ ശിവനുമായി ബന്ധപ്പെട്ട പല കഥകളും ചിത്രീകരിച്ചിരിക്കുന്നു. പാലി ഭാഷയിലെ ഒരു ലിഖിതവും ഇവിടെ കാണാം




കൈലാസനാഥ ക്ഷേത്രത്തിന് ഇടവും വലവുമായുള്ള ബുദ്ധ ഹിന്ദു ഗുഹാക്ഷേത്രങ്ങൾ കണ്ടശേഷം ഞങ്ങളുടെ കൂട്ടത്തിലുള്ള പലരും ഉച്ചഭക്ഷണത്തിനായി ബസിനടുത്തേക്ക് മടങ്ങി. ഭക്ഷണം കിട്ടിയില്ലെങ്കിലും ഇവിടെ നിന്ന് രണ്ട് കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന ജൈനമത ഗുഹകൾ കൂടി കണ്ടതിനുശേഷമേ മടങ്ങൂ എന്ന് ഞാൻ തീരുമാനിച്ചു. കൂട്ടത്തിലുള്ളവരെ അറിയിക്കാൻ നിൽക്കാതെ ഞാനും സുഹൃത്തായ അനീഷും കൂടി അങ്ങോട്ടേക്ക് സർവ്വീസ് നടത്തുന്ന ബസ്സിൽ ചാടിക്കയറി 30 മുതൽ 34 വരെയുള്ള ഈ ഗുഹാക്ഷേത്രത്തിന് എടുത്തുപറയത്തക്ക പ്രത്യേകതകളൊന്നും കണ്ടില്ല.ജൈനമത വിശ്വാസവുമായി ബന്ധപ്പെട്ട് ഏതാനും ശില്പങ്ങളും കൊത്തുപണികളുമാണ് ഇവിടെയുള്ളത്. ഇവിടുത്തെ കാഴ്ചകൾ കണ്ടശേഷം ബസ്സിന്
സമീപത്തെത്തിയപ്പോൾ കൂടെയുള്ളവരെല്ലാം ഉച്ചഭക്ഷണവും കഴിച്ച് മടക്കയാത്രയ്ക്ക് വേണ്ടി ഞങ്ങളുടെ വരവും കാത്ത് അക്ഷമരായി നിൽക്കുകയായിരുന്നു.ഒരു ടീമായി യാത്ര പോകുമ്പോൾ അംഗങ്ങളെല്ലാവരും ടീം ക്യാപ്റ്റന്റെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടതാണ്.എന്നാൽ 34 ഗുഹകളും ഒരോട്ടപ്രദക്ഷിണത്തിലൂടെയെങ്കിലും കണ്ടു തീർക്കണമെന്ന എന്റെ അമിതാഗ്രഹം മൂലം എനിക്ക് ആ നിയമം തെറ്റിക്കേണ്ടി വന്നു.സഹയാത്രികർക്ക് ഞാൻ മൂലമുണ്ടായ ബുദ്ധിമുട്ടിന് മനസ്സിൽ ക്ഷമ ചോദിച്ചുകൊണ്ട് ഇനി ഒരു തവണ തനിയെ ഇങ്ങോട്ടു വരണമെന്നും ഇവിടെ കുറെ കാലം താമസിച്ച് ഒരു പഠനം തന്നെ നടത്തി മടങ്ങണമെന്നും മനസ്സിലുറപ്പിച്ച് ബസ്സിൽ എനിക്കനുവദിച്ച സീറ്റിൽ കയറിയിരുന്നു.


നൂറ്റാണ്ടുകൾ പഴക്കമുള്ള ഗുഹകളും ചുവർചിത്ര-ശില്പങ്ങളും ഭൂതകാലത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുമ്പോൾ അവിടെയുള്ള ഓരോ അറയിൽ നിന്നും മുഴങ്ങുന്ന ശരണമന്ത്രങ്ങൾ നമ്മെ ആത്മനിർവൃതിയുടെ അനിവാച്യതലങ്ങളിലേക്ക് ഉയർത്തിക്കൊണ്ടു പോയി ആനന്ദസാഗരത്തിൽ ആറാടിക്കും. അജന്തയിലെ 29 ഗുഹാമുഖങ്ങൾക്കും, എല്ലോറയിലെ 34
ഗുഹാകവാടങ്ങൾക്കും നമ്മോട് പറയാനുള്ളത് ഏകദേശം ഒരേ കഥകൾ തന്നെയായിരിക്കുംബോധിസത്വന്റെ ജീവിത സന്ദേശങ്ങളും കഥകളും,മറ്റ് ആചാര്യന്മാർ, വീരൻമാർ,നർത്തകർ,സ്ത്രീ-പുരുഷ രൂപങ്ങൾ, ദേവീദേവന്മാർ അങ്ങനെ നീണ്ടുപോകുന്ന
ശില്പചിത്രങ്ങളെയും, ആകാശം പോലെ പരന്ന് കിടക്കുന്ന ഒരു ക്യാൻവാസിൽ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ് ഇവിടെ. ഈ നിർമ്മാണ വൈദഗ്ദ്യങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ആയിരക്കണക്കിന് വിശ്വകർമ്മജർക്കും അവർക്ക് അകമ്പടിയായി നിന്ന മനുഷ്യപ്രയത്നത്തിനും മുന്നിൽ ശിരസ്സാ പ്രണമിച്ചുകൊണ്ട് ഞാനവിടെ നിന്ന് യാത്രയാവുന്നു. ജീവിതത്തിൽ എന്ത് പ്രതിസന്ധികളും, സമയക്കുറവും ഉണ്ടെങ്കിലും അതൊക്കെ മാറ്റിവെച്ച്, ഒരിക്കലെങ്കിലും നിങ്ങൾ ഓരോരുത്തരും ഇവിടേക്ക് വരിക. നമ്മുടെ നാട്ടിൽ നിന്ന് ഏകദേശം 1200 കിലോമീറ്റർ ദൂരമുണ്ട് ഔറംഗാബാദിലേക്ക്. ഇങ്ങോട്ട് ട്രെയിൻ സർവീസുകൾ ഉണ്ട്.

എഴുത്ത്: സന്തോഷ് നാട്യാഞ്ജലി (9645233189)

കൂടുതൽ യാത്ര വിവരണങ്ങൾ വായിക്കാൻ 

"മിനാരങ്ങളുടെ നാട്ടിലേക്ക്.." ഹൈദ്രാബാദ് യാത്ര

വായിക്കാനായി ലിങ്ക് തുറക്കുക👇

https://www.malayoramflash.com/2021/07/santhosh-natyanjali-hydrabad.html


'മനുഷ്യായുസ്സിൽ ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ടുന്ന മഹാത്ഭുതം-ഹംപി'

വായിക്കാനായി ലിങ്ക് തുറക്കുക👇

https://www.malayoramflash.com/2021/07/hampi-tourisam.html


''സാലഭഞ്ജികമാരുടെ നാട്ടിലേക്ക്.. ''

വായിക്കാനായി ലിങ്ക് തുറക്കുക👇

http://www.malayoramflash.com/2021/07/blog-post_18.html


'ആന്ധ്രപ്രദേശിലെ അനന്തപുര ജില്ലയിലെ ലേപാക്ഷിയിലേക്ക്...'

വായിക്കാനായി ലിങ്ക് തുറക്കുക👇

http://www.malayoramflash.com/2021/07/travel-santhosh.html




















No comments