Breaking News

വാളയാറിൽ ഉദ്യോഗസ്ഥർ കൈക്കൂലിയായി നേടിയത് 1,70,000 രൂപ; സർക്കാരിന് 2,50,050 രൂപ



പാലക്കാട്: വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കൈക്കൂലിയായി പിരിച്ചെടുത്ത 1,70,000 രൂപ കണ്ടെത്തി. ഇന്ന് പുലർച്ചെ നാല് മണിയോടെ നടത്തിയ പരിശോധനയിലാണ് കവറിൽ സൂക്ഷിച്ച പണം ഏജന്റിന് കൈമറാൻ ശ്രമിയ്ക്കുന്നതിനിടെ പിടികൂടിയത്.

സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി എം ഷാജി, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഷബീറലി, ജോസഫ് റോഡിഗ്രസ്, അരുൺകുമാർ, ഓഫീസ് അസിസ്റ്റൻറ് റിഷാദ് എന്നിവർക്കെതിരെ നടപടിയ്ക്ക് വിജിലൻസ് ശുപാർശ ചെയ്തു.

ഇന്നലെ ചെക്ക് പോസ്റ്റിൽ നിന്നും പിഴയിനത്തിലും മറ്റുമായി സർക്കാരിന് ലഭിച്ചത് രണ്ടു ലക്ഷത്തി അമ്പതിനായിരത്തി അൻപത് രൂപയാണ്. എന്നാൽ രാവിലെ 8 മുതൽ പുലർച്ചെ 2 മണി വരെ 1,70,000 രൂപയാണ് കൈക്കൂലിയായി പിരിച്ചെടുത്തതെന്ന് വിജിലൻസ് പറഞ്ഞു.


പിരിച്ചെടുത്ത പണം ലോറി ഡ്രൈവർ മുഖേന പാലക്കാട്ടെ ഏജന്റിന് എത്തിച്ചു നൽകും. ഈ ഏജന്റ് പിന്നീട് ഈ പണം ഉദ്യോഗസ്ഥർക്ക് കൈമാറുകയാണ് ചെയ്യുക. ഇന്ന് നാമക്കലിൽ നിന്നും ലോഡുമായി വന്ന ലോറി ഡ്രൈവർ മോഹന സുന്ദരത്തിന് പണം കൈമാറുമ്പോഴാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.

മുൻപും വാളയാറിൽ വിജിലൻസ് റെയ്ഡ് നടത്തി ലക്ഷങ്ങൾ പിടിച്ചെടുത്തിരുന്നു. ഓരോ തവണയും ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവുമെങ്കിലും പണപ്പിരിവ് വീണ്ടും തുടരുന്ന കാഴ്ചയാണ് ഇവിടെയുള്ളത്.

No comments