എൺപതാം വയസിലും കർമ്മ നിരതൻ വെള്ളരിക്കുണ്ടിലെ പൈ ഡോക്ടറെ ആദരിച്ച് ബളാൽ ഗ്രാമപഞ്ചായത്ത്
വെള്ളരിക്കുണ്ട് : എൺപതാം വയസിലും അതുര ശുശ്രൂഷ രംഗത്ത് ജോലി ചെയ്യുന്ന വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ എ.ആർ. പൈയെ ഡോക്ട്ടേഴ്‌സ് ദിനത്തിൽ ബളാൽ പഞ്ചായത്ത് ആദരിച്ചു.
ആശുപത്രി ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രസിഡന്റ് രാജു കട്ടക്കയം പൈ ഡോക്ടറെ പൊന്നാട അണിയിച്ചു.
കഴിഞ്ഞ നാലു വർഷമായി വെള്ളരിക്കുണ്ടിലെ രോഗികള്‍ക്ക് നിസ്വാര്‍ത്ഥ സേവനം നടത്തിവരുന്ന പൈ ഡോക്ടര്‍ എല്ലാവരുടെയും പ്രിയപ്പെട്ടവനാണ്.
മലയോര പ്രദേശമായ വെള്ളരിക്കുണ്ടിലേക്ക് പിഎസ്‍സി വഴി നിയമനം കിട്ടി ഡോകടർമാർ ആരും വരാത്ത സാഹചര്യത്തിലാണ് പയ്യന്നൂർ സ്വദേശിയായ എ.ആർ പൈ താൽക്കാലിക ഡോക്ടറായി ജോലിക്കെത്തിയത്.
1960ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ ഡോക്ടർ പൈ അതുവരെ പയ്യന്നൂരിൽ സ്വകാര്യ ക്ലിനിക്ക് നടത്തിവരികയായിരുന്നു.
സമയപരിധികളില്ലാതെ രോഗികളെ നോക്കുന്ന പൈ, മലയോരത്തിൻ്റെ പ്രിയപ്പെട്ട ഡോക്ടറാണ്. പ്രായാധിക്യത്തിന്‍റെ അവശത ഉണ്ടെങ്കിലും ജോലിയിൽ ഊർജ്ജസ്വലനായി തിളങ്ങുന്ന പൈ ഡോക്ടർക്കു താങ്ങും തണലുമായി ഭാര്യ മായാ പൈയും വെള്ളരിക്കുണ്ടിലുണ്ട്.
നാലുമക്കളിൽ മൂന്നുപേരും വിദേശത്തായതിനാൽ സ്വവസതിയിലേക്കുള്ള യാത്ര വിരളമാണ്. പിഎസ്‍സി നിയമനത്തിലൂടെ മറ്റൊരു ഡോക്ടര്‍ എന്നു വരുന്നോ അന്നേ താൻ വെള്ളരിക്കുണ്ട് വിട്ടു പോകൂ എന്നാണ് പൈ ഡോക്ടർ പറയുന്നത്.
മെഡിക്കൽ ഓഫീസർ ഡോ. എസ്. എസ്. രാജശ്രീ. ഡോക്ടർമാരായ മനീഷ, രസ്ന ജോസ് എന്നിവരെയും ചടങ്ങിൽ അദരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അജിത് സി.ഫിലിപ്പ്, മെഡിക്കൽ ഓഫീസർ എസ്. എസ്. രാജശ്രീ,ഡോ. മനീഷ, ഡോ. രസ്നജോസ്. ഡോ.എ. ആർ. പൈ എന്നിവർ സംസാരിച്ചു.
No comments